Skin Care: എണ്ണമയമുളള ചര്‍മ്മത്തിനും വരണ്ട ചര്‍മ്മത്തിനും പരീക്ഷിക്കാം ഈ ഫേസ് പാക്കുകള്‍...

By Web Team  |  First Published Oct 7, 2022, 9:13 PM IST

എണ്ണമയമുളള ചര്‍മ്മമുളളവര്‍ ആദ്യം ചെയ്യേണ്ടത് ഇടയ്ക്കിടയ്ക്ക് മുഖം വെള്ളം ഉപയോഗിച്ച്  കഴുകുക എന്നതാണ്. അതുപോലെ തന്നെ, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കുക. 


ചര്‍മ്മത്തിന്‍റെ സ്വഭാവം എല്ലാവര്‍ക്കും ഒരുപോലെയാകില്ല. ചിലര്‍ക്ക് വരണ്ട ചര്‍മ്മം ആണെങ്കില്‍, മറ്റുചിലര്‍ക്ക് എണ്ണമയമുളള ചര്‍മ്മം ആയിരിക്കും. ഓരോ ചര്‍മ്മത്തിനും അനുയോജ്യമായ ഫേസ് പാക്കുകള്‍ വീട്ടില്‍ തയ്യാറാക്കി ഉപയോഗിക്കുന്നതാണ് ഉത്തമം. 

എണ്ണമയമുളള ചര്‍മ്മമുളളവര്‍ ആദ്യം ചെയ്യേണ്ടത് ഇടയ്ക്കിടയ്ക്ക് മുഖം വെള്ളം ഉപയോഗിച്ച്  കഴുകുക എന്നതാണ്. അതുപോലെ തന്നെ, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കുക. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ചര്‍മ്മ സംരക്ഷണം കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാകാം. പല കാരണങ്ങള്‍ കൊണ്ടും  ചര്‍മ്മം വരണ്ടതാകാന്‍ സാധ്യതയുണ്ട്. അതില്‍ ഏറ്റവും പ്രധാനം ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാത്തത് കൊണ്ടാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. വെള്ളം ധാരാളമായി കുടിക്കുന്നത് ശരീരത്തിന് മാത്രമല്ല ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

Latest Videos

undefined

എണ്ണമയമുളള ചര്‍മ്മത്തിനും വരണ്ട ചര്‍മ്മത്തിനും പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം... 

ഒന്ന്...

കറ്റാര്‍വാഴ ചര്‍മ്മത്തിന് ഏറെ ഗുണം ചെയ്യുമെന്ന് എല്ലാവര്‍ക്കും അറിയാം. എണ്ണമയമുളള ചര്‍മ്മത്തിനും വരണ്ട ചര്‍മ്മത്തിനും  ഇവ ഒരുപോലെ നല്ലതാണ്. ഒരു ടീസ്പൂൺ കറ്റാർവാഴ നീരിൽ ഒരു ടീസ്പൂൺ തൈരും അര ടീസ്പൂൺ ചന്ദനപ്പൊടിയും ചേർത്ത് മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. എണ്ണമയമുളള ചര്‍മ്മത്തിനും വരണ്ട ചര്‍മ്മത്തിനും ഇത് പരീക്ഷിക്കാം. 

രണ്ട്...

കടലമാവും ഏത് ചര്‍മ്മത്തിനും ഗുണം ചെയ്യുന്നതാണ്. ഇതിനായി രണ്ട് ടീസ്പൂണ്‍ കടലമാവില്‍ ഒരു ടീസ്പൂണ്‍ തൈര് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം. നല്ലൊരു മോയിസ്ചറൈസറായി ഈ പാക്ക് പ്രവര്‍ത്തിക്കും. 

മൂന്ന്...

ഒരു ടീസ്പൂൺ മുൾട്ടാണി മിട്ടി, രണ്ട് ടീസ്പൂൺ കട്ടത്തൈര് എന്നിവ യോജിപ്പിക്കുക. കുഴമ്പ് പരുവത്തിൽ മിശ്രിതം ആകുന്നത് വരെ മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് എണ്ണമയമുള്ള ചര്‍മ്മത്തിന് പരീക്ഷിക്കാവുന്ന ഒന്നാണ്. 

നാല്...

അരക്കപ്പ് പപ്പായ നന്നായി ഉടച്ച് പേസ്റ്റാക്കി അതില്‍ ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകിക്കളയാം. ഈ മിശ്രിതം വരണ്ട ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. 

അഞ്ച്...

ഒരു ബൗളില്‍ മുട്ടയുടെ വെള്ള നന്നായി അടിക്കുക.  ഇതിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ റോസ് വാട്ടറും ഒരു ടീസ്പൂണ്‍ ഗ്ലിസറിനും ചേര്‍ത്ത് മുഖത്ത് പുരട്ടാം. 30 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താനും മൃദുലമാകാനും ഇത് നല്ലതാണ്. അതിനാല്‍ വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ഈ പാക്ക് പരീക്ഷിക്കാം. 

ആറ്...

ഒരു നുള്ള് മഞ്ഞള്‍, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ യോജിപ്പിച്ച് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി  20 മിനിറ്റിന് ശേഷം കഴുകിക്കളയാം. എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്ക് ഈ പാക്ക് ഉപയോഗിക്കാം. 

Also Read: കുട്ടികള്‍ക്ക് കൊടുക്കാന്‍ പാലക് പനീര്‍; ഈസി റെസിപ്പി പങ്കുവച്ച് ശില്‍പ ബാല

click me!