'വസ്ത്രം പ്രകോപനമാണ്, ഇനി ഈ വഴി വാക്കിംഗ് വേണ്ട'; അയല്‍ക്കാരന്‍റെ സംഭാഷണം പങ്കുവച്ച് യുവതി

By Web Team  |  First Published Apr 24, 2023, 9:57 PM IST

തന്‍റെ ആദ്യപ്രസവത്തിന് ശേഷം ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങളിലാണ് ഇവര്‍. ഇതിനിടെ ഇവര്‍ എല്ലാ ദിവസവും അല്‍പസമയം വീടിന് അടുത്തുള്ള വഴിയിലൂടെ നടക്കാൻ പോകാറുണ്ട്.


സോഷ്യല്‍ മീഡിയ എപ്പോഴും പുതിയ അറിവുകളുടെയും വിവരങ്ങളുടെയും ഒപ്പം തന്നെ രസകരമായ വാര്‍ത്തകളുടെയെല്ലാം ഉറവിടമാകാറുണ്ട്. പലരും തങ്ങളുടെ വ്യത്യസ്തമായതോ അസാധാരണമായതോ ആയ അനുഭവങ്ങളും സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തിലുള്ള അനുഭവകഥകളും വളരെയധികം ശ്രദ്ധ നേടാറുണ്ട്.

ഇപ്പോഴിതാ ഇതേ രീതിയില്‍ ഒരു സ്ത്രീ പങ്കുവച്ച തന്‍റെ അനുഭവമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. റെഡ്ഡിറ്റിലൂടെയാണ് മുപ്പത്തിയൊന്നുകാരിയായ സ്ത്രീ തന്‍റെ അനുഭവം പങ്കിട്ടത്. 

Latest Videos

undefined

തന്‍റെ ആദ്യപ്രസവത്തിന് ശേഷം ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങളിലാണ് ഇവര്‍. ഇതിനിടെ ഇവര്‍ എല്ലാ ദിവസവും അല്‍പസമയം വീടിന് അടുത്തുള്ള വഴിയിലൂടെ നടക്കാൻ പോകാറുണ്ട്. ഇങ്ങനെ ഒരു ദിവസം കുഞ്ഞിനെ സ്ട്രോളറിലാക്കി നടക്കാൻ പോയ സമയത്ത് അയല്‍ക്കാരൻ വന്ന് സംസാരിച്ച ചില കാര്യങ്ങളാണ് ഇവര്‍ പങ്കുവച്ചിരിക്കുന്നത്. 

യുവതി ദിവസവും നടക്കാൻ പോകുമ്പോള്‍ ധരിക്കുന്ന വസ്ത്രം ഇദ്ദേഹത്തെ പ്രകോപിതനാക്കുകയാണത്രേ. ഇതോടെ ഇദ്ദേഹത്തിന്‍റെ നോട്ടം പാളുകയാണ്- ഇത് ഇവരുടെ ദാമ്പത്യത്തില്‍ വലിയ പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. അതുകൊണ്ട് തന്നെ മയക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് ഇനി അതുവഴി വാക്കിംഗിന് പോകേണ്ട എന്നാണത്രേ ഇദ്ദേഹം ഇവരോട് പറഞ്ഞത്. 

എന്നാല്‍ താൻ അന്നുവരെ ആ മനുഷ്യനെ ശരിക്കൊന്ന് കണ്ടിട്ട് പോലുമില്ലെന്നും തന്‍റെ വസ്ത്രധാരണത്തിന് ഇത്രമാത്രം പ്രശ്നമുണ്ടെന്ന് താനൊരിക്കല്‍ പോലും ചിന്തിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു. സാധാരണഗതിയില്‍ വാക്കിംഗിന് വേണ്ടി ആളുകള്‍ ഉപയോഗിക്കുന്ന ലെഗ്ഗിംസും ഷോര്‍ട്സുമെല്ലാമാണ് താൻ ധരിക്കാറെന്നും ഇവര്‍ പറയുന്നു. 

റെഡിറ്റിലൂടെ പങ്കുവച്ച അനുഭവത്തിന് നിരവധി പേരാണ് ഇവര്‍ക്ക് പ്രതികരണം അറിയിച്ചിരിക്കുന്നത്. വസ്ത്രധാരണം മോശമാണെന്നത് അദ്ദേഹത്തിന്‍റെ അഭിപ്രായമാണ്, എന്നാല്‍ അദ്ദേഹത്തിന്‍റെ ഉടമസ്ഥതയില്‍ അല്ലാത്ത വഴിയിലൂടെ നടക്കരുതെന്ന് പറയാൻ അദ്ദേഹത്തിന് അവകാശമില്ല- അത് അനുസരിക്കേണ്ട ബാധ്യതയുമില്ല എന്നാണ് അധികപേരും അഭിപ്രായമായി പങ്കുവച്ചിരിക്കുന്നത്. 

ഒരുപക്ഷേ യുവതിയുടെ സൗന്ദര്യം അദ്ദേഹത്തിന്‍റെ ഭാര്യയില്‍ അസൂയ ഉണ്ടാക്കിയിരിക്കാം. അദ്ദേഹത്തിലും അത് അസൂയയ്ക്ക് ഇടയാക്കിയിരിക്കാം. ഇതെല്ലാമാകാം ഇങ്ങനെയൊരു പ്രശ്നത്തിലെത്തിയതെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല. 

എന്തായാലും അപ്രതീക്ഷിതമായ ആ സംഭാഷണം തന്നെ മാനസികമായി ബാധിച്ചുവെന്നാണ് സ്ത്രീ പറയുന്നത്. ഇതിന് ശേഷം താൻ നടക്കാൻ പോകുന്ന വഴി മാറ്റി, ഇനിയും അവരെ അഭിമുഖീകരിക്കാൻ തന്നെ പ്രയാസമായി തോന്നിയെന്നും അതുകൊണ്ടാണ് ഈ അനുഭവം പരസ്യമായി പങ്കിട്ടതെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

Also Read:- ഡിസ്‍കൗണ്ടില്‍ സാരി വില്‍പന; ഒരു സാരിക്കായി രണ്ട് സ്ത്രീകളുടെ അടി,വീഡിയോ വൈറല്‍

 

tags
click me!