തിമിംഗിലം ഛർദ്ദിച്ചു വെച്ചതിന് 'പൊന്നുംവില' വരാൻ കാരണമെന്താണ്?

By Web Team  |  First Published Jul 10, 2021, 12:30 PM IST

 'മസ്‌ക്ക്' പോലുള്ള സവിശേഷ സുഗന്ധ ദ്രവ്യങ്ങളുടെ നിർമാണത്തിലെ അവിഭാജ്യമായ ഒരു അസംസ്‌കൃത വസ്തുവാണ് ആംബർഗ്രിസ്.


കഴിഞ്ഞ ദിവസം തൃശൂർ ജില്ലയിലെ ചേറ്റുവയിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 30 കോടിയോളം രൂപ വിലവരുന്ന ആംബർഗ്രിസ് അഥവാ തിമിംഗില ഛർദ്ദിയുമായി മൂന്നു പേരെ വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്യുകയുണ്ടായി. കേരളത്തിലെ കരിഞ്ചന്തയിൽ ആംബർഗ്രിസിന്റെ വില്പന നടത്താൻ ശ്രമം നടക്കുന്നു എന്ന രഹസ്യ വിവരത്തെ തുടർന്ന് ആവശ്യക്കാർ എന്ന നിലയിൽ കള്ളക്കടത്തുകാരുമായി ബന്ധപ്പെട്ടുകൊണ്ടാണ് വനം വകുപ്പ് കള്ളക്കടത്തുകാർ സമീപിക്കുന്നത്. മുംബൈ കേന്ദ്രീകരിച്ച് ഇതിനു മുമ്പും സമാനമായ അറസ്റ്റുകൾ നടന്നിട്ടുണ്ട് എങ്കിലും, ഇതാദ്യമായിട്ടാണ് ഈ ഒരു കള്ളക്കടത്തു വസ്തുവുമായി ആരെങ്കിലും കേരളത്തിനുള്ളിൽ വെച്ച് പിടിക്കപ്പെടുന്നത്.  

എന്താണ് ഈ ആംബർഗ്രിസ് ? വല്ല തിമിംഗിലവും ഛർദ്ദിച്ചു വെച്ചതിന് കള്ളക്കടത്തു നടത്തി കരിഞ്ചന്തയിൽ വിറ്റഴിക്കാനും മാത്രം ഇത്ര സാമ്പത്തിക മൂല്യം കൈവരാൻ കാരണമെന്താവും? 

Latest Videos

undefined

ആംബർഗ്രിസ് എന്നത് 'ഗ്രേ ആംബർ' എന്നതിനെ സൂചിപ്പിക്കുന്ന ഫ്രഞ്ച് പദമാണ്. അതിന്റെ അർത്ഥം 'തിമിംഗിലത്തിന്റെ ഛർദ്ദി' എന്നാണ്. എന്നാൽ,  ‘Floating gold: A Natural and (unnatural) history of Ambergris’ എന്ന പേരിൽ ഇതേക്കുറിച്ച് ഒരു പുസ്തകം തന്നെ രചിച്ചിട്ടുള്ള ക്രിസ്റ്റഫർ കെംപ് പറയുന്നത് അതത്ര ലളിതമല്ല എന്നാണ്. ഒരു എണ്ണത്തിമിംഗിലം ദിവസേന ആയിരക്കണക്കിന് കണവകളെ  ആഹരിക്കാറുണ്ട്. അവയിൽ ചിലതുമാത്രം തിമിംഗിലത്തിന്റെ കുടലിൽ കിടന്ന് ഒരു പ്രത്യേക പ്രക്രിയക്ക് വിധേയമായി അംബർഗ്രിസ് ആയി മാറും. ഒടുവിൽ അതിനെ തിമിംഗിലം പുറന്തള്ളുകയും ചെയ്യും. ഇത് സമുദ്രോപരിതലത്തിൽ പൊങ്ങിക്കിടന്ന് തിരകൾക്കൊപ്പം സഞ്ചരിച്ച് ചിലപ്പോൾ അപൂർവമായി തീരത്ത് ചെന്നടിയും. 1783 -ൽ ജർമ്മൻ ഗവേഷകനായ ഫ്രാൻസ് ഷ്വെയ്ൻഡിയാവർ ഇതിനെ വിളിച്ചത്, "പ്രകൃത്യാതീതമായി ഘനീഭവിച്ച തിമിംഗില ഛർദ്ദി'' എന്നാണ്. 

ഈ വസ്തു, അതിന്റെ മൂല്യം കാരണം 'ഫ്‌ളോട്ടിങ് ഗോൾഡ്' എന്നും വിപണിയിൽ അറിയപ്പെടുന്നുണ്ട്. മുംബൈ പോലീസിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, അന്തരാഷ്ട്ര മാർക്കറ്റിൽ കിലോഗ്രാം ഒന്നിന്  ചുരുങ്ങിയത് ഒരു കോടി രൂപ എങ്കിലും വിലയുണ്ട് ആംബർഗ്രിസിന്‌. 'മസ്‌ക്ക്' പോലുള്ള സവിശേഷ സുഗന്ധ ദ്രവ്യങ്ങളുടെ നിർമാണത്തിലെ അവിഭാജ്യമായ ഒരു അസംസ്‌കൃത വസ്തുവാണ് ആംബർഗ്രിസ് എന്നതാണ് ഇതിന്റെ വിപണി മൂല്യത്തിന് പിന്നിലെ കാരണം. ദുബായ് പോലെ സുഗന്ധ ദ്രവ്യങ്ങൾക്ക് നല്ല മാർക്കറ്റുള്ള രാജ്യങ്ങളിൽ ഇതിന് വലിയ ഡിമാൻഡാണ്. സുഗന്ധ ലേപനങ്ങൾക്ക് പുറമെ ചില വിശേഷ മരുന്നുകൾക്കും ഇത് ഒഴിവാക്കാനാവാത്ത ഒരു ചേരുവയാണ്. 

എണ്ണത്തിമിംഗിലം സംരക്ഷിത വിഭാഗത്തിൽ പെട്ട ഒരു ജീവി ആയതുകൊണ്ട് അതിനെ വേട്ടയാടുന്നത് നിരോധിച്ചിട്ടുണ്ട്. ഒരു ശതമാനത്തിൽ കുറവ് തിമിംഗിലങ്ങൾ മാത്രമേ ആംബർഗ്രിസ് ഉത്പാദിപ്പിക്കുന്നുള്ളൂ എങ്കിലും, ഈ വിലയേറിയ ഛർദ്ദിയുടെ പേരിൽ വേട്ടക്കാർ  ഈ കടൽജീവിയെ നിരന്തരം പിന്തുടർന്ന് ഉപദ്രവിക്കുന്ന സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. കഴിഞ്ഞ രണ്ടാഴ്‌ച കൊണ്ടുമാത്രം മുംബൈ പൊലീസ് പിടിച്ചെടുത്തത് ഒമ്പതു കിലോയോളം ആംബർഗ്രിസാണ്. കള്ളക്കടത്തുകാർ ആർക്കു വിൽക്കാൻ വേണ്ടിയാണ് ഈ വസ്തു കൊണ്ടുപോയതെന്നു കണ്ടത്താനുള്ള ശ്രമത്തിലാണ് മുംബൈ പൊലീസ് ഇപ്പോൾ. 

click me!