തലമുടി കൊഴിച്ചിലുണ്ടോ? അടുക്കളയിലുള്ള ഈ അഞ്ച് വസ്തുക്കള്‍ കൊണ്ട് പരിഹരിക്കാം...

By Web Team  |  First Published Oct 13, 2020, 5:21 PM IST

നിങ്ങളുടെ അടുക്കളയില്‍ തന്നെയുള്ള ചില വസ്തുക്കള്‍ കൊണ്ട് കേശപരിപാലനം ചെയ്യാവുന്നതേയുള്ളൂ. 


തലമുടി കൊഴിച്ചിലും താരനും ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളാണ്. സ്ത്രീകളെയും പുരുഷന്മാരെയും ഇത് വളരെ ഭീകരമായി തന്നെ ബാധിക്കുന്നു.  ഇവയ്ക്ക് പലവിധത്തിലുള്ള മരുന്നുകളും പലരും പരീക്ഷിച്ചിട്ടുണ്ടാകും. എന്നാൽ പലതും പ്രതീക്ഷിച്ചത്ര വിജയം കണ്ടിട്ടുണ്ടാകില്ല. 

നിങ്ങളുടെ അടുക്കളയില്‍ തന്നെയുള്ള ചില വസ്തുക്കള്‍ കൊണ്ട് കേശപരിപാലനം ചെയ്യാവുന്നതേയുള്ളൂ. ഏതൊക്കെയാണ് ആ വസ്തുക്കളെന്ന് നോക്കാം. 

Latest Videos

undefined

ഒന്ന്... 

ഉള്ളിയാണ് ഈ പട്ടികയിലെ ഒന്നാമന്‍. കറികൾ മുതൽ സാലഡുകൾ വരെ എന്തിനുമേതിനും നമ്മൾ ഉള്ളി ഉപയോഗിക്കാറുണ്ട്. എന്നാല്‍ തലമുടി നന്നായി വളരാന്‍ സഹായിക്കുന്ന ഒന്നാണ് ഉള്ളി. ഉള്ളി നീര് തലയില്‍ പുരട്ടുന്നത് മുടി കൊഴിച്ചിലും താരനും അകറ്റാനും മുടി തഴച്ച് വളരാനും സഹായിക്കും. ഇതിനായി ഉള്ളി ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കാം. ഇങ്ങനെ കിട്ടുന്ന നീര്  മുടിയിൽ പുരട്ടാം. കോട്ടൺ ബോൾ ഉപയോ​ഗിച്ചുകൊണ്ട് നീര് ശിരോചർമ്മത്തിൽ പുരട്ടുന്നതാണ് ഏറേ നല്ലത്.

രണ്ട്...

മുടിയുടെ ആരോഗ്യത്തിന് വില്ലനാകുന്ന താരനെ ഒഴിവാക്കാൻ ആപ്പിൾ സിഡർ വിനാഗിരി ഉപയോഗിക്കാവുന്നതാണ്. കൂടാതെ മുടിയുടെ തിളക്കം വർധിപ്പിക്കാനും മുടിയുടെ ആരോഗ്യത്തിനും ആപ്പിൾ സിഡർ വിനാഗിരി നല്ലതാണ്. ഒരു ഗ്ലാസ്സ് വെള്ളത്തിലേക്ക് അൽപം ആപ്പിൾ സിഡർ വിനാഗിരി ഒഴിച്ച് നല്ലതു പോലെ മിക്സ് ചെയ്യുക. ശേഷം ഇത് നന്നായി തലയിൽ തേച്ച് മസാജ് ചെയാം. കുറച്ച് നേരം കഴിഞ്ഞ് കഴുകിക്കളയാം. 

മൂന്ന്...

പോഷകങ്ങളുടെ കലവറയാണ് മുട്ട. മുടിയുടെ ഘടനയെ സ്വാധീനിക്കാനും മുടി കൊഴിച്ചിൽ തടയാനുമെല്ലാം മുട്ടയിലെ പോഷകങ്ങള്‍ സഹായിക്കും. തൈരും മുട്ടയുടെ മഞ്ഞക്കരുവും ചേര്‍ത്ത് മിശ്രിതമാക്കി തലയോട്ടിയിലും മുടിയിലും പുരട്ടുന്നതും മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. അതുപോലെ തന്നെ, ഒരു മുട്ടയും മൂന്ന് ടീസ്പൂണ്‍ ഒലീവ് ഓയിലും മിക്സ് ചെയ്തത് തലയോട്ടിയിലും മുടിയിഴകളിലും തേച്ചുപിടിപ്പിക്കുന്നതും നല്ലതാണ്. തലമുടി കൊഴിച്ചില്‍ തടയാനും മുടിക്ക് തിളക്കവും കരുത്തും ലഭിക്കാനും ഇത് സഹായിക്കും.

നാല്...

ബേക്കിംഗ് സോഡയിലെ ആന്റിഫംഗല്‍ ഗുണങ്ങള്‍ താരന്‍ ഉണ്ടാക്കുന്ന ഫംഗസ് അണുബാധയെ നീക്കാന്‍ സഹായിക്കുന്നു. ഇതിനായി ഒലീവ് ഓയിലും ബേക്കിംഗ് സോഡയും സമം ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം തലയില്‍ പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

അഞ്ച്...

നമ്മുടെ വീട്ടിലെ കറിക്കൂട്ടുകളിൽ ഒന്നായ കറിവേപ്പില മുടി കൊഴിച്ചിൽ തടയാൻ സഹായകമായ ഏറ്റവും മികച്ച ഒരു പ്രതിവിധിയാണ്.  കറിവേപ്പില  മുടി കൊഴിച്ചിൽ തടയാനും മുടിയുടെ വളർച്ചയെ വർധിപ്പിക്കാനും സഹായിക്കും. ഒരു പാത്രത്തിൽ കുറച്ച് വെളിച്ചെണ്ണ എടുത്ത ശേഷം അതിൽ ഒരു പിടി കറിവേപ്പില കൂടി ചേർക്കുക. ശേഷം ചെറുതായിട്ട് ഒന്ന് ചൂടാക്കുക. തണുക്കാൻ അനുവദിച്ച ശേഷം ശുദ്ധമായ ഒരു കുപ്പിയിൽ അടച്ചു സൂക്ഷിക്കുക. ഈ എണ്ണ പതിവായി ഉപയോഗിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. 

Also Read: തലമുടി തഴച്ചു വളരും; ചെയ്യേണ്ട ഏഴ് കാര്യങ്ങള്‍...

click me!