ചുവന്ന തെരുവ്, അതുല്‍ തേവന്നൂര്‍ എഴുതിയ കഥ

By Web Team  |  First Published Aug 22, 2021, 6:28 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  അതുല്‍ തേവന്നൂര്‍ എഴുതിയ കഥ


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.


Latest Videos

undefined

 

ഇരുണ്ടൊരു വേനലിനപ്പുറമാണ് അവനവളെ കണ്ടത്.

വെയിലകന്നൊരു ഏപ്രില്‍ മാസത്തിലെ അതിസുന്ദരമായൊരു വൈകുന്നേരത്ത്. ആള്‍ത്തിരക്കേതുമില്ലാത്തൊരു പട്ടണത്തെരുവിലെ, പൊടിപിടിച്ചനാഥമായിക്കിടന്നിരുന്ന ഒരു പീടികയ്ക്ക് മുന്നില്‍.

തിളങ്ങുന്ന ചുവന്ന ഷിഫോണ്‍ സാരിയും, മുടി നിറയെ മുല്ലപ്പൂക്കളും, ലിപ്സ്റ്റിക്കിട്ട് ചുവപ്പിച്ച ചുണ്ടുകളുമായി ഒരൊറ്റ രാത്രിയിലേക്കോ, ഏറിയാല്‍ നാളെ ഒരു പകലിലേക്കോ മാത്രമുള്ള കാമുകനെയും കാത്ത് അവള്‍ നില്‍ക്കുന്നു.

വര്‍ഷങ്ങളൊരുപാട് മുന്നോട്ട് പോയിരിക്കുന്നു. എണ്ണമില്ലാത്തത്ര പകലുകളും, രാത്രികളും, മഴയും, വെയിലും, കാറ്റും, തിരമാലകളുമെല്ലാം ലോകം കണ്ട് മടങ്ങിപ്പോയിരിക്കുന്നു. പക്ഷെ... അവള്‍ക്കിപ്പോഴും വലിയ മാറ്റങ്ങളൊന്നുമില്ല. 

എന്താണവളോട് പറയേണ്ടതെന്ന് അവനറിയില്ലായിരുന്നു. ഒരുപാടെഴുതുകയും, ഹൃദയം മുഴുവന്‍ കഥകളും, കവിതകളും, ക്ലാസ്സിക്കുകളും നിറഞ്ഞൊരുറവയായി സ്വയം പരിവര്‍ത്തനപ്പെടുത്തുകയും ചെയ്ത അവന്റെ തലച്ചോറിന് നിമിഷങ്ങളോളം വാക്കുകള്‍ക്കായി പരതേണ്ടി വന്നു.

ചുണ്ടില്‍ പുകഞ്ഞില്ലാതായിക്കൊണ്ടിരുന്ന ഫില്‍ട്ടര്‍ കിംഗ് സിഗരറ്റിനും, അല്‍പ്പം മുന്‍പ് എണ്ണമില്ലാതെ അകത്താക്കിയ വൈറ്റ് ഹാള്‍ വിസ്‌കിക്കും അവനെ ധൈര്യപ്പെടുത്താനുള്ള  കഴിവില്ലായിരുന്നു എന്നതാണ് വാസ്തവം. പുറത്തു ചാടി പ്രളയമായൊഴുകാനാകാതെ വാക്കുകള്‍ അവന്റെ തൊണ്ടയില്‍ കുടുങ്ങിക്കിടന്നു. ഉള്ളിലെവിടെയോ രക്തം പൊടിയുന്ന വേദന. ഈയൊരു നിമിഷത്തിനു വേണ്ടിയാണ് എല്ലാ ദുരിതങ്ങളും, അപമാനങ്ങളും സഹിച്ച് താനിത്രയും കാലം ജീവിച്ചിരുന്നതെന്ന ചിന്ത പോലും അവനില്‍ നിന്നകന്നു. 

ഓര്‍മ്മകള്‍ക്കൊരിക്കലും മരിക്കാനാകില്ലെന്ന് മറ്റാരേക്കാളും നന്നായി അവനറിയാം. അതില്‍ അത്ഭുതപ്പെടത്തക്കതായി യാതൊന്നുമില്ല. അങ്ങനെ ഓര്‍മ്മകള്‍ക്ക് മരണമുണ്ടായിരുന്നെങ്കില്‍, അവനും എന്നേ മരിക്കേണ്ടവനാണ്. 

ഒരു പഴയ എന്‍ഫീല്‍ഡ് ബുള്ളറ്റ്, കറുത്ത പൊടിക്കാറ്റുയര്‍ത്തിക്കൊണ്ട് അവനു മുന്നിലൂടെ കടന്നു പോയി. ഓര്‍മ്മകള്‍ ഒരു മഹാ പ്രളയം പോലെ കുത്തിയൊഴുകുമ്പോഴും അവനാ ബുള്ളറ്റ് ശ്രദ്ധിച്ചു.

എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാട്ടില്‍ ആദ്യമായൊരു ബുള്ളറ്റ് ഓടിച്ചത് താന്‍ ആയിരുന്നു. ആ ബുള്ളറ്റിന്റെ പിറകില്‍ ആദ്യമായിരുന്ന പെണ്‍കുട്ടിയെ തേടിയാണ് താനിന്ന് എത്തിയിരിക്കുന്നത്. 

അവള്‍ അവനെ കണ്ടു. സംശയം കൊണ്ടാകണം, അവള്‍ കുറച്ചധിക നേരം അവനെ നോക്കി നിന്നു. തന്റെ ഏറ്റവും പ്രിയപ്പെട്ട ആ സുഹൃത്തിനെ തിരിച്ചറിയാന്‍ അവള്‍ കുറച്ചധികം പ്രയാസ്സപ്പെട്ടു. ആദ്യമവള്‍ കരുതിയത്, ഇന്ന് രാത്രിയിലേക്കുള്ള തന്റെ കാമുകനാണെന്നാണ്. പക്ഷെ, വാക്കുകളൊന്നും കൂടാതെ തന്നെ അവന്റെ കണ്ണുകളില്‍ നിന്നും അവളാ പഴയ ചങ്ങാതിയെ തിരിച്ചറിഞ്ഞു.

'ഹേമേ...' സംഗീതം പോലെയായിരുന്നു ആ വിളി.

താന്‍ സ്വപ്നം കാണുകയാണോ? അവള്‍ അമ്പരന്നു. ഈ നിമിഷത്തില്‍ ഭൂമി പിളര്‍ന്ന് താഴേക്ക് പോയിരുന്നെങ്കിലെന്ന് അവന്‍ ആശിച്ചു.

കണ്ണുകളിലൂടെ, കണ്ണീരുകളിലൂടെ അവര്‍ സംസാരിച്ചു തുടങ്ങി. 

'എന്നെ മനസ്സിലായോ ?', അവന്‍ ചോദിച്ചു. 

'ഉം... '

'ഞാനിനി ഒരിക്കലും തന്നെത്തേടി വരില്ലെന്ന് കരുതിയോ?'

'കരുതിയില്ല എന്ന് പറഞ്ഞാല്‍ അത് കള്ളമാകും'

പിന്നെയവനോ, അവളോ പരസ്പരം ഒന്നും ചോദിച്ചില്ല. 

കുറേ ദൂരം ആ തെരുവിലൂടെ അവരിരുവരും ഒരുമിച്ചു നടന്നു. യാതൊന്നും മിണ്ടാതെ തന്നെ. പക്ഷെ, ആ മൗനങ്ങള്‍ക്കിടയില്‍ പരസ്പരം അവരിരുവര്‍ക്കും മാത്രം കേള്‍ക്കാനും, അനുഭവിക്കാനും കഴിയുന്ന വലിയ കടലിരമ്പങ്ങളുണ്ടായിരുന്നു. ഒരായുസ്സ് മുഴുവന്‍ കടം പറഞ്ഞു പോയ പ്രണയമുണ്ടായിരുന്നു. നഷ്ടങ്ങളുണ്ടായിരുന്നു. 

ആ തെരുവവസാനിച്ചത് ഇരുട്ടിലായിരുന്നു. 

അകലെ... ഒരുപാടകലെ, വലിയ കെട്ടിടങ്ങളില്‍ നിന്നും ചെറിയ വെളിച്ചങ്ങള്‍ പ്രവഹിച്ചു കൊണ്ടേയിരുന്നു.

അവരിരുവരും നഗ്‌നയായ ഒരു മരത്തിന് ചുവട്ടിലിരുന്നു.

തങ്ങളില്‍ മുഖം കാണാനാകാത്തത്ര ഇരുട്ട് അവരെ വിഴുങ്ങിയിരുന്നു. 

'നമ്മള്‍ രണ്ടു പേരും മരിച്ചു പോയി എന്ന വിശ്വാസത്തില്‍ ജീവിക്കുകയായിരുന്നു, ഇത്രയും നാളും. വെറുതെ എന്തിനു വേണ്ടിയാണ് എന്നെത്തേടി ഇവിടെ വരെയെത്തിയത്? '

'എനിക്കറിയില്ല '

'അതെന്ത്...? '

'ഒന്നു കാണണമായിരുന്നു '

'എന്തിന്..? '

'വെറുതെ... പണ്ടെപ്പഴോ ഒരുപാട് തവണ പറയാനാഗ്രഹിച്ച ചിലത്, മരിക്കുന്നതിന് മുമ്പ് എങ്കിലും തന്നോട് പറയണമെന്ന് തോന്നി...'

'ഞാനിപ്പോള്‍ ജീവിക്കാന്‍ വേണ്ടി സ്വന്തം ശരീരം വില്‍ക്കുന്ന ഒരുവളാണ്. ആര്‍ക്കും മുന്നിലും തുണിയഴിക്കാന്‍ യാതൊരു മടിയുമില്ലാത്തവള്‍... വെറുതെ എന്തിന്? '

ആ ചോദ്യം അവന്‍ കേട്ടില്ലെന്ന് വെച്ചു.

'പണ്ട് കാണാനായി ഞാന്‍ ആല്‍ത്തറയ്ക്ക് അടുത്ത് കാത്ത് നിന്നിരുന്നത് ഓര്‍മ്മയുണ്ടോ?' അവന്‍ തിരിച്ചു ചോദിച്ചു. 

'ഇല്ലെന്ന് പറഞ്ഞാല്‍ അതും കള്ളമാകില്ലേ?' 

കോളേജിലെ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് വിദേശത്തേക്ക് യാത്രയായത് , ഒരുവള്‍ക്കൊപ്പം കണ്ട കിനാവുകളെ മുഴുവന്‍ ഓര്‍മ്മകളാക്കി കുഴിച്ചു മൂടിയത്. അമ്മയും, കൂടപ്പിറപ്പുകളും ജീവിച്ചിരിക്കാന്‍ വേണ്ടി മാത്രമായിരുന്നു. എവിടേക്കെന്നില്ലാതെ ലോകത്തിന്റെ അങ്ങേയറ്റം വരെ സഞ്ചരിച്ചു. ഒരുപാട് തരം മനുഷ്യരെ കണ്ടു. ഒരുപാട് രാത്രികളില്‍ പട്ടിണികിടന്നു. പല ശരീരങ്ങളുടെ  കൈക്കരുത്തറിഞ്ഞു. ജയില്‍ മുറികള്‍ക്കുള്ളിലെ കനത്ത ഇരുട്ടുകളില്‍, സ്വന്തം നിസ്സഹായതയെ കുറിച്ചോര്‍ത്ത് കിട്ടിയ അവസരങ്ങളിലെല്ലാം മരിക്കാന്‍ ശ്രമിച്ചു. പക്ഷെ, അവിടെയും കാലമെന്നെ തോല്‍പ്പിച്ചു കൊണ്ടേയിരുന്നു. 

മനുഷ്യന്റെ എല്ലാ വിശ്വാസങ്ങളും സ്വകാര്യതകള്‍ മാത്രമാണെന്ന് കറുത്ത ലോകംപഠിപ്പിച്ചു. ഒരുമിച്ചുണ്ടായിരുന്ന ദിനങ്ങളില്‍ ഒരുപാട് ചിരിച്ചിരുന്നതിനാലാകണം, അവളെക്കുറിച്ചോര്‍ത്തിരുന്നപ്പോഴെല്ലാം ഞാന്‍ ഒരുപാട് കരഞ്ഞിരുന്നു. എത്രയോ രാത്രികളില്‍ എന്റെ ഹൃദയത്തെ അതി ക്രൂരമായി മുറിപ്പെടുത്തിയിരുന്നവളാണ് ഇന്ന് നിസ്സംഗമായ മനസ്സോടെ എനിക്കരികിലിരിക്കുന്നത്. 

നീണ്ട ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍. കൃത്യമായി പറഞ്ഞാല്‍, തന്റെ ഇത്രയും നാളത്തെ ജീവിതത്തിന്റെ പകുതി. ഇനി വയ്യ. ഒരുപാട് കഷ്ട്ടപ്പെട്ടിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. ഇനി ഒപ്പം ജീവിക്കണം.

ഈ ലോകം വൃത്തികെട്ടതാണ്. അതിജീവനത്തിനായി പോരാടുന്നവന്റെ അവസാന തുള്ളി ചോരയും ഊറ്റിക്കുടിക്കാന്‍ യാതൊരു മടിയുമില്ലാത്ത പിശാചുക്കളുടെ ലോകം. പിരിയാനിടയില്ലാത്ത രണ്ടു മനുഷ്യര്‍ക്ക്  ഒരിക്കലും കണ്ടുമുട്ടാന്‍ കഴിയാത്തിടം. ഇരുട്ടുകൊണ്ട് സുര്യനെ പോലും മറയ്ക്കുന്ന മനുഷ്യരുടെ ചുവന്ന തെരുവാണിത്. 

ഇനി നല്ല സ്വപ്നങ്ങളാണ് ബാക്കിയുള്ളത്.

അവന്‍ അവളുടെ വരണ്ടുണങ്ങിയ കയ്യില്‍ മുറുകെ പിടിച്ചു.

അതിനു ശേഷം, ആ രണ്ടു ശരീരങ്ങളെ ലോകത്ത് മറ്റാരും കണ്ടിട്ടില്ല. 

click me!