ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. അബ്ദുള്ള പേരാമ്പ്ര എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
undefined
ഭൂമിയുപേക്ഷിച്ച്
മേലോട്ടു പോയതോ
അതോ
ആകാശം വിട്ടിറങ്ങി വന്നതോ,
മരക്കൊമ്പുകള്‍ക്കിടയില്‍ മയങ്ങും
ഈ ഏറുമാടം?
വേട്ടക്കിറങ്ങും നരിയെ പേടിച്ച്
എപ്പോള്‍ വേണമെങ്കിലും പറക്കാന്‍ പാങ്ങില്‍
ജാഗ്രത കൊള്ളും പറവയായ്
മരത്തെ പുണര്‍ന്നു കിടക്കുന്നു, അത്.
രാത്രിയെ
ഒരു പന്തായുരുട്ടിക്കളിക്കും
ക്രൗര്യത്തിന്റെ മുരള്‍ച്ചകള്‍ക്ക്
ചെവി വട്ടം പിടിക്കുന്നു,
അടഞ്ഞ വാതിലുകള്‍.
പടവുകള്‍ കയറി
ഉമ്മറത്തിരിക്കാന്‍ കൊതിച്ച്
ഓടിയെത്തുന്ന കാറ്റിന്
കുട പിടിക്കുന്നു,
ഇല ഞരമ്പുകള്‍.
അകത്താരോ
ബോധം കെട്ടുറങ്ങുന്നു.
പുറത്താരോ
ചൂളം കുത്തി ഉലാത്തുന്നു.
പുലര്‍ച്ചെ,
കോടമഞ്ഞുണരും മുമ്പ്
വീട് വിട്ടിറങ്ങുന്നു,
സ്വപ്നങ്ങള്‍ കനം തൂങ്ങും കണ്ണുകള്‍.
തിരിച്ചു വരുംവരെ
വഴിക്കണ്ണുമായ്
നിദ്ര വെടിഞ്ഞിരിക്കും
മരക്കൊമ്പില്‍ വീട്.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...