കടന്നു വന്ന വഴികൾ മറക്കില്ല; ട്രാൻസ് മാനായ പ്രവീൺ നാഥ് ഇനി പുതു ജീവിതത്തിലേയ്ക്ക്, കൂട്ടായി റിഷാനയും

By Anooja Nazarudheen  |  First Published Feb 12, 2023, 2:31 PM IST

അഭിനയത്തിലും ഒരു കൈ നോക്കിയ പ്രവീണിന് ഇനിയും ഒരുപാട് സ്വപ്നങ്ങള്‍ ഉണ്ട്. ആ സ്വപ്നങ്ങള്‍ക്ക് കൂട്ടായി ട്രാന്‍സ് വുമണും മലപ്പുറംകാരിയുമായ റിഷാന ഐഷുവും പ്രവീണിനൊപ്പം ഇനിയുണ്ടാകും.


പെണ്ണുടലിൽ നിന്ന് ആണ്‍‌ ശരീരത്തിലേയ്ക്കുള്ള  പൊള്ളുന്ന യാത്രയാണ് പാലക്കാട് നെന്മാറ സ്വദേശിയായ പ്രവീൺ നാഥിന് പറയാനുള്ളത്. പല തവണ ആത്മഹത്യയുടെ വക്കിലെത്തിയപ്പോഴും തനിലെ കഴിവും ആത്മവിശ്വാസവും നിശ്ചയദാർഢ്യവും കൊണ്ടു മാത്രം ജീവിതത്തിലേയ്ക്ക് തിരിച്ചുവന്ന 'മസില്‍ അളിയന്‍'.  ബോഡി ബിൽഡിങ്ങിലേയ്ക്കനും മിസ്റ്റർ കേരളയിലേയ്ക്കും പ്രവീണ്‍ എത്തിയത് ആകസ്മികമായിട്ടായിരുന്നു. കേരളത്തിലെ ആദ്യ ട്രാൻസ് ബോഡി ബിൽഡർ കൂടിയാണ് പ്രവീണ്‍.

അഭിനയത്തിലും ഒരു കൈ നോക്കിയ പ്രവീണിന് ഇനിയും ഒരുപാട് സ്വപ്നങ്ങള്‍ ഉണ്ട്. ആ സ്വപ്നങ്ങള്‍ക്ക് കൂട്ടായി ട്രാന്‍സ് വുമണും മലപ്പുറംകാരിയുമായ റിഷാന ഐഷുവും പ്രവീണിനൊപ്പം ഇനിയുണ്ടാകും. രണ്ട് വര്‍ഷത്തെ ഇവരുടെ സൗഹൃദം ഈ ഫെബ്രുവരി 14-ന് വിവാഹത്തിലേയ്ക്ക് എത്തുകയാണ്. പുതിയ ജീവിതത്തിലേയ്ക്ക് കടക്കാൻ ഒരുങ്ങുന്ന പ്രവീണ്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് തന്‍റെ പ്രതീക്ഷകള്‍ പങ്കുവച്ചു.

Latest Videos

undefined

പ്രചോദനമാകണം...

ഒരുപാട് പേർക്ക് തന്‍റെ ജീവിതം ഒരു പ്രചോദനമായി മാറണം എന്നതാണ് ആഗ്രഹം. സ്വന്തം സ്വത്വത്തില്‍ ജീവിക്കാൻ അവകാശമുണ്ടെന്നും അതു തെറ്റല്ലെന്നും സമൂഹം ഇനിയും തിരിച്ചറിയുന്നില്ല. ഞങ്ങളെ പോലുള്ളവരുടെ ജീവിതം കൊണ്ട് അത്തരം മാറ്റങ്ങള്‍ സമൂഹത്തില്‍ ഉണ്ടാകണം എന്നു മാത്രമേ ആഗ്രഹമുള്ളൂ എന്നും പ്രവീണ്‍ പറയുന്നു.

തിരിഞ്ഞു നോക്കുമ്പോള്‍...

15-ാം വയസ്സിലെ ആ ഓര്‍മ്മകള്‍ പ്രവീണിന് ഒരു പൊള്ളുന്ന വേദനയാണ്. പിരീഡ്‌സ് ആകുമ്പോഴും, ബ്രെസ്റ്റ് വളർച്ച ഉണ്ടാകുമ്പോഴും അസ്വസ്ഥ തോന്നിയിരുന്ന ദിനങ്ങള്‍. പ്രവീണിന്റെ പെരുമാറ്റത്തിലെ വ്യത്യാസം ആദ്യം തിരിച്ചറിഞ്ഞത് അധ്യാപകരാണ്. അങ്ങനെ അത് വീട്ടുതകാരും അറിഞ്ഞു.  അങ്ങനെ ആദ്യമായി കൗൺസലിങ്ങിന് വിധേയനായി. അവഗണനയും അവഹേളനവും എല്ലാം നിറഞ്ഞ ദിനങ്ങളായിരുന്നു അത്. ഒരു പെൺകുട്ടിയുമായി പ്രണയത്തിലായതും അത് വീട്ടുകാര്‍ അറിഞ്ഞതും അങ്ങനെ 18-ാം വയസ്സിൽ വീട്ടിൽനിന്നിറങ്ങിയതുമൊക്കെ പ്രവീണ്‍ ഓര്‍ത്തെടുത്തു. ലിംഗ–ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സഹയാത്രികയുടെ സഹായത്തോടെയാണ് പ്രവീൺ അന്നു വീടുവിട്ടിറങ്ങിയത്. അന്വേഷിച്ചു വന്ന വീട്ടുകാര്‍ പറഞ്ഞത് നന്നായി പഠിക്കണമെന്നും സ്വന്തം കാലിൽ നിൽക്കണമെന്നും മാത്രം.

ലിംഗമാറ്റത്തിന്റെ ആദ്യ പടി...

മഹാരാജാസ് കോളജില്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് ലിംഗമാറ്റത്തിന്റെ ആദ്യ പടിയായ ഹോർമോൺ ചികിത്സയ്ക്ക് പ്രവീണ്‍ തയ്യാറെടുക്കുന്നത്. 2019 ൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. മീശയും താടിയും ഒക്കെ വരുമ്പോൾ ഒരുപാട് സന്തോഷം തോന്നുമെന്ന് പ്രവീണ്‍. അമൃതയിൽ വച്ച് ബോട്ടം സർജറിയും, യൂട്രസ് റിമൂവലും നടന്നു. ശസ്ത്രക്രിയകള്‍ക്ക് ശേഷം നാട്ടിലേക്ക് തിരിച്ചുവന്നു.  വീട്ടുകാർ പിന്തുണച്ചെങ്കിലും നാട്ടുകാർ വെറുതേ വിട്ടില്ല. കളിയാക്കലും പരിഹാസവും മടുത്ത് പ്രവീണ്‍‌ വീണ്ടും നാടുവിട്ടു. തൃശൂരിലെത്തിയ പ്രവീണ്‍ ഇപ്പോഴും സഹയാത്രികയിൽ കോഓർഡിനേറ്റർ ആയി ജോലി ചെയ്യുന്നു.

ബോഡി ബിൽഡിങ്...

ബോഡി ബില്‍ഡിങ്ങിലേക്കുള്ള പ്രവീണിന്റെ വരവ് അപ്രതീക്ഷിതമായിരുന്നു. എറണാകുളത്ത് പഠിക്കുമ്പോള്‍ ഫിറ്റ്നസിനായി മാത്രം ജിമ്മില്‍ പോകുന്ന പതിവേ ഉണ്ടായിരുന്നോള്ളൂ. ജിമ്മിലും അത്ര നല്ല നോട്ടങ്ങള്‍‌ അല്ല പ്രവീണ്‍ നേരിട്ടത്. എന്നാല്‍ തൃശൂരില്‍ എത്തിയപ്പോള്‍ താമസസ്ഥലമായ പൂങ്കുന്നത്തിന് അടുത്തുള്ള ജിം ആണ് പ്രവീണിന്‍റെ ജീവിതം മാറ്റി മറിച്ചത്.ട്രെയിനറായ വിനു ചേട്ടാനാണ്  ബോഡി ബിൽഡറായി മാറാന്‍ പിന്തുണച്ചതെന്ന് പ്രവീണ്‍ പറയുന്നു. കഠിനമായ വർക്കൗട്ടുകളും ഡയറ്റുകളും പ്രവീണ്‍ പരീക്ഷിച്ചു. ഒടുവില്‍ മിസ്റ്റർ തൃശൂർ മത്സരത്തിൽ സ്പെഷൽ കാറ്റഗറിയിൽ ആദ്യ മത്സരാർഥിയായി പ്രവീൺ. തുടര്‍ന്ന് മിസ്റ്റർ കേരളയിലും മത്സരാർഥിയായി.

ട്രാന്‍സ് പുരുഷന്‍ അച്ഛനായപ്പോള്‍...

'ആ വാര്‍ത്തയ്ക്ക് താഴെ വന്ന കമന്‍റുകള്‍ വായിച്ചു. കൃത്യമായ അവബോധം ഇല്ലാത്തതു കൊണ്ടാണ് ഇങ്ങനെ ചിന്തിക്കാന്‍ കഴിയുന്നത്. സമൂഹത്തിലെ തെറ്റിദ്ധാരണകള്‍ മാറണം. സമൂഹം മാറി ചിന്തിക്കണം'- പ്രവീൺ പറയുന്നു.

ഇനിയുള്ള പ്രതീക്ഷ...

ഞങ്ങള്‍ രണ്ടു പേരും സര്‍ജറികള്‍ കഴിഞ്ഞവരായതിനാല്‍ സ്വന്തം ചോരയില്‍ ഒരു കുഞ്ഞിനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ല. ഒരുമിച്ചുള്ള ജീവിതത്തെ കുറിച്ച് നല്ല പ്രതീക്ഷകളാണ് ഉള്ളത്. രണ്ട് വ്യക്തികള്‍ എന്ന നിലയില്‍ ഇനിയും ജീവിതത്തില്‍ ചെയ്യാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. നന്നായി ജീവിച്ചു കാണിക്കുക, മാതൃകരാവുക എന്നതാണ് ലക്ഷ്യം.

 

click me!