ചുംബനം

By Chilla Lit Space  |  First Published Aug 11, 2021, 5:47 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  നജിം കൊച്ചുകലുങ്ക് എഴുതിയ 2 മിനിക്കഥകള്‍


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.


Latest Videos

undefined

 

ചുംബനം

അവര്‍ വെറുക്കുന്ന ബഹളം അന്നും അയല്‍പക്കത്ത് നിന്നുയര്‍ന്നു.

'നോക്കൂ, അയാള്‍ ഇന്നും കുടിച്ചു. ആ സ്ത്രീക്കൊന്നു അടങ്ങിയിരുന്നുകൂടെ. എങ്കില്‍ അയാള്‍ ഇങ്ങനെ ഒച്ചയെടുക്കില്ലായിരുന്നു.'

അദ്ദേഹം വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കിവെച്ച് ഭാര്യ നില്‍ക്കുന്ന മുറിയിലേക്ക് നോക്കി.

'എത്ര ഉപദേശിച്ചിട്ടും കാര്യമില്ല' 

ഭാര്യ വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടു. 'കുടിക്കാതെയും പെണ്ണുമ്പിള്ളയെ തല്ലാതെയും അയാള്‍ക്കും ഒച്ചയെടുക്കാതെയും തല്ല് കൊള്ളാതെയും അവള്‍ക്കും ഉറങ്ങാന്‍ കഴിയില്ലെന്നായിരിക്കും. ഓരോ നശിച്ച ശീലങ്ങള്‍! ഞാനോര്‍ക്കുന്നത് ആ കുട്ടികളുടെ കാര്യമാണ്. പാവം കുട്ടികള്‍'

'എന്നാലും കഷ്ടം തന്നെ. പകലന്തിയോളം അധ്വാനിക്കുക. ചോരയും നീരും വിഷമാക്കി വെളിവുകെടുത്തുന്ന ദ്രാവകം മോന്തിയിട്ട് വന്ന് സ്വന്തം വീട്ടിലെ മാത്രമല്ല അയല്‍പക്കക്കാരുടെയും സ്വസ്ഥത കെടുത്തുക. ഹോ... എന്തൊരു വലിയ നഷ്ടത്തിലാണ് അവര്‍! ഇഹലോകവുമില്ല, പരലോകവുമില്ല, ആകെ നഷ്ടം'

അധ്യാപക ദമ്പതികളായ അദ്ദേഹവും ഭാര്യയും ആത്മീയതയും സാമൂഹിക സേവനവും സമം ചേര്‍ത്ത് പ്രവര്‍ത്തിക്കുന്ന ഒരു ധാര്‍മിക സംഘടനയിലെ മുന്‍നിര പ്രവര്‍ത്തകരാണ്. ആയതിനാല്‍ സമൂഹത്തിന്റെ ബഹുമാന്യതയും മതിപ്പും സമ്പാദിച്ചവര്‍. മാതൃകാദമ്പതികളും അധ്യാപകരുമെന്ന നിലയില്‍ പുകള്‍പെറ്റവരും.

മദ്യവും സൈ്വരക്കേടും കൂടിക്കുഴഞ്ഞ് മണക്കുന്ന അയല്‍പക്കത്തെ വീടിനെ സൈ്വരക്കേടായല്ല, കര്‍മലക്ഷ്യങ്ങളിലൊന്നായാണ് അവര്‍ കണ്ടത്.

അടുത്ത കാലത്താണ് ദമ്പതികള്‍ അവിടെ വീട് വാങ്ങി സ്ഥിരതാമസമാക്കിയത്. അറിയുന്നവരില്‍ പലരും ഓര്‍മിപ്പിച്ചു. ''സ്ഥലം തെരഞ്ഞെടുത്തതില്‍ പിഴവ് പറ്റിയോ? അടുത്ത് ഒരു മുഴുക്കുടിയന്റ വീടുണ്ട്. സൈ്വര്യക്കേടു വരും.''

സമൂഹത്തെ നേര്‍വഴിക്ക് നയിക്കാന്‍ ദൈവമാര്‍ഗത്തില്‍ ഇറങ്ങിത്തിരിച്ചവര്‍ക്ക് അങ്ങനെയൊന്നും തോന്നാന്‍ പാടില്ലെന്ന് അവര്‍ക്കറിയാം. ശരിയായ വഴി കാട്ടി കൊടുക്കുകയാണ് കൂട്ടം തെറ്റിയ കുഞ്ഞാടുകള്‍ മുന്നില്‍ പെട്ടാല്‍ വേണ്ടത്. അതവര്‍ക്ക് ദൈവം നിശ്ചയിച്ചുകൊടുത്ത നിമിത്തമാണെന്ന് തന്നെ കരുതി.

എങ്കിലും പലവിധ തിരക്കുകള്‍ക്കിടയില്‍ കുടിയന്‍ കുടുംബത്തെ നേര്‍വഴിക്ക് നയിക്കാനുള്ള ഉപദേശ പണി തുടങ്ങാന്‍ മാത്രം അവര്‍ക്ക് സമയം കിട്ടിയില്ല.

''ഏതായാലും നീ നാളെ തന്നെ ആ സ്ത്രീയെ ഒന്ന് ഉപദേശിക്ക്, അവരടങ്ങിയാല്‍ തന്നെ സമാധാനമുണ്ടാകും. നല്ല ജീവതത്തിന്റെ രുചി അവരും അറിയട്ടെ'' എന്ന് ഭാര്യയെ ഉപദേശിച്ചാണ് അന്ന് പുസ്തകം മടക്കിവെച്ച് അദ്ദേഹം ഉറക്കറയിലേക്ക് പോയത്.

സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം അവിടെ പോകാം എന്ന് സ്വയം നിശ്ചയിച്ച് ഭാര്യയും പിന്നാലെ നടന്നു. 

അടുത്തയാഴ്ച സംഘടനയുടെ വാരാന്ത്യയോഗത്തില്‍ വെയ്ക്കാനുള്ള വ്യക്തിഗത പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ 'സാമൂഹിക സേവനം' എന്ന കോളം നിറയ്ക്കാനുള്ളത് ആവുമല്ലോ എന്ന് തലയിണ തട്ടിക്കുടഞ്ഞ് അതില്‍ തല വെക്കുമ്പോള്‍ അവര്‍ ആലോചിക്കുകയും ചെയ്തു.

പിറ്റേന്ന് സ്‌കൂളില്‍ നിന്നെത്തി ഒന്ന് വിശ്രമിച്ച ശേഷം ടീച്ചര്‍ അടുത്ത വീട്ടിലേക്ക് നടന്നു. ആ വീട്ടിലെ രണ്ടാണ്‍കുട്ടികള്‍ എതിരില്‍ നിന്ന് വന്നു. അമ്മ വീട്ടിലുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ട് എന്ന് തലയാട്ടി കൈകളിലെ സാങ്കല്‍പിക സ്റ്റിയറിങ്ങ് തിരിച്ച് വിറപ്പിച്ചുകൊണ്ടിരുന്ന ചുണ്ടുകള്‍ കൊണ്ട് പീപ്പി ശബ്ദം കേള്‍പ്പിച്ച് ആ കുട്ടികള്‍ അവരെ കടന്ന് പാഞ്ഞുപോയി.

വാതിലുകള്‍ തുറന്ന് കിടന്നിരുന്നെങ്കിലും ഗൃഹനാഥയെ പുറത്തെങ്ങും കണ്ടില്ല. ആളനക്കമുള്ളതായി തോന്നിയില്ല. മുരടനക്കി മുറ്റത്ത് അല്‍പനേരം നിന്നിട്ടും അകത്ത് നിന്ന് പ്രതികരണമില്ലാതായപ്പോള്‍ തുറന്നുകിടന്ന വാതിലില്‍ വിരലുകള്‍ കൊണ്ട് ചെറുതായൊന്ന് ഞൊട്ടി അകത്തേക്ക് കയറി. ആദ്യ രണ്ട് മുറിയിലും ആരെയും കണ്ടില്ല. അടുക്കളയിലേക്ക് തുറക്കുന്ന ഇടനാഴിയില്‍ പെട്ടെന്നാണ് നിഴലുകള്‍ ഇളകിയത്. ടീച്ചറൊന്ന് നടുങ്ങി. 

പിന്നെ വല്ലാതായി. അത് അവരായിരുന്നു. 

ഭാര്യയും ഭര്‍ത്താവും പരസ്പരം കെട്ടിപ്പുണര്‍ന്നു നില്‍ക്കുന്നു. ട

ടീച്ചര്‍ വേഗം തിരിഞ്ഞുനടന്നു. വീട്ടിലേക്കുള്ള മടക്കം സ്വയം അറിയാതെ സംഭവിക്കുകയാണെന്ന് തോന്നി. ഏതോ ലോകത്ത് എത്തിയത് പോലെ.

രാത്രിയില്‍ ദിനചര്യകളുടെ പതിവ് വിലയിരുത്തലുകള്‍ക്കിടയില്‍ അദ്ദേഹം ചോദിച്ചു.

''ഇന്ന് നീ അവിടെ പോയിരുന്നോ? ആ സ്ത്രീയെ ഉപദേശിച്ചോ?''

വൈകീട്ടത്തെ അകപ്പെടലിലെ അജ്ഞാത ലോകത്ത് നിന്ന് അപ്പോഴും വിമുക്തി നേടാതിരുന്ന അവരുടെ മറുപടി, പക്ഷേ പെട്ടെന്നായിരുന്നു.

''അവരെ ഉപദേശിച്ച് നന്നാക്കാനുണ്ടെന്ന് തോന്നിയില്ല. ഒരു നഷ്ടത്തിലുമല്ല ആ ദമ്പതികള്‍. അയാള്‍ക്ക് സ്വന്തം ഭാര്യയെ മനോഹരമായി ചുംബിക്കാനറിയാം''

 

മല്‍ഫി

പലവഴിക്ക് ചിതറിപ്പോയവരെ ചിരകാല സൗഹൃദം പെറുക്കി കൂട്ടി വീണ്ടും ഗ്രാമത്തിലെത്തിച്ചതായിരുന്നു. ഉപജീവന മാര്‍ഗം തേടി പലനാടുകളിലേക്ക് ചിന്നിയ ചങ്ങാതിമാര്‍. ഒരേ നാട്ടില്‍ ഒരുമിച്ച് വളര്‍ന്നവര്‍. ഫേസ്ബുക്കിലെ ഒരു അന്തി ചര്‍ച്ചക്കിടെ പെട്ടെന്നുയര്‍ന്ന് വന്നതാണ് ആശയം. വളരെ പണിപ്പെട്ടിട്ടാണെങ്കിലും വ്യത്യസ്തമായ അവധിക്കാലങ്ങള്‍ ഒരേ കാലയളവിലാക്കി 'ഇത്തവണ ഓണം നമ്മള്‍ ഒരുമിച്ചുണ്ണും' എന്ന ടാഗ് ലൈനില്‍ എല്ലാവരും നാട്ടിലെത്തി.

അവരുടെ വായനശാല അവിടെ തന്നെയുണ്ടായിരുന്നു. അവര്‍ നാടിന്റെ നടത്തിപ്പുകാരായിരുന്ന കാലത്ത് മൂക്കളയൊലിപ്പിച്ച് നടന്ന പയ്യന്മാരാണ് ഇന്നതിന്റെ കൈകാര്യകര്‍ത്താക്കളെന്ന് മാത്രം. വായനശാലയുടെ ആഭിമുഖ്യത്തില്‍ ഇത്തവണയും ഓണാഘോഷമുണ്ട്. എല്ലാം തങ്ങളുടെ പ്രതാപകാലത്തിലേത് പോലെ തന്നെ.

നാടാകെ മാറിപ്പോയെന്നും എല്ലാ തനിമയും പുതിയ കാലത്തിന്റെ കടലെടുത്തെന്നുമുള്ള പരിഭവം മലയാളിയുടെ ഗൃഹാതുര പൊങ്ങച്ചം മാത്രമാണെന്ന് അവര്‍ക്ക് മനസിലായി. ചെറുപ്പകാലം കടന്നുപോയ നാട്ടിടവഴികളില്‍ വീണ്ടും കൂട്ടം ചേര്‍ന്ന് നടന്നപ്പോള്‍ ഇടയ്‌ക്കൊക്കെ ഒറ്റക്ക് വന്നു തിരിച്ചുപോയ അവധിക്കാലങ്ങളിലൊന്നും ഇതൊന്നും കാണാന്‍ കഴിയാഞ്ഞതിനെ കുറിച്ചോര്‍ത്തു സങ്കടപ്പെട്ടു. നാടൊന്നും പഴയ പോലല്ലെന്ന് തിരികെ ചെന്ന് പ്രവാസി സുഹൃത്തുക്കള്‍ക്കിടയില്‍ വിലപിച്ചതോര്‍ത്തപ്പോള്‍ ലജ്ജ തോന്നി.

ഉറക്കെയുള്ള കൂട്ടച്ചിരി കേട്ട് അടുത്ത വീട്ടില്‍ നിന്ന് ഒരു ചാവാലി പട്ടി ഓടി വഴിയിലേക്കിറങ്ങി നോക്കി നിന്നിട്ട് തിരിച്ചോടിപ്പോയി. അതും പണ്ടത്തെ കാഴ്ച തന്നെ.

കവലയിലെ ഇപ്പോഴും ഒരു മാറ്റവുമില്ലാത്ത കലുങ്കിന്റെ മുകളില്‍ പോയി ഇരുന്ന് പണ്ട് അവിടെയിരുന്ന് റോഡിലൂടെ പോയിരുന്ന ബസുകളിലേക്ക് നോക്കി പ്രണയത്തിന്റെ ബഹുമുഖ ശരങ്ങള്‍ എയ്തുവിട്ടിരുന്നത് ഓര്‍ത്തപ്പോള്‍ ഹൃദയങ്ങള്‍ ചെറിപ്പഴങ്ങളായി.

കാടിനോട് ചേര്‍ന്ന അമ്പല മൈതാനിയിലെ മരത്തറയില്‍ വീണ്ടും ചേര്‍ന്നിരുന്നപ്പോള്‍ ജീവിതം പുതുലഹരികളെ തിരിച്ചറിഞ്ഞ ആയിരം ശിവരാത്രികളിലെ വെടിക്കെട്ട് ഓര്‍മയില്‍ മുഴങ്ങി. ഓരോരുത്തര്‍ക്കും ഓണപ്പായസം പോലെ പങ്കുവെക്കാന്‍ മധുരമുള്ള ഓര്‍മകള്‍ ഒരുപാടുണ്ടായിരുന്നു.

''നമ്മുടെ കളഞ്ഞുപോയ ജീവിതം തിരിച്ചുകിട്ടിയെടാ'' എന്ന് പരസ്പരം പുണര്‍ന്ന് ആര്‍ത്തുവിളിച്ചു.

അപ്പോഴാണ് അയാള്‍ വന്നത്. അയാള്‍ എന്നും ഒറ്റയാനായിരുന്നു. കാലത്തിന്റെ പിറകെ ഏതോ നാട്ടില്‍ അവരെ പോലെ ജീവിതം തെരഞ്ഞുപോയ അയാളും ഈ ഓണത്തിന് നാട്ടിലത്തെിയെന്നറിഞ്ഞത് അപ്പോള്‍ അവിടെ കണ്ടപ്പോഴായിരുന്നു.

''എല്ലാവരുമുണ്ടല്ലോ!'' എന്ന് പതിവില്ലാത്ത വിധം അയാള്‍ അടുപ്പം കാണിക്കുന്നത് കണ്ടപ്പോള്‍ അത്ഭുതം തോന്നി. 

എല്ലാവരേയും ഹസ്തദാനം ചെയ്ത് അവന്‍ പറഞ്ഞു: ''ഇക്കാലത്ത് ഇങ്ങിനൊരു കാഴ്ച കാണാന്‍ കിട്ടില്ല. ഒരു 'മല്‍ഫി'യെടുക്കാം. ഫേസ്ബുക്കിലിട്ടാല്‍ നന്നായി ഓടും.''

''മല്‍ഫിയോ'' അവര്‍ ഒറ്റസ്വരത്തില്‍ ചോദിച്ചുപോയി. ''അതെന്താണെന്ന് പറയാം. ആദ്യം ഇതെടുക്കാം''. മൊബൈല്‍ കാമറ ശരിയാക്കി എല്ലാവരുടേയും മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ഒരുങ്ങുന്നതിനിടയില്‍ അവന്‍ പറഞ്ഞു.

''മല്‍ഫി'യെന്ന് പറഞ്ഞാല്‍ 'മതേതര സെല്‍ഫി'. ഹിന്ദുവും മുസ്ലിമും കൃസ്ത്യാനിയുമൊക്കെ ഇങ്ങിനെ ചേര്‍ന്നിരിക്കുന്ന കാഴ്ച ഇന്നത്തെ കാലത്ത് കിട്ടുമോ?'' ഫോട്ടോയെടുത്ത് തിരിഞ്ഞ അവന്‍ പറഞ്ഞു.

ആ പറഞ്ഞതിനെക്കാള്‍ ലാഘവത്തോടെ ഫോട്ടോ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്യാന്‍ അവന്‍ ശ്രമിക്കവേ, അവര്‍ നിശബ്ദരായി. തങ്ങള്‍ക്കിടയില്‍ മതിലുകള്‍ പൊടുന്നനെ ഉയര്‍ന്നുവന്നതുപോലെ അവര്‍ക്ക് വീര്‍പ്പുമുട്ടി. പരസ്പരം നോക്കാനാവാതെ, പിരിമുറുക്കത്തിന് അയവുവരുത്താന്‍ മറ്റൊരു വിഷയവും കിട്ടാതെ അവര്‍ നിസഹായരായി.

click me!