'കരൾ കലങ്ങുന്ന വേദനയോടെയാണ് ആ വീട്ടിൽ നിന്ന് ഞാൻ പടിയിറങ്ങിയത്' ; കുറിപ്പ് പങ്കുവച്ച് ​ഗോപിനാഥ് മുതുകാട്

By Web Team  |  First Published Oct 20, 2022, 1:15 PM IST

ഭിന്നശേഷിയുള്ള തന്റെ കൊച്ചുമകനെ പോകുന്നിടത്തെല്ലാം കൈപിടിച്ച് കൊണ്ടുപോകാറുള്ള അവരുടെ കരച്ചിൽ  ഇപ്പോഴും കാതിൽ മുഴങ്ങുന്നു. കൊലപാതക  കാരണത്തെപറ്റി പലരും പലതും പറയുന്നുണ്ട്. കാരണമെന്തായാലും, അവന്റേതായ കുറ്റം കൊണ്ടല്ലാതെ മാനസിക വെല്ലുവിളിയുമായി ഈ ഭൂമിയിൽ പിറക്കാൻ വിധിക്കപ്പെട്ട ഒരു ഭിന്നശേഷിക്കാരന്റെ മരണം കൂടി നടന്നിരിക്കുന്നു. ഇനിയും ഇങ്ങനെയൊരു മരണം സംഭവിക്കാതിരിക്കാനായി ഈ രോദനം നമ്മുടെ ഹൃദയത്തിൽ ആഞ്ഞു തറയ്ക്കട്ടെ. 


തൃശ്ശൂരിലെ കേച്ചേരിയിൽ ഭിന്നശേഷിക്കാരനായ മകനെ അച്ഛൻ തീകൊളുത്തി കൊന്ന വാർത്ത നാം അറിഞ്ഞതാണ്. കേച്ചരിക്കടുത്ത് പട്ടിക്കരയിലാണ് സംഭവം. മാനസിക വൈകല്യമുള്ള മകനെയാണ് അച്ഛൻ കൊലപ്പെടുത്തിയത്. മകനെ ഒഴിവാക്കാനായിരുന്നു പിതാവ് ക്രൂരകൃത്യം ചെയ്തതു. ഈ സംഭവത്തിൽ കുറിപ്പ് പങ്കുവച്ചു രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത മജീഷ്യനും സാമൂഹ്യ പ്രവർത്തകനുമായ ഗോപിനാഥ് മുതുകാട്. മരിച്ച ഫഹദിൻ്റെ കുടുംബത്തെ സന്ദർശിച്ച ശേഷമായിരുന്നു ഗോപിനാഥ് മുതുകാടിൻ്റെ പ്രതികരണം. കരൾ കലങ്ങുന്ന വേദനയോടെയാണ് ഫഹദിൻ്റെ വീട്ടിൽ നിന്ന് താൻ പടിയിറങ്ങിയതെന്ന് ഗോപിനാഥ് മുതുകാട് പറയുന്നു.

തൃശ്ശൂരിൽ ഭിന്നശേഷിക്കാരനായ മകനെ തീകൊളുത്തി കൊന്നു; അച്ഛൻ അറസ്റ്റിൽ

Latest Videos

undefined

കുറിപ്പിന്റെ പൂർണരൂപം...

കരൾ കലങ്ങുന്ന വേദനയോടെയാണ് തൃശൂർ കേച്ചേരിയിലെ ആ വീട്ടിൽ നിന്ന് ഞാൻ പടിയിറങ്ങിയത്. ഇന്ന് രാവിലെ പത്തരമണിക്ക്, മാനസിക വെല്ലുവിളി നേരിടുന്ന 28 വയസ്സുള്ള മകൻ ഫഹദിനെ സ്വന്തം പിതാവ് തീകൊളുത്തി കൊന്ന വാർത്ത കേട്ടാണ് ഞാൻ ആ വീട്ടിലെത്തിയത്. ഫഹദിന്റെ ഉമ്മയും ഉമ്മയുടെ ഉമ്മയും കൊച്ചുകുഞ്ഞുങ്ങളെ ഒക്കത്തെടുത്ത രണ്ടു സഹോദരിമാരും ഇരിക്കുന്ന മുറിയിലേക്ക് കടന്നു ചെല്ലുമ്പോൾ കണ്ട ദൃശ്യം താങ്ങാനാവാത്തതായിരുന്നു. ഭിന്നശേഷിയുള്ള തന്റെ കൊച്ചുമകനെ പോകുന്നിടത്തെല്ലാം കൈപിടിച്ച് കൊണ്ടുപോകാറുള്ള അവരുടെ കരച്ചിൽ  ഇപ്പോഴും കാതിൽ മുഴങ്ങുന്നു. കൊലപാതക  കാരണത്തെപറ്റി പലരും പലതും പറയുന്നുണ്ട്. കാരണമെന്തായാലും, അവന്റേതായ കുറ്റം കൊണ്ടല്ലാതെ മാനസിക വെല്ലുവിളിയുമായി ഈ ഭൂമിയിൽ പിറക്കാൻ വിധിക്കപ്പെട്ട ഒരു ഭിന്നശേഷിക്കാരന്റെ മരണം കൂടി നടന്നിരിക്കുന്നു. ഇനിയും ഇങ്ങനെയൊരു മരണം സംഭവിക്കാതിരിക്കാനായി ഈ രോദനം നമ്മുടെ ഹൃദയത്തിൽ ആഞ്ഞു തറയ്ക്കട്ടെ. അയൽവീട്ടിൽ ഇത്തരം ഒരു കുട്ടിയുണ്ടെങ്കിൽ ആ കുട്ടിയും വീട്ടുകാരും എങ്ങനെ കഴിയുന്നു എന്ന് നമ്മളും അറിയേണ്ടിയിരിക്കുന്നു. അവരുടെ സംരക്ഷണം നമ്മുടെ കൂടി ഉത്തരവാദിത്തമാണ്. ഔദാര്യമല്ല അത്. നമ്മുടെ കടമയാണ്....

click me!