World Mental Health Day 2022 : തോല്‍ക്കാതെ തുടരുന്ന പോരാട്ടം; ശ്രീഗീതയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്...

By Web Team  |  First Published Oct 10, 2022, 5:50 AM IST

വിവാഹം കഴിഞ്ഞ് ആദ്യദിവസങ്ങളില്‍ തന്നെ ഭര്‍ത്താവിന്‍റെ സ്വഭാവത്തിലെ അസാധാരണത്വം ശ്രീഗീത തിരിച്ചറിഞ്ഞു. എളുപ്പത്തില്‍ മാറിമറിയുന്ന അദ്ദേഹത്തിന്‍റെ മാനസികാവസ്ഥയായിരുന്നു ശ്രീഗീതയെ പ്രധാനമായും കുഴപ്പിച്ചത്. എപ്പോഴാണ് പൊട്ടിത്തെറിക്കുകയെന്ന് പറയാൻ വയ്യാത്ത തരത്തിലുള്ള സ്വഭാവം. വിഷാദത്തിന്‍റെ വികൃതികളാകാം എല്ലാം എന്ന് മനസിലുറപ്പിച്ചു. പ്രശ്നങ്ങളില്ലാത്ത സമയത്ത് സ്നേഹപൂര്‍വമായിരുന്നു പെരുമാറ്റം. എങ്കിലും എപ്പോള്‍ വേണമെങ്കിലും മുങ്ങിപ്പോകാവുന്ന, ആടിയുലയുന്ന വഞ്ചിയില്‍ യാത്ര ചെയ്യും പോലെ അനിശ്ചിതമായി ദിവസങ്ങള്‍.


ജീവിതം പലപ്പോഴും നമുക്കായി കാത്തുവയ്ക്കുന്നത് എന്തെല്ലാമാണെന്ന് ഒരിക്കലും പ്രവചിക്കുക സാധ്യമല്ല. വിജയ-പരാജയങ്ങള്‍, പ്രതിസന്ധികള്‍, വെല്ലുവിളികള്‍.... അങ്ങനെ അപ്രതീക്ഷിതമായി നമ്മെ തേടിയെത്തുന്ന വഴിത്തിരിവുകള്‍ എത്ര!

പാലക്കാട് ചിറ്റൂര്‍ തെക്കേ ഗ്രാമത്തിലെ രാമചന്ദ്രൻ ചെറുവള്ളിയുടെയും സരസ്വതിയുടെയും ഏകമകളായി ജനിച്ച്, തന്‍റെ നാടിന്‍റെയും വീടിന്‍റെയും സന്തോഷകരമായ ചുറ്റുപാടുകളില്‍ വളര്‍ന്ന ശ്രീഗീതയെന്ന പെൺകുട്ടി തന്‍റെ ഇരുപത്തിനാല് വയസുവരെ ജീവിതം തനിക്കായി കാത്തുവച്ച ആ വലിയ പരീക്ഷണത്തെ കുറിച്ചറിഞ്ഞില്ല.

Latest Videos

undefined

ഇരുപത്തിനാലാം വയസിലായിരുന്നു ശ്രീഗീതയുടെ വിവാഹം. നല്ല ജോലിയുള്ള, വിദ്യാസമ്പന്നനായ, സുമുഖനായ ചെറുപ്പക്കാരനായിരുന്നു വരൻ.  ആര്‍ക്കും മറിച്ചൊരു അഭിപ്രായം വരാൻ സാധ്യതയില്ലാത്തൊരാള്‍. എന്നാല്‍ വിവാഹത്തിന് മുമ്പ് തന്നെ താൻ വിഷാദരോഗത്തിന് മരുന്ന് കഴിക്കുന്ന കാര്യം അദ്ദേഹം ശ്രീഗീതയോട് തുറന്നുപറഞ്ഞു. 

അന്ന് അതൊരു വലിയ പ്രശ്നമായി തോന്നിയില്ല. എല്ലാം തന്നോട് പറയാൻ കാണിച്ച ആ മനസിനോട് സ്വാഭാവികമായും അടുപ്പം തോന്നിയിരിക്കാം. അങ്ങനെ ആശങ്കകളെല്ലാം മാറ്റിവച്ച് വിവാഹത്തിലേക്ക് കടന്നു.

വിവാഹശേഷം ഭര്‍ത്താവിനൊപ്പം എറണാകുളത്തേക്ക് പുതിയ പ്രതീക്ഷകളുമായി ശ്രീഗീതയെത്തി. അവിടെയായിരുന്നു അദ്ദേഹത്തിന് ജോലി. 

വിവാഹം കഴിഞ്ഞ് ആദ്യദിവസങ്ങളില്‍ തന്നെ ഭര്‍ത്താവിന്‍റെ സ്വഭാവത്തിലെ അസാധാരണത്വം ശ്രീഗീത തിരിച്ചറിഞ്ഞു. എളുപ്പത്തില്‍ മാറിമറിയുന്ന അദ്ദേഹത്തിന്‍റെ മാനസികാവസ്ഥയായിരുന്നു ശ്രീഗീതയെ പ്രധാനമായും കുഴപ്പിച്ചത്. എപ്പോഴാണ് പൊട്ടിത്തെറിക്കുകയെന്ന് പറയാൻ വയ്യാത്ത തരത്തിലുള്ള സ്വഭാവം. വിഷാദത്തിന്‍റെ വികൃതികളാകാം എല്ലാം എന്ന് മനസിലുറപ്പിച്ചു. പ്രശ്നങ്ങളില്ലാത്ത സമയത്ത് സ്നേഹപൂര്‍വമായിരുന്നു പെരുമാറ്റം. എങ്കിലും എപ്പോള്‍ വേണമെങ്കിലും മുങ്ങിപ്പോകാവുന്ന, ആടിയുലയുന്ന വഞ്ചിയില്‍ യാത്ര ചെയ്യും പോലെ അനിശ്ചിതമായി ദിവസങ്ങള്‍.

പ്രശ്നങ്ങളുമായെല്ലാം പൊരുത്തപ്പെടാൻ ശ്രമിച്ചുകൊണ്ട് ഭര്‍ത്താവിനൊന്നിച്ച് തന്നെ ശ്രീഗീത മുന്നോട്ട് പോയി. എന്നിട്ടും പലപ്പോഴുമുള്ള ഭര്‍ത്താവിന്‍റെ സ്വഭാവമാറ്റവും സംശയങ്ങളും ശ്രീഗീതയെ തളര്‍ത്തി. രണ്ട് പേര്‍ സംസാരിക്കുമ്പോള്‍ - അത് പോലും തനിക്കെതിരെയുള്ള ഗൂഢാലോചനയായി വരെ എടുക്കുന്ന- അത്രയും അപകടം പിടിച്ച അദ്ദേഹത്തിന്‍റെ ചിന്താതലം ആര്‍ക്കും എളുപ്പത്തില്‍ ഉള്‍ക്കൊള്ളാവുന്നതായിരുന്നില്ല. ഇതോടെ ഭര്‍ത്താവിന് വെറും വിഷാദമല്ലെന്ന തോന്നല്‍ ശ്രീഗീതയുടെ മനസില്‍ ശക്തിപ്പെട്ടു. 

തുടര്‍ന്ന് ശ്രീഗീത അദ്ദേഹം കഴിക്കുന്ന മരുന്നുകളെ കുറിച്ച് അന്വേഷിച്ചു. ചെന്നൈയില്‍ നിന്നായിരുന്നു മരുന്നുകളെത്തിച്ചിരുന്നത്. അവിടെ അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടറെ ബന്ധപ്പെടാനായിരുന്നു പിന്നീടുള്ള ശ്രമം. ഇതിനിടെ ഭര്‍ത്താവിന്‍റെ അച്ഛനോട് ഇതെക്കുറിച്ച് ചോദിച്ചെങ്കിലും നിസാരമായ സ്വഭാവസവിശേഷത മാത്രമായാണ് അച്ഛൻ ഇതെക്കുറിച്ച് ആകെ പറഞ്ഞത്.

ചെന്നൈയിലുള്ള ഡോക്ടറെ ബന്ധപ്പെട്ടപ്പോള്‍, തീര്‍ത്തും മോശമായ പ്രതികരണമായിരുന്നു ലഭിച്ചത്. ഇനി ചികിത്സിക്കാനില്ലെന്ന് വരെ ഡോക്ടര്‍ അന്ന് തറപ്പിച്ചുപറഞ്ഞു. പിന്നീട് കൊച്ചിയില്‍ തന്നെയുള്ള ഒരു സൈക്യാട്രിസ്റ്റിനെ കണ്ടു. ആ ചികിത്സയില്‍ ആദ്യമെല്ലാം മാറ്റങ്ങള്‍ കണ്ടെങ്കിലും പിന്നീട് അവസ്ഥ മുമ്പത്തെക്കാള്‍ മോശമായി. ഒടുവില്‍ എല്ലാം ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് തന്നെ തിരികെ പോകുന്നതാണ് നല്ലതെന്ന ചിന്തയിലേക്ക് ശ്രീഗീതയെത്തി.

വീട്ടിലേക്ക് പോന്ന ശേഷവും സ്വസ്ഥതയുണ്ടായില്ല. തന്നെ ലക്ഷക്കണക്കിന് രൂപയ്ക്കായി വഞ്ചിച്ച്, കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നായിരുന്നു ശ്രീഗീതയെ പറ്റി അന്ന് ഭര്‍ത്താവ് സുഹൃത്തുക്കളോടും മറ്റുള്ളവരോടും പറഞ്ഞിരുന്നത്. പലരും ഇത് അപ്പാടെ വിശ്വസിച്ചു. കാരണം പുറമേക്ക് ആര്‍ക്കും മനസിലാകുന്ന രീതിയിലുള്ള പ്രശ്നങ്ങളായിരുന്നില്ല അദ്ദേഹത്തിനുണ്ടായിരുന്നത്. 

എന്നാല്‍ ഇതിനിടെ ഒരു ദിവസം ശ്രീഗീതയുടെ അച്ഛനെ അദ്ദേഹം വിളിച്ചു. തന്നെ രക്ഷിക്കണമെന്നും താൻ മരിച്ചാല്‍ അത് ചെയ്തത് സ്വന്തം അച്ഛനായിരിക്കുമെന്നും അത് എല്ലാവരോടും പറയണമെന്നുമായിരുന്നു പറഞ്ഞത്. ഇതോടെ അദ്ദേഹത്തിന്‍റെ അസുഖം തീവ്രമായി മാറിയതായി ശ്രീഗീത മനസിലാക്കി. ആ ഒരവസ്ഥയില്‍ അദ്ദേഹത്തെ തനിച്ചാക്കാൻ അവര്‍ക്ക് മനസ് വന്നില്ല. 

അങ്ങനെ വീണ്ടും തിരികെ അദ്ദേഹത്തിനടുത്തേക്ക് തന്നെ. അവിടെയെത്തിയപ്പോള്‍ ആകെ പരിഭ്രാന്തനായ ആളെയാണ് ഇവര്‍ കാണുന്നത്. ശ്രീഗീതയെയും വീട്ടുകാരെയും കണ്ടപ്പോള്‍- തന്നെ വഞ്ചിച്ചവര്‍ എന്ന് പറഞ്ഞ് ബഹളം തുടങ്ങി. എങ്ങനെയൊക്കെയോ അദ്ദേഹത്തെ വണ്ടിയില്‍ കയറ്റി പാലക്കാടുള്ളൊരു മാനസിക രോഗാശുപത്രിയിലേക്കായിരുന്നു പിന്നീട് പോയത്. അക്ഷരാര്‍ത്ഥത്തില്‍ ബലം പ്രയോഗിച്ചാണ് അദ്ദേഹത്തെ അവിടെ വരെയെത്തിച്ചത്. 

എന്നാല്‍ മാനസികരോഗമുള്ള ആളുകളെ ഉപേക്ഷിച്ചുപോകുന്ന ഒരിടമാണ് പാലക്കാട്ടെ ആശുപത്രിയെന്ന് മനസിലാക്കിയതോടെ അവിടെ അദ്ദേഹത്തിന് ആക്കാൻ ശ്രീഗീത വിസമ്മതിച്ചു. അവിടെ നിന്ന് തൃശൂരിലെ ഒരാശുപത്രിയിലേക്കായിരുന്നു അടുത്ത ഓട്ടം. യാത്രയില്‍ വണ്ടിയിലിരുന്ന് മറ്റുള്ളവരെയെല്ലാം അദ്ദേഹം ഉപദ്രവിച്ചു. എങ്കിലും ശ്രമപ്പെട്ട് ആശുപത്രി വരെയെത്തിച്ചു. ഷോക്ക് ട്രീറ്റ്മെന്‍റിലൂടെയാണ് താല്‍ക്കാലികമായി സമാധാനപ്പെടുത്തിയത്. 

ഇവിടെ വച്ചാണ് ശ്രീഗീത തന്‍റെ ഭര്‍ത്താവിന്‍റെ അസുഖമെന്തെന്ന് മനസിലാക്കുന്നത്. 'സ്കീസോഫ്രീനിയ'. അതെന്താണെന്ന് പോലും അന്ന് മനസിലായിരുന്നില്ല. കേട്ടുകേള്‍വി പോലുമില്ലാത്ത അസുഖം. ഇതിന്‍റെ തീവ്രത പിന്നീടറിഞ്ഞത് ഭര്‍ത്താവിന്‍റെ വിദഗ്ധ ചികിത്സയ്ക്കായി നിംഹാൻസിലെത്തുമ്പോഴാണ് ( നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റല്‍ ഹെല്‍ത്ത്). 

കയ്യും കാലും കെട്ടി ചികിത്സയ്ക്കെത്തിക്കുന്ന സ്കീസോഫ്രീനിയ രോഗികള്‍. രോഗം താളം തെറ്റിച്ച അനേകം മനുഷ്യര്‍. കുറ്റവാളികളായവര്‍, ശാരീരികമായും മാനസികമായും ഉപേക്ഷിക്കപ്പെട്ടവര്‍. സ്കീസോഫ്രീനിയ എന്ന രോഗത്തെ കുറിച്ച് പതിയെ പതിയെ ശ്രീഗീത മനസിലാക്കി. കിട്ടാവുന്ന വിവരങ്ങളെല്ലാം ശേഖരിച്ചു. 

ഭര്‍ത്താവിനെ നഷ്ടപ്പെടുത്താതെ അദ്ദേഹത്തിന്‍റെയും തന്‍റെയും ജീവിതത്തില്‍ പിടിച്ചുനിര്‍ത്തുകയെന്നതായിരുന്നു ലക്ഷ്യം. ചെറുപ്പം തൊട്ടേ പരിചയിച്ച ആത്മീയമായ സാഹചര്യങ്ങള്‍ പകര്‍ന്നുനല്‍കിയ ധൈര്യമായിരുന്നു മുന്നോട്ട് നയിച്ചിരുന്നത്. 

മുടങ്ങാതെ മരുന്ന് നല്‍കി. ഒരു മകനെ പോലെ കൊണ്ടുനടന്നു. പരിചരിച്ചു. രോഗവുമൊത്ത് എങ്ങനെ പൊരുതി വിജയിച്ച് മുന്നോട്ട് നടക്കാമെന്ന് അദ്ദേഹത്തെ പരിശീലിപ്പിച്ചു. ജോലിയില്‍ സജീവമായി തുടരാനുള്ള എല്ലാ പിന്തുണയും നല്‍കി. ജോലിയില്‍ മാത്രമല്ല, എഴുത്ത് പോലുള്ള അദ്ദേഹത്തിന്‍റെ കഴിവുകളിലും പ്രോത്സാഹനമായി. 

പതിനഞ്ച് വര്‍ഷത്തോളമായി സ്കീസോഫ്രീനിക് ആയ ഭര്‍ത്താവിനെ പോരാട്ടം കൊണ്ട് ജീവിതത്തില്‍ പിടിച്ചുനിര്‍ത്തുന്നു ശ്രീഗീത. ഇന്ന് ഒക്ടോബര്‍ പത്ത്, ലോക മാനസികാരോഗ്യദിനമായി ആചരിക്കുന്ന അവസരത്തില്‍ ശ്രീഗീതയുടെ ജീവിതം പഠിപ്പിക്കുന്ന വലിയ പാഠങ്ങളുണ്ട്. 

മാനസികാരോഗ്യത്തെ കുറിച്ച് ചര്‍ച്ചകള്‍ സജീവമാകുന്ന ഈ കാലത്തിലും ഉപേക്ഷിക്കപ്പെടുന്ന അനവധി മനുഷ്യരിലേക്കുള്ള കാഴ്ചയാണ് ശ്രീഗീത. തന്‍റെ ഭര്‍ത്താവിന് എല്ലാ സംഘര്‍ഷങ്ങളിലും താങ്ങായി ഇവര്‍ നിന്നു. എന്നാല്‍ ഇങ്ങനെ ആശ്രയമാകാൻ ആരുമില്ലാത്ത മാനസികരോഗം കൊണ്ട് വിഷമിക്കുന്ന എത്രയെത്രയോ രോഗികളെ കുറിച്ച് ശ്രീഗീത നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ചികിത്സിക്കാൻ നല്ലൊരാശുപത്രിയോ, ഡോക്ടറോ, മറ്റ് സൗകര്യങ്ങളോ, സാമ്പത്തികസാഹചര്യമോ ഇല്ലാതെ ഉപേക്ഷിക്കപ്പെടുന്നവര്‍. ചിലര്‍ തെരുവിലേക്കാകാം വലിച്ചെറിയപ്പെടുന്നത്. മറ്റ് ചിലരാകട്ടെ വീടുകളുടെ ഇരുട്ടറകളിലോ, ആരും തിരിഞ്ഞുനോക്കാനില്ലാത്ത മാനസികരോഗാശുപത്രികളുടെ ഉള്ളറകളിലോ ആവാം.

സ്കീസോഫ്രീനിയയെ കുറിച്ച് മാത്രമല്ല, ബൈപോളാര്‍- വിഷാദം എന്നിങ്ങനെ ധാരാളം പേരെ കീഴ്പ്പെടുത്തുന്ന മാനസികാരോഗങ്ങളെ കുറിച്ച് ഇന്നും പൊതുസമൂഹത്തിന് ധാരണയില്ലെന്നാണ് ശ്രീഗീത വേദനയോടെ ചൂണ്ടിക്കാട്ടുന്നത്. വര്‍ഷങ്ങളോളം ഈ മേഖലയുമായി അടുത്തിടപഴകുന്ന ആളെന്ന നിലയില്‍ ആധികാരികമായി ഇവര്‍ക്കിത് പറയാൻ സാധിക്കും. 

ഇത്രയും വര്‍ഷത്തെ സഹനത്തിനും ക്ഷമയ്ക്കും തനിക്ക് വേണ്ടി കയ്യടിക്കാൻ അധികപേരൊന്നും ഉണ്ടായിട്ടില്ലെന്ന് ഇവര്‍ പറയുന്നു. മാനസിക രോഗമുള്ളവരെ ഉപേക്ഷിക്കുക എന്ന തീരുമാനത്തിലേക്കാണ് മിക്കവരും എളുപ്പത്തിലെത്തുക. ആ തീരുമാനത്തിലേക്ക് ഓടിയൊളിച്ച് പോകാതെ, സധൈര്യം ഈ വെല്ലുവിളി ഏറ്റെടുത്ത്, അതിന് മാതൃകയാക്കി ഉയര്‍ത്തിക്കാട്ടിയതിന് ഇവരെ അംഗീകരിക്കാൻ ചിലരെങ്കിലും മുന്നോട്ടുവന്നതിന്‍റെ തെളിവാണ് ഇതിനിടെ ലഭിച്ച 'ഈസ്റ്റേണ്‍ ഭൂമിക പുരസ്കാരം'. 

മറ്റാരും തിരിച്ചറിഞ്ഞില്ലെങ്കിലും ഭര്‍ത്താവ് തന്‍റെ സമരതുല്യമായ യാത്രയെ മനസിലാക്കുന്നുവെന്നതാണ് ശ്രീഗീതയുടെ ഏറ്റവും വലിയ സന്തോഷം. 'നീ എങ്ങനെ ഇതിലെല്ലാം പിടിച്ചുനിന്നുവെന്ന്' അദ്ദേഹം ചോദിക്കുമ്പോള്‍ അതുതന്നെയല്ലേ എല്ലാത്തിലും മികച്ച അംഗീകാരം എന്ന് ശ്രീഗീത ചോദിക്കുന്നു. 

പൊതുസമൂഹമോ, സര്‍ക്കാരോ സന്നദ്ധ സംഘടനകള്‍ പോലും മാനസികരോഗികളോട് കാട്ടുന്ന അയിത്തത്തിലുള്ള ശക്തമായ എതിര്‍പ്പാണ് ശ്രീഗീതയ്ക്ക് പങ്കുവയ്ക്കാനുള്ളത്. ഓരോ ജില്ലകളിലും മാനസികരോഗാശുപത്രികള്‍, അതും എല്ലാ സൗകര്യങ്ങളോടും കൂടിയത്. അവരെ നോക്കാനും പരിചരിക്കാനും ആളുകള്‍, സാമ്പത്തികസഹായം, മാനസികമായ പിന്തുണ... എല്ലാം സ്വപ്നം പോലെ അല്ലെങ്കില്‍ വിദൂരമായ പ്രതീക്ഷ പോലെ ശ്രീഗീത പങ്കുവയ്ക്കുന്നു. 

മാനസികരോഗങ്ങള്‍ ബാധിച്ച വ്യക്തികള്‍ മാത്രമല്ല- അവര്‍ക്ക് ചുറ്റുമുള്ളവരും ഉള്‍പ്പെടുന്നൊരു ചുഴിയുണ്ട്. അറിവോടെയും അല്ലാതെയും എത്ര പേരാണ് നിത്യവും ഈ ചുഴിയില്‍ കിടന്ന് കറങ്ങുന്നത്. ആരാലും ശ്രദ്ധിക്കപ്പെടാതെ അവഗണനയില്‍ ക്രമണേ ഇല്ലാതായിപ്പോകുന്ന ഈ ജീവനുകള്‍ക്കെല്ലാം മൂല്യമുണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ് തനിക്ക് ചെയ്യാനുള്ളതെന്ന് ഇവര്‍ ആവര്‍ത്തിക്കുന്നു. ഈ മാനസികാരോഗ്യദിനത്തില്‍ ചിലരെങ്കിലും ഇതെക്കുറിച്ചെല്ലാം ആലോചിച്ചാല്‍, നാളെ ആര്‍ക്കെങ്കിലും മുന്നോട്ടുള്ള വഴിയില്‍ വെളിച്ചമാകാൻ അതവര്‍ക്കൊരു ഊര്‍ജ്ജമായാല്‍ അതുതന്നെ ശ്രീഗീതയുടെ വിജയം. 

Also Read:- നിങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്ന 'ഡിപ്രഷൻ' ലക്ഷണങ്ങള്‍...

click me!