ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് അജേഷ് പി എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
പെരുമഴ ഒഴുകി വന്ന്
ഒരു കുളം നിറയുന്നു.
ആദ്യം കരഞ്ഞു കലങ്ങി
പതിയെ
കണ്ണാടി പോലെ തെളിഞ്ഞ്.
ആദ്യം തേടിയെത്തുക കുഞ്ഞുങ്ങളാണ്
തലകുത്തി മറിഞ്ഞും
നീന്തിയുമവര്‍
കുളത്തെ ജീവന്‍ വെപ്പിക്കും.
മുങ്ങാംകുഴിയിട്ടു ചെന്ന്
കളികൂട്ടുകാരിയെ ഇക്കിളിയിടും
നട്ടുച്ചയുടെ
പായാരം കേട്ട്
തേഞ്ഞു പോയ
അലക്കുക്കല്ലിന്
പേരെടുത്തു പറയാന്‍ കഴിയാത്ത
രഹസ്യതന്ത്രങ്ങളുടെ ഗന്ധങ്ങളില്‍
ജീവന്‍ വെയ്ക്കും
പതം പറച്ചിലുകളില്‍
ഉലഞ്ഞു പോയ
രണ്ടു മൂലവേരുകള്‍
കുളത്തിന്റെ ആഴത്തെ
ഗാഢമായി ചുംബിക്കും,
തുമ്പത്ത് ഒരു വെയില്‍ ചീള്
ഇലകളായി തളിര്‍ക്കും,
വേര്
കൈകള്‍ നീട്ടി
കുളത്തിന്റെ ആഴത്തില്‍
ഉറവയുടെ കണ്ണികളില്‍ ചെന്നു മുട്ടും.
രാത്രിയില്‍
കുളം വീണ്ടും ഏകാന്തമാവും
മിന്നാമിന്നുങ്ങുകളുടെ
വെളിച്ചത്തില്‍
പകലിനെയോര്‍ത്ത്
ഉറവയുടെ കണികയില്‍
നിറഞ്ഞു തുളുമ്പും,
ഒരു വേനല്‍
പൊട്ടിയടരുന്നത് വരെ,
കുളം അനേകം
കഥകള്‍ കേട്ട്
മേഹങ്ങളെ പെറ്റ
ഒരു ജലജീവിയായ് മാറും..
മികച്ച കഥകളും കവിതകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona