'അപരിചിതരെ ഉമ്മ വയ്ക്കുക'; ചൈനയില്‍ പുതിയ ട്രെൻഡ്

By Web Team  |  First Published Dec 19, 2022, 9:18 PM IST

അപരിചിതര്‍ പരസ്പരം ഉമ്മ വയ്ക്കുകയെന്നതാണ് ഈ പുതിയ ട്രെൻഡ്. 'മൗത്ത് ബഡ്ഡീസ്' എന്നാണ് ഈ ട്രെൻഡിന്‍റെ പേര്. എന്നുവച്ചാല്‍ ചുംബനത്തിലൂടെ മാത്രം ബന്ധത്തിലാകുന്നവര്‍.


'ഡേറ്റിംഗ്' എന്ന പദം ഈ അടുത്ത കാലം വരെ നമ്മുടെ സമൂഹത്തില്‍ അത്ര പരിചിതമായിരുന്നില്ല. എന്നാല്‍ ഇന്ന് പുതുതലമുറയില്‍ ഭൂരിഭാഗം പേരും 'ഡേറ്റിംഗ്' എന്ന പദം മാത്രമല്ല, ഇതിന്‍റെ പ്രായോഗികതയും സൗകര്യങ്ങളുമെല്ലാം പരീക്ഷിക്കുന്നവരാണ്.

പ്രണയബന്ധത്തിലേക്ക് കടക്കും മുമ്പ് വ്യക്തികള്‍ പരസ്പരം അറിയുന്നതിനും മനസിലാക്കുന്നതിനുമെല്ലാം എടുക്കുന്ന സമയമെന്ന് ലളിതമായി 'ഡേറ്റിംഗി'നെ പറയാം. എന്നാല്‍ പ്രണയബന്ധത്തിലേക്ക് കടക്കുന്നതിന് വേണ്ടിയല്ലാതെയും ആളുകള്‍ 'ഡേറ്റിംഗ്' ചെയ്യാറുണ്ട്. ഒരു ദിവസത്തെ കൂടിക്കാഴ്ചയും കറക്കവുമെല്ലാം ഇങ്ങനെ രേഖപ്പെടുത്താവുന്നതാണ്.

Latest Videos

undefined

ഒരുപാട് പേര്‍ ഡേറ്റിംഗിന് എതിരായി നില്‍ക്കുന്നുണ്ട്. ഇത് നമ്മുടെ സംസ്കാരത്തിന് യോജിച്ചതല്ലെന്ന നിലപാടാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്നത്. അതേസമയം ഡേറ്റിംഗ് പ്രണയബന്ധത്തിലോ വിവാഹജീവിതത്തിലോ വന്നേക്കാവുന്ന പ്രശ്നങ്ങളെ മുൻകൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ സഹായിക്കുമെന്നും ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാക്കാൻ സഹായിക്കുമെന്നും വാദിക്കുന്നവര്‍ മറുവിഭാഗത്ത്. 

എന്തായാലും ഡേറ്റിംഗ് പല രീതിയില്‍ ജീവിതത്തിലേക്ക് കൊണ്ടുവന്നിട്ടുള്ളവര്‍ ഇന്ന് നമ്മുടെ സമൂഹത്തിലും ഏറെയാണെന്ന് നിസംശയം പറയാം. ഇപ്പോഴിതാ ചൈനയില്‍ വ്യത്യസ്തമായൊരു ഡേറ്റിംഗ് ട്രെൻഡ് ആണ് ശ്രദ്ധ നേടുന്നത്. വലിയ രീതിയിലാണ് ഇത് വാര്‍ത്തകളിലും ഇടം നേടിയിരിക്കുന്നത്. 

അപരിചിതര്‍ പരസ്പരം ഉമ്മ വയ്ക്കുകയെന്നതാണ് ഈ പുതിയ ട്രെൻഡ്. 'മൗത്ത് ബഡ്ഡീസ്' എന്നാണ് ഈ ട്രെൻഡിന്‍റെ പേര്. എന്നുവച്ചാല്‍ ചുംബനത്തിലൂടെ മാത്രം ബന്ധത്തിലാകുന്നവര്‍. എന്നാല്‍ ഈ ഉമ്മയിലും അപ്പുറത്തേക്ക് ബന്ധം കൊണ്ടുപോകാൻ ആരും താല്‍പര്യപ്പെടുന്നില്ല. അതുതന്നെയാണ് ഈ ട്രെൻഡിന്‍റെ പ്രത്യേകതയും. ഒരു ചുംബനത്തിന്‍റെ മാത്രം ബന്ധം. 

'ഉമ്മ വയ്ക്കുകയെന്നത് അത്ര വലിയൊരു സംഭവമായി കാണേണ്ടതില്ല. ഈ ട്രെൻഡിന്‍റെ ഭാഗമായി പരസ്പരം ഉമ്മ വച്ച പലരെയും എനിക്കറിയാം. എന്നാല്‍ ഇവരാരും ഇതിന് ശേഷം ബന്ധം സൂക്ഷിച്ചിട്ടില്ല. ഇത്രയേ ഇതുകൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ. ഉമ്മ വയ്ക്കാനായി ഒരു പങ്കാളിയെ താല്‍ക്കാലികമായി കിട്ടുമ്പോഴും നമ്മള്‍ നമ്മുടെ പ്രണയത്തെയാണ് ചുംബിക്കുന്നതെന്ന് ചിന്തിക്കും. അത് നല്ലതല്ലേ...'- ഗുവാൻ ലീ എന്ന വിദ്യാര്‍ത്ഥിയുടെ വാക്കുകള്‍. 

പഠനത്തിന്‍റെയോ ജോലിത്തിരക്കിന്‍റെയോ ഇടയില്‍ പ്രണയബന്ധം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്തവര്‍ക്കും, മറ്റ് പല കാരണങ്ങള്‍ കൊണ്ടും പ്രണയബന്ധത്തിലേക്ക് എത്താൻ സാധിക്കാത്തവര്‍ക്കുമെല്ലാം ആശ്വാസമേകാനും ഈ ട്രെൻഡ് ഉപകരിക്കുന്നുവെന്നും പലരും പറയുന്നു. 

'പ്രണയബന്ധം എന്നാല്‍ കുറച്ചുകൂടി സങ്കീര്‍ണമാണ്. അതിന് പല വശങ്ങളുമുണ്ട്. ചിലര്‍ക്ക് ഇതൊന്നും കൈകാര്യം ചെയ്യാൻ സാധിക്കില്ല. ചുംബനം എന്നത് ശാരീരികമായി മാത്രമല്ല മാനസികമായും നമ്മെ പോസിറ്റീവായി സ്വാധീനിക്കുന്നതാണ്. അതിനാല്‍ ഇവര്‍ക്കും ചുംബനത്തിന്‍റെ സ്വാധീനമുണ്ടാകുന്നത് നല്ലതാണെന്ന് ഞാൻ ചിന്തിക്കുന്നു...'- ഷെങ് പെങ് എന്ന മറ്റൊരു വിദ്യാര്‍ത്ഥികളുടെ വാക്കുകള്‍.

അധികവും യുവാക്കള്‍ തന്നെയാണ് 'മൗത്ത് ബഡ്ഡീസ്' ട്രെൻഡുമായി മുന്നോട്ടുപോകുന്നത്. എന്നാലിത് കൊവിഡ് കേസുകള്‍ കൂട്ടാൻ ഇടയാക്കുമെന്നും ഇത് ശരിയായ രീതിയല്ലെന്നുമെല്ലാം വാദിക്കുന്നവര്‍ ചൈനയിലുമുണ്ട്. അവിടത്തെ സോഷ്യല്‍ മീഡിയയായ 'വെയ്ബോ'യില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകളും സജീവമാണ്. 

Also Read:-ചാറ്റിലൂടെ പ്രണയം!; ചതിക്കപ്പെടാതിരിക്കാൻ ഇക്കാര്യങ്ങള്‍ ആദ്യമേ ശ്രദ്ധിക്കുക...

click me!