ചിലർ കുട്ടികളെ മാനേജ് ചെയ്യാനുള്ള ബുദ്ധിമുട്ടുകാരണം, അല്ലെങ്കിൽ അവർ ഓടിയും ചാടിയും വലിയ അപകടം ഒന്നും ഉണ്ടാകേണ്ട എന്നൊക്കെ കരുതി ഒരു സ്ട്രിക്റ്റ് പേരന്റ് ആയി മാറിയിട്ടുണ്ടാകും.
ചില മാതാപിതാക്കൾ പറയുന്നത് കേൾക്കാറുണ്ട്- “ഞാൻ എന്റെ മക്കളോട് അധികം സ്നേഹം ഒന്നും പ്രകടിപ്പിക്കാറില്ല. ഒരുപാട് സ്നേഹം കാണിച്ചാൽ അവരുടെ പേടി അങ്ങ് ഇല്ലാതെയാകും. പിന്നെ അവർ ഒന്നും പറഞ്ഞാൽ അനുസരിക്കില്ല. സ്നേഹം എന്റെ മനസ്സിൽ ഉണ്ട്. അവർ ഉറങ്ങിക്കഴിയുമ്പോൾ ആ ദിവസം അവരെ വഴക്കു പറഞ്ഞല്ലോ എന്ന് സങ്കടപ്പെട്ടു ഞാൻ അവരുടെ അടുത്തുപോയി ഇരിക്കാറുണ്ട്’.
സ്നേഹം പ്രകടിപ്പിക്കുന്നത് അപകടമാണോ?
undefined
ഇങ്ങനെ ഒരു സംശയം നമ്മൾ പലർക്കും ഉണ്ടായിരിക്കും. ചിലർ കുട്ടികളെ മാനേജ് ചെയ്യാനുള്ള ബുദ്ധിമുട്ടുകാരണം, അല്ലെങ്കിൽ അവർ ഓടിയും ചാടിയും വലിയ അപകടം ഒന്നും ഉണ്ടാകേണ്ട എന്നൊക്കെ കരുതി ഒരു സ്ട്രിക്റ്റ് പേരന്റ് ആയി മാറിയിട്ടുണ്ടാകും.
സ്ട്രിക്റ്റ് പേരന്റിന്റെ മനസ്സിലെന്താണ്?
പെർഫെക്ഷൻ/ അമിത കൃത്യത...
എന്റെ കുട്ടി എല്ലാ കാര്യത്തിലും മിടുക്കുള്ള ആളാകണം എന്ന ആഗ്രഹം അല്പം കടുംപിടുത്തം ആണെങ്കിൽപോലും കുട്ടിയുടെ നന്മയ്ക്കു വേണ്ടിയല്ലേ എന്ന ചിന്തയിൽ തെറ്റുവരുത്താൻ പാടില്ല എന്ന് ഈ മാതാപിതാക്കൾ വാശിപിടിക്കും. എന്നാൽ ഭാവിയിൽ പരാജയത്തെ നേരിടേണ്ടി വരുമ്പോൾ അത് അംഗീകരിക്കാൻ വലിയ ബുദ്ധിമുട്ടവർ നേരിട്ടേക്കാം.
സ്വയം വിമർശനത്തിലേക്കും വിഷാദത്തിലേക്കുംവരെ അവർ എത്തിച്ചേരാൻ ഇതു കാരണമായേക്കാം. പെർഫെക്റ്റ് അല്ലാത്തതൊന്നും അംഗീകരിക്കുക അവർക്കു ബുദ്ധിമുട്ടായേക്കാം. മറ്റു ചിലർ അവർ വളർന്നു വന്നപ്പോൾ അമിത കൃത്യതയുടെ പേരിൽ നേരിട്ട ബുദ്ധിമുട്ടുകൾക്ക് പകരമായി എല്ലാത്തിനോടും എതിർമനോഭാവമുള്ള വ്യക്തികളായി മാറിയിരിക്കാം.
ഉത്കണ്ഠ...
ഞാൻ വളരെ സ്ട്രിക്റ്റായ പേരെന്റ് ആയില്ല എങ്കിൽ സംഭവിക്കാൻ സാധ്യതയുള്ള അപകടങ്ങളെപ്പറ്റിയുള്ള അമിത ഉത്കണ്ഠ ചില മാതാപിതാക്കളിൽ ഉണ്ടായിരിക്കും. ഉദാ: കുട്ടി ഭക്ഷണം കഴിച്ചില്ല എങ്കിൽ വല്ലാതെ ദേഷ്യപ്പെടുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്ന മാതാപിതാക്കൾ കുട്ടിയുടെ ആരോഗ്യത്തെ കുറിച്ചുള്ള അമിത ഉത്കണ്ഠ ദേഷ്യത്തിന്റെ രൂപത്തിൽ പ്രകടമാക്കുന്നവർ ആയിരിക്കാം. എന്നാൽ ഈ പ്രതികരണം കാണുന്ന കുട്ടി ചിന്തിക്കുക കുട്ടിയെ മാതാപിതാക്കൾക്ക് ഇഷ്ടമില്ല എന്നാവും.
എനിക്ക് വന്ന കഷ്ടപ്പാട് എന്റെ മക്കൾക്കു വരരുത്...
“ഞാൻ പഠിക്കാതെ ഇരുന്നതുകൊണ്ട് എനിക്ക് ജീവിതത്തിൽ ഒരുപാടു കാര്യങ്ങൾ നേടാൻ കഴിഞ്ഞില്ല. എന്റെ മക്കൾക്കാ അവസ്ഥ വരരുത്. എനിക്ക് സാധിക്കാതെപോയ പലതും അവരിലൂടെ എനിക്ക് നേടണം”- ഏതൊരു മാതാപിതാക്കൾക്കും ഉണ്ടാകാൻ സാധ്യതയുള്ള ഒരു ആഗ്രഹമാണ് ഇതെങ്കിലും എല്ലാ കാര്യത്തിലും ഇത് ശരിയായി വരണം എന്നില്ല. ഉദാ: ഒരു പിതാവ് മകനെ മെഡിക്കൽ എൻട്രൻസ് പരിശീലനത്തിനയക്കുന്നു. മകന് വലിയ താല്പര്യം ഇല്ലായിരുന്നു എങ്കിൽകൂടി പിതാവിന്റെ ഇഷ്ടം നിറവേറ്റാൻ അവൻ തീരുമാനിച്ചു. പതുക്കെ തനിക്കു പറ്റിയ മേഘലയല്ല അതെന്ന് അവനു മനസ്സിലായി തുടങ്ങി. പക്ഷേ അത് മനസ്സിലാക്കാൻ പിതാവ് തയ്യാറായില്ല. പതുക്കെ അവൻ മാർക്കിനെ കുറിച്ചു പല നുണകൾ പിതാവിനോടു പറഞ്ഞു തുടങ്ങി. കുറച്ചു മാസങ്ങൾക്കുശേഷമാണ് അവയെല്ലാം നുണയാണ് എന്ന് പിതാവിനു മനസ്സിലാകുന്നത്. അപ്പോഴേക്കും അവർ തമ്മിൽ വലിയ പ്രശ്നങ്ങൾ ആയി. രണ്ടുപേരെയും വിഷാദത്തിലേക്കു അതു കൊണ്ടെത്തിച്ചു.
സ്വയം വിലയില്ലായ്മ എന്ന അവസ്ഥ മാതാപിതാക്കളിൽ ഉണ്ടായാൽ...
ചെറിയ കാര്യങ്ങളിൽ പോലും പെട്ടെന്ന് മനസ്സ് വേദനിക്കുന്ന സ്വഭാവക്കാരാണ് എങ്കിൽ കുട്ടികളുടെ മാർക്ക് മറ്റു പ്രവർത്തികൾ എന്നിവ മാതാപിതാക്കളെ വളരെ അസ്വസ്ഥരാക്കും. അത് അവരുടെ സ്വാഭിമാനത്തെ തന്നെ ബാധിക്കുന്ന കാര്യമായിക്കാണും. അങ്ങേയറ്റം സ്ട്രിക്റ്റായിക്കൊണ്ട് കുട്ടികളോട് ഒരു ചർച്ചയും നടത്താതെ അവരുടെ പഠനത്തെയും പെരുമാറ്റത്തെയും മെച്ചപ്പെടുത്താൻ ശ്രമിക്കും. എന്നാൽ ഈ രീതി എല്ലായ്പ്പോഴും നല്ല ഫലം നൽകണം എന്നില്ല.
കുട്ടികൾ അങ്ങ് തനിയെ വളർന്നോളും എന്ന് പറയുന്നത് നാം കേട്ടിട്ടുണ്ട് എങ്കിലും ഈ കാലഘട്ടത്തിൽ അതങ്ങനെ അല്ല എന്ന് നമുക്കറിയാം. ഒരുപാടു കാര്യങ്ങളിൽ പൊതുവേ നമ്മൾ നല്ലൊരു ശതമാനം ആളുകൾക്കും ഉത്കണ്ഠ ഉള്ള ഒരു കാലഘട്ടം ആണല്ലോ ഇത്. കുട്ടികളുടെ കാര്യങ്ങളും ജോലിയും ഒരുമിച്ചു കൊണ്ടുപോകുന്നതിന്റെ സമ്മർദ്ദം പല മാതാപിതാക്കളിലും കാണാൻ കഴിയും.
കുട്ടികൾക്ക് പഠനത്തിൽ മികവും ഭാവി നല്ലതായിത്തീരുകയും ഒക്കെ ചെയ്യേണ്ടതിന്റെ ഒപ്പം തന്നെ ഉള്ള പ്രധാനപ്പെട്ട കാര്യമാണ് അവർക്ക് ജീവിതത്തിൽ സംതൃപ്തി ഉണ്ടാകുക എന്നത്. അവർക്കൊപ്പം തുറന്ന ചർച്ചകൾക്ക് മാതാപിതാക്കൾ സമയം കണ്ടെത്തണം. മക്കളെപ്പറ്റി എല്ലാം അറിയാം എന്നു മാതാപിതാക്കൾ ധരിക്കുമ്പോഴും മാതാപിതാക്കളെ വേദനിപ്പിക്കണ്ട, അല്ലങ്കിൽ അവർ ദേഷ്യപ്പെടും എന്ന ഭയത്തിൽ പല കാര്യങ്ങളും അവർ പറയാതെ പോയേക്കാം. വിഷാദ അവസ്ഥയിൽ മനഃശാസ്ത്ര ചികിത്സ തേടുന്ന പല കുട്ടികളും മുതിർന്നവരും ഇത്തരം സാഹചര്യങ്ങളിൽ വളർന്നു വന്നവരാണ്.
ഏറ്റവും നല്ല പേറെന്റിങ് ആയി പഠനങ്ങൾ പറയുന്നത് authoritative parenting അഥവാ കുട്ടികളുടെ ഇഷ്ടങ്ങൾ മനസ്സിലാക്കുകയും അതോടൊപ്പം തന്നെ മാതാപിതാക്കൾ എന്ന നിലയിൽ മാർഗ്ഗനിർദ്ദേശം നൽകുകയും ചെയ്യുന്നതാണ്. ഇത് മാതാപിതാക്കൾ എനിക്കൊപ്പം ഉണ്ടെന്ന തോന്നൽ കുട്ടിയിൽ ഉണ്ടാക്കും. അവരെ ആത്മവിശ്വാസവും സന്തോഷവും ഉള്ളവരാക്കാൻ ഇത് സഹായിക്കും. കുട്ടികളിൽ മാനസികാരോഗ്യം വർദ്ധിപ്പിക്കാൻ മാതാപിതാക്കളുടെ ഭാഗത്തു നിന്ന് അവരെ കേൾക്കാനുള്ള ശ്രമങ്ങൾ ഉറപ്പാവും ഉണ്ടാകണം.
എഴുതിയത്:
പ്രിയ വർഗീസ്
ചീഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
Breathe Mind Care
TMM- Ramanchira Road
തിരുവല്ല
For Appointments Call: 8281933323
Online/ In-person consultation available
www.breathemindcare.com
വൈകാരികമായി തകർന്ന അവസ്ഥ ; ഈ ചിന്തകൾ നിങ്ങളെ അലട്ടാറുണ്ടോ?