കൊവിഡ് കാലത്തെ ഏകാന്തത ഒരുമിപ്പിച്ചു; മനസ് നിറയ്ക്കുന്ന മാതൃക

By Web Team  |  First Published Nov 10, 2021, 8:11 PM IST

എഴുപത്തിമൂന്ന് വയസാണ് വര്‍ഗീസിനിപ്പോള്‍. അശ്വതിക്ക് 68ഉം. പരസ്പരം എല്ലാ കാര്യങ്ങളും പറഞ്ഞും, അറിഞ്ഞും, മനസിലാക്കിയുമാണ് രണ്ടുപേരും വിവാഹമെന്ന ഘട്ടത്തിലേക്ക് എത്തുന്നത്. വാര്‍ധക്യത്തില്‍ പരസ്പരം കൂട്ടാകാന്‍ ഒരു പങ്കാളിയെന്നതാണ് ഇവരുവരും ആഗ്രഹിക്കുന്നത്


കൊവിഡ് 19 മഹാമാരി ( Covid 19 Pandemic) ഉയര്‍ത്തിയ വെല്ലുവിളികള്‍ പലതായിരുന്നു. ആരോഗ്യത്തെ ചൊല്ലിയുള്ള ആശങ്കകള്‍, ജീവന്‍ നഷ്ടമാകുമോയെന്ന ഭീഷണി എന്നിങ്ങനെയുള്ള പ്രാഥമികമായ പ്രശ്‌നങ്ങള്‍ക്കൊപ്പം തന്നെ രൂക്ഷമായിരുന്നു ലോക്ഡൗണ്‍ കാലത്ത് ( Covid Lockdown ) ഏകാന്തരാക്കപ്പെട്ടവര്‍ അനുഭവിച്ച വേദനയും. 

സമാനതകളില്ലാത്ത ഈ വേദനയിലൂടെ കടന്നുപോന്നവരാണ് വര്‍ഗീസും അശ്വതിയും. ജീവിതത്തിന്റെ വലിയൊരു പങ്കും ചിലവിട്ടുകഴിഞ്ഞതാണ് ഇരുവരും. കരിയറില്‍ മികച്ച സ്ഥാനങ്ങളിലെത്തി. വികെവി കേറ്റേഴ്‌സ് ഉടമ വി കെവര്‍ഗീസിനെ അറിയാത്തവര്‍ കേരളത്തിലെ ബിസിനസ് രംഗത്ത് കുറവായിരിക്കും. അതുപോലെ തന്നെ കല്‍പന ബ്യൂട്ടി പാര്‍ലര്‍ ഉടമയായ അശ്വതിയും ബിസിനസ് രംഗത്ത് തന്റേതായ ഇടം ഉറപ്പിച്ചയാളാണ്. 

Latest Videos

undefined

ഇരുവരും വിവാഹം കഴിഞ്ഞ് മക്കളും കുടുംബവുമായി കഴിയുകയായിരുന്നു. വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ ഇടയ്ക്ക് വച്ച് മരണത്തിലേക്ക് യാത്ര പറഞ്ഞുപോയ പങ്കാളികള്‍. മക്കളാകട്ടെ, അവരുടെ ജീവിതം കരുപ്പിടിപ്പിക്കാന്‍ അവരുടേതായ വഴികളിലേക്കും ഇറങ്ങി. പിന്നെയും ജോലിത്തിരക്കുകളില്‍ സ്വയം സജീവപ്പെടുത്തി ഇരുവരും മുന്നോട്ടുപോയി. 

എന്നാല്‍ കൊവിഡ് അവരുടെ ജീവിതം തീര്‍ത്തും മാറ്റിമറിച്ചു. എങ്ങോട്ടും പോകാനില്ലാതെ, ആരെയും കാണാനില്ലാതെ വീട്ടില്‍ തന്നെ ഒറ്റപ്പെട്ടുപോയ ദിനങ്ങള്‍, ഏകാന്തതയോളം മനുഷ്യനെ വേട്ടയാടുന്ന മറ്റൊന്നുമില്ലെന്ന് അവരെ ഓര്‍മ്മിപ്പിച്ചു.

അങ്ങനെയാണ് രണ്ട് ആദ്യ ലോക്ഡൗണ്‍ സമയത്ത് നേരത്തെ ഒരു സുഹൃത്ത് മുഖാന്തരം എത്തിയ വിവാഹാലോചനയിലേക്ക് വീണ്ടും വര്‍ഗീസ് എത്തുന്നത്. മുമ്പ് ആലോചന വന്നപ്പോള്‍ 'ഈ പ്രായത്തില്‍ വിവാഹിതനാകാനോ' എന്ന ചിന്തയായിരുന്നു വര്‍ഗീസിനെ പിന്തിരിപ്പിച്ചത്. 

പക്ഷേ ലോക്ഡൗണ്‍ കാലത്തെ മനം മടുപ്പിക്കുന്ന ഒറ്റപ്പെടല്‍ ആ ചിന്തകളെയെല്ലാം പൊളിച്ചുകളയാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയിരുന്നു. അശ്വതിയുടെ കാര്യവും മറിച്ചല്ല. അങ്ങനെ ഇരുവരുടെയും മക്കള്‍ മുന്‍കയ്യെടുത്ത് വിവാഹം ഉറപ്പിച്ചു. വിവാഹത്തിന് മുമ്പ് തന്നെ ഇരുവരും പ്രണയത്തിലേക്ക് വീഴുകയും ചെയ്തു.

എഴുപത്തിമൂന്ന് വയസാണ് വര്‍ഗീസിനിപ്പോള്‍. അശ്വതിക്ക് 68ഉം. പരസ്പരം എല്ലാ കാര്യങ്ങളും പറഞ്ഞും, അറിഞ്ഞും, മനസിലാക്കിയുമാണ് രണ്ടുപേരും വിവാഹമെന്ന ഘട്ടത്തിലേക്ക് എത്തുന്നത്. വാര്‍ധക്യത്തില്‍ പരസ്പരം കൂട്ടാകാന്‍ ഒരു പങ്കാളിയെന്നതാണ് ഇവരുവരും ആഗ്രഹിക്കുന്നത്. 

പ്രായമാകുമ്പോള്‍ ഏകാന്തതയും ഒറ്റപ്പെടലും സഹജമാണെന്നും പ്രാര്‍ത്ഥനയോടെ മരണം കാത്ത് കഴിയലാണ് ഉചിതമെന്നും വിശ്വസിക്കുന്നവര്‍ ഇന്നും നമുക്കിടയിലുണ്ട്. എന്നാല്‍ പ്രായം സാങ്കേതികമായ നമ്പര്‍ മാത്രമാണെന്നും മനസ് അതിനുമപ്പുറം എല്ലായ്‌പോഴും യൗവനത്തില്‍ തന്നെയായിരിക്കുമെന്നും, അല്ലെങ്കില്‍ ആയിരിക്കണമെന്നും ഓര്‍മ്മിപ്പിക്കുകയാണ് വര്‍ഗീസും അശ്വതിയും. 

ഇപ്പോള്‍ വിവാഹിതരായിട്ട് മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു. മക്കളും അത്യാവശ്യം അടുപ്പമുള്ളവരും മാത്രം പങ്കെടുത്ത വിവാഹത്തെ കുറിച്ച് ഇപ്പോള്‍ ഏവരും അറിഞ്ഞുകഴിഞ്ഞിരിക്കുന്നുവെന്ന് വര്‍ഗീസ് പറയുന്നു. സോഷ്യല്‍ മീഡിയയിലും യൂട്യൂബിലുമെല്ലാം ഇരുവരുടെയും കഥ ഇപ്പോഴും ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. സന്തോഷം കൊണ്ട് മനസ് നിറയ്ക്കാന്‍ പാകത്തില്‍ ഒരു മാതൃകയായിട്ടേ മലയാളികള്‍ ഇരുവരെയും കാണുന്നുള്ളൂ. 

Also Read:- 26 വയസിന്റെ പ്രായവ്യത്യാസം; മിലിന്ദിന് പ്രണയത്തില്‍ ചാലിച്ച പിറന്നാള്‍ സന്ദേശവുമായി അങ്കിത

click me!