അവളെ വാരിപ്പുണര്‍ന്ന് ചേര്‍ത്ത് ഉറക്കണം; മകളുടെ കരച്ചില്‍ കേട്ടിട്ടും ഓടിച്ചെല്ലാനാകാതെ കൊവിഡ് ബാധിതയായ അമ്മ

By Web Team  |  First Published Jun 3, 2020, 11:20 AM IST

തൊട്ടടുത്ത മുറിയില്‍ കരഞ്ഞുറങ്ങുന്ന മകള്‍, കൊവിഡ് ബാധിച്ച് ക്വാറന്‍റെെനില്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെ അമ്മ


മുംബൈ: കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയതോടെ തന്‍റെ 17മാസം മാത്രം പ്രായമായ മകളെ വിട്ടുനില്‍ക്കേണ്ടി വരുന്നതിന്‍റെ നോവ് പങ്കുവയ്ക്കുകയാണ് അലിഫ്യ ജവേരി എന്ന യുവതി. ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അലിഫ്യ തന്‍റെ കൊവിഡ‍് കാല അനുഭവങ്ങള്‍ പങ്കുവച്ചത്. 

'എനിക്ക് കൊവിഡ് ആണെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ എന്‍റെ ആദ്യത്തെ ചോദ്യം 'എന്‍റെ മകള്‍ക്കോ?' എന്നായിരുന്നു' അലിഫ്യ പറഞ്ഞു. എന്നാല്‍ അലിഫ്യയുടെ മകള്‍ സുരക്ഷിതയായിരുന്നു. കുഞ്ഞിന് കൊവിഡ് ബാധിച്ചിരുന്നില്ല. യഥാര്‍ത്ഥ ദുരിതം മകളെ വിട്ട് വീടിനുള്ളില്‍ തന്നെ ക്വാറന്‍റൈനില്‍ കഴിഞ്ഞ ഈ ദിവസങ്ങളിലാണെന്നാണ് അലിഫ്യയുടെ വാക്കുകള്‍. 

Latest Videos

undefined

''ചെറിയ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയപ്പോഴേ ഞാന്‍ വീട്ടില്‍ തന്നെ ക്വാറന്‍റൈനില്‍ പ്രവേശിച്ചു. അതായിരുന്നു എളുപ്പം. എന്നാല്‍ ഒട്ടും എളുപ്പമല്ലാതിരുന്നത് രണ്ട് മുതല്‍ നാല് ആഴ്ചവരെ മകളുടെ അടുത്തുനിന്ന് മാറി നില്‍ക്കേണ്ടി വരുന്നതാണ്.''

രോഗം മാറിയാലുടനെ മകളെ വാരിപ്പുണരാമല്ലോഎന്ന ചിന്തമാത്രമാണ് തന്‍റെ മനസ്സിലെന്നാണ് ക്വാറന്‍റൈനില്‍ കഴിഞ്ഞിരുന്ന ദിവസങ്ങളില്‍ ഹ്യൂമന്‍സ് ഓഫ് ബോംബെയോട് നടത്തിയ അഭിമുഖത്തില്‍ അലിഫ്യ പറഞ്ഞത്. 

''എല്ലാ ദിവസവും കിടപ്പുമുറിയുടെ വാതില്‍ക്കല്‍ അവള്‍ വരും. ഗ്ലാസിന്‍റെ വാതിലില്‍ അവളുടെ കുഞ്ഞുവിരലുകള്‍ വയ്ക്കും.എന്‍റെ കൈകള്‍ ഗ്ലാസിനിപ്പുറം വയ്ക്കുന്നതുവരെ കാത്ത് നില്‍ക്കും. ആ സമയങ്ങളില്‍ അവള്‍ക്കൊപ്പമുണ്ടാകണമെന്ന് ഞാന്‍ തുടിച്ചുകൊണ്ടിരിക്കും. പക്ഷേ എനിക്കറിയാം, എനിക്കിപ്പോഴതിന് കഴിയില്ലെന്ന്. ''

അമ്മയില്ലാതെ തന്‍റെ മകള്‍ കഴിച്ചുകൂട്ടുന്ന രാത്രികളെക്കുറിച്ച് പറയുമ്പോള്‍ അലിഫ്യ യുടെ കണ്ണ് നിറയും. '' എന്‍റെ ഭര്‍ത്താവും അദ്ദേഹത്തിന്‍റെ സഹോദരിയും ചേര്‍ന്നാണ് അവളെ നോക്കുന്നത്.  രാത്രി രണ്ട് മണിക്കൊക്കെ അമ്മയെ വിളിച്ച് അവള്‍ കരയും. ഞാന്‍ അവിടെ ഇല്ലല്ലോ എന്ന് ഓര്‍ത്ത് എന്‍റെ ഹൃദയം നുറുങ്ങും. '' എല്ലാ രാത്രിയും മകള്‍ക്കൊപ്പം ഉറങ്ങാന്‍ വേണ്ടിയാണ് താനിപ്പോള്‍ കാത്തിരിക്കുന്നതെന്ന് ആ അമ്മ പ്രതീക്ഷ പ്രകടപ്പിച്ചു. 

click me!