ഉടലില്ലാത്തവരുടെ ലിപി, അരുണ്‍രാജ എഴുതിയ കവിത

By Chilla Lit Space  |  First Published Jun 16, 2021, 7:40 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് അരുണ്‍രാജ എഴുതിയ കവിത


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

Latest Videos

undefined

 

ഇനിയും വയ്യ, മനുഷ്യവെളിച്ചം,
മിഴികള്‍ നോവുന്നു.

ഇരവെങ്കിലുമീ പൊന്തകളേതോ-
വെയിലില്‍ പൊള്ളുന്നു!
ഇടവക്കാറ്റിലുരുണ്ട് പിരണ്ടീ-
വയലുകിടക്കുന്നു.

ഒരുപോളക്കണ്ണടയാതിവിടം
പകല്‍ പോലഞ്ചുന്നു.

ചിലയോര്‍മ്മകളായ് കൊതിയോടീ,യിട-
വഴിയേ,യൊന്നലയാന്‍,
ഗതകാലങ്ങളുറങ്ങും മണ്ണില്‍-
വെറുതെ പോയിവരാന്‍,
ഉടലാണിരു;ളുടലില്ലാത്തവരുടെ-
ലിപിയും, ഉള്‍ത്തുടിയും!

ഇരുളാണാര്‍ദ്രനഭസ്സു,മരൂപിക-
ളുഴറും ഉള്‍ക്കടലും!

അഴകായ് നേര്‍ത്തനിലാവുമിരുട്ടും-
ഇണ ചേര്‍,ന്നിവിടുണരും,
അറിയാപ്പൂക്കളൊരുന്മാദത്തിന്‍-
ലതയില്‍ പൂത്തുലയും!  

പകലില്‍ പൈക്കളലഞ്ഞൊരു മേടൊരു-
നൊടിയില്‍ കാടാകും!

ചില രൂപങ്ങളിരുട്ടില്‍ പായും,
നിലവിളികള്‍ കേള്‍ക്കും.

വലിയ കരിമ്പനകള്‍ മാനത്തിന്‍-
മുകളില്‍ തലനീട്ടും,
ഭ്രമമായ് ചില കാമനകള്‍ വിളിക്കും,
സിരകളിലലതീര്‍ക്കും.

മണിമരുതുകളുടെ നെഞ്ചില്‍ നിന്നൊരു-
കിളിനാദം കേള്‍ക്കും!

നിറയുമപാരത മുഴുവനുമേതോ-
ചിറകടിയും, ചിരിയും!

അറിയാമൊഴികളിലാരോ പുഴയുടെ-
യിടനെഞ്ചില്‍ തേങ്ങും, 
ഭയമുടലില്ലാതെത്തും, കാറ്റില്‍-
മണമായൊഴുകിവരും!

നിഴലുകളേതോ, മൂകതയില്‍ പിന്‍-
തുടരുവതായ് തോന്നും!

പുക പോലാരോ മൂടല്‍ മഞ്ഞില്‍,
വളവുകളില്‍ നില്‍ക്കും!

ഇരു,ളുടലില്ലാത്തവരുടെയേതോ-
സുഖസഞ്ചാരപഥം!

അറിയാഭീതികളാഴ്ന്നുകിടക്കും-
മറ്റൊരു ഭൂഗോളം
ഇവിടീ പാതവിളക്കിന്‍വെട്ടം-
മഴയായ് പെയ്യുന്നു.

ചിറകൂര്‍ന്നേതോ മോഹങ്ങള്‍ വെണ്‍-
മലരായ് കൊഴിയുന്നു.

ഇരവു മരിച്ചു കിഴക്കില്‍ വെള്ള-
പുതച്ചുകിടക്കുന്നു,
ഇലകളിലേതോ കണ്ണീര്‍ തോരാ-
തിനിയും പൊഴിയുന്നു...

click me!