ദിവസങ്ങളായി തുറക്കാതെ ഇട്ടിരുന്ന കാര്‍ വൃത്തിയാക്കാൻ തുറന്നപ്പോള്‍ കണ്ടത്...

By Web Team  |  First Published Nov 6, 2022, 5:11 PM IST

ദിവസങ്ങളായി തുറക്കാതെയിട്ടിരുന്ന കാര്‍ തുറന്നപ്പോള്‍ ഇതിന്‍റെ ഉടമസ്ഥൻ കണ്ട ഞെട്ടിക്കുന്ന കാഴ്ചയാണ് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. ജാര്‍ഡ് സ്പ്ളാറ്റ് എന്നയാള്‍ സുഹൃത്തുക്കള്‍ക്ക് ട്രിപ് പോകുന്നതിന് നല്‍കിയിരിക്കുകയായിരുന്നു കാര്‍. 


ചില സിനിമകളിലെല്ലാം കാണുന്നത് പോലെ ഒരു ദിവസം പെട്ടെന്ന് നമ്മുടെ വീട്ടിലോ അല്ലെങ്കില്‍ നമ്മള്‍ ജീവിക്കുന്ന ചുറ്റുപാടിലോ ഏതെങ്കിലും ജീവികള്‍ പെറ്റുപെരുകിയിരിക്കുന്നതായി നമ്മള്‍ കണ്ടെത്തിയാലോ? നമ്മളറിയാതെ അവ നമ്മുടെ ഇടത്ത് തന്നെ പെരുകുകയായിരുന്നിരിക്കാം. എന്നാലൊരു ദിവസം തീര്‍ത്തും അപ്രതീക്ഷിതമായി അവരുടെ ലോകം നമുക്ക് മുമ്പില്‍ വെളിപ്പെടുന്നു. 

വണ്ട്, എലി, പാറ്റ, പല്ലി എന്നിങ്ങനെ എന്തുമാകാം ഇത്. ഒറ്റപ്പെട്ട് ഒന്നോ രണ്ടോ ആയി ഇവയെ കാണുന്നത് പോലെയാണോ ഒന്നിച്ച് നൂറുകണക്കിന് എണ്ണത്തെ കാണുന്നത്? 

Latest Videos

undefined

ചിലര്‍ക്ക് ഇതോര്‍ക്കുമ്പോള്‍ തന്നെ ഭയമോ അറപ്പോ എല്ലാം അനുഭവപ്പെടും. ഇത്തരത്തില്‍ ജീവികള്‍ ഒന്നിച്ച് ഇഴ‍ഞ്ഞുപോകുന്നത് കാണാൻ പോലും സാധിക്കാത്ത എത്രയോ മനുഷ്യരുണ്ട്. എന്തായാലും അത്തരക്കാര്‍ക്ക് ഭയം തോന്നിയേക്കാവുന്നൊരു സംഭവമാണിനി പങ്കുവയ്ക്കുന്നത്. 

ഓസ്ട്രേലിയയിലാണ് സംഭവം നടന്നിരിക്കുന്നത്. ദിവസങ്ങളായി തുറക്കാതെയിട്ടിരുന്ന കാര്‍ തുറന്നപ്പോള്‍ ഇതിന്‍റെ ഉടമസ്ഥൻ കണ്ട ഞെട്ടിക്കുന്ന കാഴ്ചയാണ് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. ജാര്‍ഡ് സ്പ്ളാറ്റ് എന്നയാള്‍ സുഹൃത്തുക്കള്‍ക്ക് ട്രിപ് പോകുന്നതിന് നല്‍കിയിരിക്കുകയായിരുന്നു കാര്‍. 

ഇതിന് ശേഷം തിരികെ കൊണ്ടുവന്ന് ഇട്ടിരുന്ന കാര്‍ ദിവസങ്ങളായി തുറന്നിരുന്നില്ല. അങ്ങനെ ഒന്ന് വൃത്തിയാക്കാമെന്ന് കരുതിയാണ് ഇദ്ദേഹം കാര്‍ തുറന്നത്. ഡിക്കിയില്‍ ആദ്യം കണ്ടത് അസാധാരണ വലുപ്പമുള്ള ഒരു എട്ടുകാലിയെ ആണ്. അത്ഭുതത്തോടെ താൻ അതിനെ നോക്കുകയാണ് അപ്പോള്‍ ചെയ്തതെന്ന് ജാര്‍ഡ് പറയുന്നു. 

അതിന് അരികിലായി തന്നെ വെളുത്ത നിറത്തിലെന്തോ കണ്ടു. അതിന്‍റെ മുട്ടയാണെന്ന് പിന്നെ മനസിലായി. അപ്പോഴും കൂടുതലൊന്നും ഓര്‍ത്തില്ല. എന്നാല്‍ ഇതിന് പിന്നാലെയായി എട്ടുകാലി മുട്ടകള്‍ വിരിഞ്ഞുണ്ടായ നൂറുകണക്കിന് കുട്ടികളെ കൂടി കണ്ടതോടെ താൻ അക്ഷരാര്‍ത്ഥത്തില്‍ മരവിച്ചുപോയി എന്നാണിദ്ദേഹം പറയുന്നത്.

മറ്റൊന്നുമല്ല, നമ്മള്‍ സാധാരണഗതിയില്‍ നമ്മുടെ വീടുകളിലും പരിസരങ്ങളിലും കാണുന്ന എട്ടുകാലിയല്ല ഇത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ എട്ടുകാലികളുടെ ഇനത്തില്‍ പെടുന്ന 'ഹണ്ട്സ്മാൻ സ്പൈഡര്‍' ആണ് സംഭവം. അസാധാരണമായ വലുപ്പം മാത്രമല്ല, ഇവയ്ക്ക് വിഷവും ഉണ്ട്. മനുഷ്യരെ കൊല്ലാനും മാത്രം വിഷമൊന്നും ഇവയ്ക്ക് പൊതുവെ ഉത്പാദിപ്പിക്കാൻ സാധിക്കാറില്ല. എങ്കിലും ഈ വിഷം അപകടം തന്നെ. ഇതിനെ നിസാരമായി എടുക്കാനും സാധിക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

അത്രയും അപൂര്‍വമായ ഇനത്തില്‍ പെടുന്ന എട്ടുകാലികളെയാണ് കൂട്ടമായി കാറിനകത്ത് കണ്ടിരിക്കുന്നത്. ബാക്കിയുള്ള മുട്ടകള്‍ കൂടി വിരിഞ്ഞ് ഇവ അവിടമാകെ കീഴടക്കുന്നതോര്‍ത്തപ്പോള്‍ പേടി തോന്നിയെന്നും പിന്നീട് പെട്ടെന്ന് തന്നെ കെമിക്കലുകളുടെ സഹായത്തോടെ അവയെ നശിപ്പിക്കാനുള്ള ശ്രമത്തിലേക്ക് കടന്നുവെന്നും ഇദ്ദേഹം പറയുന്നു. 

ഇത്തരത്തില്‍ ഹണ്ട്സ്മാൻ സ്പൈഡറുകള്‍ ഒന്നടങ്കമായി മനുഷ്യവാസമുള്ള സ്ഥലങ്ങളില്‍ കാണപ്പെടുന്നത് സാധാരണമല്ല. ഇത് കാഴ്ചയില്‍ തന്നെ അല്‍പം ഭയപ്പെടുത്തുന്നതുമായിരിക്കും. ഏതായാലും ജാര്‍ഡിന്‍റെ വിചിത്രമായ ഈ അനുഭവം വലിയ രീതിയിലാണ് ശ്രദ്ധേയമായിരിക്കുന്നത്. ഇതിന്‍റെ ചിത്രങ്ങളും കാര്യമായി പ്രചരിക്കുന്നുണ്ട്. 

Also Read:- 'ബോറടി' മാറ്റാൻ ലോകത്തിലെ ഏറ്റവും അപകടകാരിയായ ചെടി വളര്‍ത്തുന്ന ഒരാള്‍...

tags
click me!