രണ്ട് സാഹചര്യങ്ങളിലാണ് പൊതുവെ കുട്ടികൾ കള്ളം പറയാറുള്ളത്...

By Web Team  |  First Published Nov 23, 2024, 2:53 PM IST

കുട്ടികൾ നുണ പറയുന്നത് ഇല്ലാതാക്കാൻ  ആദ്യം പാരൻസ് കള്ളം പറയുന്നത് ഒഴിവാക്കുക. പൊതുവേ എല്ലാ കുട്ടികളും പാരൻസ് എന്താണോ ചെയ്യുന്നത് അത് അനുകരിക്കും. 


എന്തെങ്കിലും തെറ്റ് ചെയ്താൽ അതിൽ നിന്ന് രക്ഷനേടാനായി കുട്ടികൾ മാതാപിതാക്കളോട് കള്ളം പറയാറുണ്ട്. കുട്ടികൾ നുണ പറയുമ്പോള്‍ അതിൽ നിന്ന് അവരെ എങ്ങനെ മാറ്റിയെടുക്കാമെന്നതിനെ കുറിച്ച് സൈക്കോളജിസ്റ്റ് ജയേഷ് കെ ജി എഴുതുന്ന ലേഖനം.

നിങ്ങളുടെ മക്കൾ നുണ പറയാറുണ്ടോ? എങ്കിൽ അത് പരിഹരിക്കാൻ ഈ അഞ്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.   
ചെറിയ പ്രായത്തിൽ കുട്ടികളുടെ കള്ളത്തരങ്ങളും കുസൃതിയും എല്ലാവരും ആസ്വദിക്കാറുണ്ട്.  എന്നാൽ മുതിർന്നു കഴിയുമ്പോൾ മക്കളുടെ കള്ളം പറയൽ എങ്ങനെ മാറ്റാം എന്ന് ചിന്തിച്ചു തുടങ്ങും.

Latest Videos

undefined

ആർക്കും ഒരു ഉപദ്രവവും ഇല്ലാത്ത കള്ളങ്ങളായിരിക്കും കുട്ടികൾ ആദ്യം പറയുക. അവരുടെ കൊച്ചു കൊച്ചു കള്ളങ്ങൾ മാതാപിതാക്കൾ ആസ്വദിക്കുന്നു എന്ന് കാണുന്നതോടെ പിന്നീടുള്ള കള്ളം പറയൽ പലതും മറച്ചുവയ്ക്കാനും നേട്ടങ്ങളും ഉണ്ടാക്കാനും വേണ്ടിയായിരിക്കും. ഇതു പാരൻസ് തിരിച്ചറിയുമ്പോഴേക്കും നുണ പറയുക എന്നത് അവരുടെ ശീലമായി മാറിയിട്ടുണ്ടാകും.

രണ്ട് സാഹചര്യങ്ങളിലാണ് പൊതുവെ കുട്ടികൾ കള്ളം പറയുന്നത്. ഒന്ന് ശിക്ഷയെ പേടിച്ച്  രണ്ട് അമിതമായ ഭയം ഉണ്ടാകുമ്പോൾ. നമ്മളിൽ ചില പാരൻസ് കുട്ടികളുടെ ഭാഗത്തു ചെറിയ തെറ്റുകൾ  കാണുമ്പോൾ   ഉച്ചത്തിൽ സംസാരിക്കുകയും മറ്റുള്ളവരുടെ മുമ്പിൽ വെച്ച് കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരം സാഹചര്യത്തിൽ കുട്ടികളിൽ  ഭയം ഉടലെടുക്കുന്നു. പേടി ഉള്ളതുകൊണ്ട് അവർക്ക് എന്തു തെറ്റ് സംഭവിച്ചാലും അതു തുറന്നു പറയുവാനുള്ള ധൈര്യം  നഷ്ടപ്പെടുന്നു. ഇത്തരത്തിൽ അവരുടെ ധൈര്യം നഷ്ടപ്പെടുമ്പോൾ കള്ളം പറയുക എന്നത് ശീലമാക്കുക എന്നത് സ്വാഭാവികമാണ്.

മാതാപിതാക്കളും കുടുംബാംഗങ്ങളും കുട്ടികൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിച്ചു കൊടുക്കാതെ വരുമ്പോൾ അവർക്ക് അതു നേടിയെടുക്കാൻ വേണ്ടി കള്ളം പറയാറുണ്ട്. പ്രത്യേകിച്ച് കളിപ്പാട്ടങ്ങൾ, ഭക്ഷണ പാനീയങ്ങൾ, കൗതുകമുള്ള വസ്തുക്കൾ  തുടങ്ങിയവ കാണുമ്പോൾ അത്  വേണമെന്ന് വാശി പിടിക്കും. എന്നാൽ  പാരൻസ് അത് എതിർക്കുകയും വഴക്ക് പറയുകയും ചെയ്യും. ഇങ്ങനെ കുട്ടികൾ  ഏറെ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കാതെ വരുമ്പോൾ അവർ കള്ളം പറയാനും ചിലപ്പോൾ മോഷ്ടിക്കാനും തുടങ്ങും. ഈ രണ്ട് കാരണങ്ങളാണ് പ്രധാനമായിട്ടും കുട്ടികൾക്ക് കള്ളം പറയാനുള്ള സാഹചര്യം ഉണ്ടാക്കുന്നത്.

അഞ്ച് സിമ്പിൾ മനശാസ്ത്ര ടെക്നിക്കുകൾ ഉപയോഗിച്ച് കുട്ടിയിലെ പഠനത്തിലെ ശ്രദ്ധക്കുറവ് എളുപ്പം പരിഹരിക്കാം

മാതാപിതാക്കൾക്ക് തലവേദനയാകുന്ന മക്കളുടെ കള്ളം പറയുന്ന ശീലം അവസാനിപ്പിച്ച് അവരെ നല്ല വ്യക്തികളാക്കി വളർത്തിയെടുക്കാൻ കഴിയും. അതിന് ഈ അഞ്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

1) കുട്ടികളോട് മാതാപിതാക്കൾ കള്ളം പറയാതിരിക്കുക

കുട്ടികൾ നുണ പറയുന്നത് ഇല്ലാതാക്കാൻ  ആദ്യം പാരൻസ് കള്ളം പറയുന്നത് ഒഴിവാക്കുക. പൊതുവേ എല്ലാ കുട്ടികളും പാരൻസ് എന്താണോ ചെയ്യുന്നത് അത് അനുകരിക്കും. അതാണ് അവർ പിന്നീട് ജീവിതത്തിൻ്റെ ഭാഗമാക്കി മാറ്റുന്നതും. നിങ്ങൾ കള്ളം  പറയുന്നത് കുട്ടി കേൾക്കുമ്പോൾ അത് അനുകരിക്കാൻ ശ്രമിക്കും. പിന്നീടതു നിങ്ങൾ തിരിച്ചറിഞ്ഞ് അവരെ തിരുത്താൻ ശ്രമിക്കുമ്പോൾ മക്കൾ തിരിച്ചു ചോദിക്കും നിങ്ങൾ കള്ളം പറയാറില്ലേ എന്നു. അതുകൊണ്ട് കുട്ടികളുടെ റോൾ മോഡൽസ് ആയ അച്ഛനും അമ്മയും മക്കൾ നല്ലവരായി വളരണമെങ്കിൽ കള്ളം പറയുന്നത് ഒഴിവാക്കുക.

2. കള്ളം പറഞ്ഞാലുള്ള ദോഷം എന്താണെന്ന് പറഞ്ഞു കൊടുക്കുക

കള്ളം പറഞ്ഞാലുള്ള ദോഷങ്ങൾ കുട്ടികൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുക. ഉദാഹരണസഹിതം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചാൽ പറയുന്ന കാര്യം അവരിലേക്ക് കൂടുതൽ ആഴ്ന്നിറങ്ങും. കള്ളം പറഞ്ഞ ആർക്കെങ്കിലും പിന്നീടുണ്ടായ ബുദ്ധിമുട്ടിനെ കുറിച്ച് പറയുക അല്ലെങ്കിൽ ഒരിക്കൽ കള്ളം പറഞ്ഞതിന് അച്ഛനും അമ്മയ്ക്കും ഉണ്ടായ ബുദ്ധിമുട്ടിനെ കുറിച്ച് പറഞ്ഞു കൊടുക്കുക. പഞ്ചതന്ത്ര കഥകൾ പോലെയുള്ള കുട്ടി കഥകളിലൂടെ കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുക. ഇത്തരത്തിൽ ദൈനംദിന ജീവിതത്തിലും ചുറ്റുപാടും കണ്ടുവരുന്ന കാര്യങ്ങളിലൂടെയും കഥകളിലൂടെയും കള്ളം പറഞ്ഞാൽ ഉള്ള ദോഷത്തെക്കുറിച്ച് മക്കളെ പറഞ്ഞു മനസ്സിലാക്കുക. മാധ്യമങ്ങളിൽ കുട്ടികളുമായി ബന്ധപ്പെട്ട വാർത്തകൾ കാണുമ്പോൾ അത് അവരെ കാണിക്കുകയോ വായിച്ചു കേൾപ്പിക്കുകയോ ചെയ്യുന്നത് നല്ലതാണ്.

3 കള്ളം ഏറ്റുപറയാനുള്ള അവസരം നൽകുക

ഏതെങ്കിലും ഒരു സാഹചര്യത്തിൽ കുട്ടികൾ കള്ളം പറഞ്ഞിട്ടുണ്ടെങ്കിൽ അത് സ്വയം ഏറ്റുപറഞ്ഞ്  തിരുത്താനുള്ള സാഹചര്യം ഒരുക്കുക. കുട്ടികൾ കള്ളം പറഞ്ഞു എന്നറിഞ്ഞാൽ അമിതമായ പണിഷ്മെൻറ് കൊടുക്കുന്ന പ്രാകൃത രീതി പൂർണമായും ഒഴിവാക്കുക. പലരിലും കണ്ടുവരുന്ന ഒരു പ്രവണത ഇതാണ് എന്ന ഈ പ്രവണത തുടരുന്നതിലൂടെ അവരെ കൂടുതൽ കള്ളം പറയിപ്പിക്കാൻ നമ്മൾ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്.

ഒരിക്കൽ ചെയ്ത തെറ്റിന്റെ പേരിൽ പിന്നീടും അവരെ തെറ്റുകാരായി കാണാതിരിക്കുകയും ചെയ്യുക. തെറ്റ് ചെയ്തു എന്ന് കരുതി ഇനി അത് ആവർത്തിക്കാതിരിക്കാൻ വേണ്ടി വീണ്ടും വീണ്ടും അതിനെ കുറിച്ച്  സംസാരിക്കുന്നതുകൊണ്ടു അവരിലെ കള്ളം പറയുന്ന പ്രവണത മാറില്ല.  

പകരം അവർ എന്ത് തെറ്റ് ചെയ്താലും തുറന്നു പറയാനുള്ള ധൈര്യവും സാഹചര്യവും ഒരുക്കി കൊടുക്കുകയാണെങ്കിൽ അവർ മനപ്പൂർവ്വം കള്ളം പറയില്ല. ഒരുപക്ഷേ അറിഞ്ഞോ അറിയാതെയോ തെറ്റ് ചെയ്താൽ കൂടിയും അത് പാരന്റിനോട് ഷെയർ ചെയ്യാനുള്ള മടി അവർക്കില്ലെങ്കിൽ അതിനുള്ള ധൈര്യം നമ്മൾ പകർന്നു നൽകുന്നുണ്ടെങ്കിൽ അവർ കള്ളം ചെയ്യില്ല. കുട്ടിക്കാലത്ത് തെറ്റുകൾ സ്വാഭാവികമായി സംഭവിക്കാം അത്തരം തെറ്റുകൾ ഏറ്റുപറയാൻ അവസരം നൽകേണ്ടത്  നല്ലൊരു പാരന്റിങ്ങിന്റെ ലക്ഷണമാണ്. 

4. തെറ്റ് സമ്മതിച്ചാൽ അവരെ അഭിനന്ദിക്കുക

മനപ്പൂർവ്വമോ അല്ലാതെയോ കുട്ടികളിൽ ഉണ്ടായ തെറ്റുകൾ അവർ തുറന്നു പറഞ്ഞാൽ അഭിനന്ദിക്കാൻ മടി കാണിക്കാതിരിക്കുക. ഇത്തരത്തിൽ അവരുടെ തെറ്റുകൾ അവർ ഏറ്റുപറയുമ്പോൾ അഭിനന്ദിച്ചാൽ പിന്നീട് തെറ്റ് ചെയ്യാനുള്ള സാഹചര്യം ഉണ്ടായാൽ കൂടിയും അവർ അതിൽ നിന്നും പിന്മാറും.

തെറ്റ് മനസ്സിലാക്കി അത് തിരുത്തിയത് നന്നായെന്നും നീയത് ഞങ്ങളോട് തുറന്നു പറഞ്ഞത് മിടുക്കനായ കുട്ടിയുടെ ലക്ഷണമാണെന്നും അവനെ/ അവളെ പറഞ്ഞു ബോധ്യപ്പെടുത്തുക. കൃത്യമായ ഗൈഡൻസ് നിങ്ങൾക്കു നൽകി നല്ല രീതിയിൽ കൊണ്ടുപോകാൻ പാരന്റ്സിന് കഴിയുമെന്ന് അവരെ പറഞ്ഞു മനസ്സിലാക്കുക. 

5. മറ്റുള്ളവരുടെ മുൻപിൽ വച്ച്  മക്കളെ കുറ്റപ്പെടുത്തരുത്

വീട്ടിൽ വരുന്ന അതിഥികളോടും അയൽക്കാരോടും സുഹൃത്തുക്കളോടും മക്കൾ ചെയ്ത തെറ്റിനെ കുറിച്ച് പറയുകയും അവരുടെ സുഹൃത്തുക്കളുടെ മുന്നിൽ വച്ച് കളിയാക്കുകയും ചില പേരൻസ് ചെയ്യാറുണ്ട്.  ഇതു ശരിയായ തിരുത്തൽ രീതിയല്ല എന്നു പലരും മനസ്സിലാക്കാറില്ല. നിങ്ങളൊന്നു മനസ്സിലാക്കുക മുതിർന്ന വ്യക്തികളെപ്പോലെ ഈഗോ കുട്ടികളിലുമുണ്ട്.

ഒരിക്കൽ ചെയ്ത തെറ്റിന് പലതവണ ശിക്ഷിക്കപ്പെടുമ്പോൾ അതവരുടെ ക്യാരക്ടറിനെയാണ് ചോദ്യം ചെയ്യുന്നത്. ഇതു കാരണംഎല്ലാവരോടും ആ കുട്ടിക്ക് ദേഷ്യവും പകയും തോന്നി അവസാനം അത് സ്വഭാവ വൈകല്യത്തിൽ വരെ എത്തിച്ചേക്കാം. അതുകൊണ്ട്  നിങ്ങളുടെ കുട്ടിയുടെ ഭാഗത്തുനിന്ന് എന്ത് തെറ്റ് സംഭവിച്ചാലും നിങ്ങൾ മാത്രമുള്ള സമയത്ത് കോൺഫിഡൻഷ്യലായി ഇത്തരം കാര്യങ്ങൾ ഡിസ്കസ് ചെയ്തു ആ തെറ്റ് എന്താണെന്ന് പൂർണ്ണമായും പറഞ്ഞു മനസ്സിലാക്കി കൊടുക്കുക. കുട്ടികളെ വളർത്തുന്നതും ആയി ബന്ധപ്പെട്ട്  കൂടുതൽ അറിവ് ലഭിക്കുന്നതിനു സൈക്കോളജിസ്റ്റ് ജയേഷ്  എന്ന യൂട്യൂബ് ചാനൽ സന്ദർശിക്കുക.

'ജീവിതത്തിൽ ലഭിക്കുന്ന അവസരങ്ങൾ പക്വതയോടു കൂടി ഉപയോഗിക്കുവാൻ ശ്രമിക്കണം'

 

click me!