400 മണികൂര്‍, 750 മീറ്റര്‍ ഇന്‍സുലേഷന്‍ ടേപ്പ്; കൊറോണ തീമില്‍ ഒരു ഗൗണ്‍ !

By Web Team  |  First Published Jun 26, 2020, 7:05 PM IST

പല നിറത്തിലും വലിപ്പത്തിലുമുള്ള ടേപ്പുകള്‍ കൊണ്ടാണ് ഗൗണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. നീല നിറമാണ് കൂടുതലായി ഉപയോഗിച്ചിരിക്കുന്നത്.  


ലോക്ക്ഡൗണ്‍ കാലത്ത് പത്രക്കടലാസില്‍ ഫാഷന്‍ പരീക്ഷണങ്ങള്‍ നടത്തിയ പലരുടെയും വാര്‍ത്തകള്‍ നാം കണ്ടതാണ്. എന്നാല്‍ ഇവിടെയാരു പെണ്‍കുട്ടി 'ഡക്ട് ടേപ്പ്' അഥവാ 'ഇന്‍സുലേഷന്‍ ടേപ്പ്' ഉപയോഗിച്ചാണ് തന്‍റെ ഫാഷന്‍ പരീക്ഷണം നടത്തിയിരിക്കുന്നത്. സ്പാര്‍ട്ട സ്വദേശിനിയായ പെയ്തണ്‍ മാന്‍കര്‍ എന്ന പതിനെട്ടുകാരിയാണ് ഈ മനോഹരമായ പരീക്ഷണത്തിന് പിന്നില്‍. 

Latest Videos

undefined

 

ഇരുമ്പ് സാധനങ്ങള്‍ പൊതിയാന്‍ ഉപയോഗിക്കുന്ന ഡക്ട് ടേപ്പ് കൊണ്ട് അതിമനോഹരമായ ഒരു ഗൗണ്‍ ആണ് പെയ്തണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. കൊറോണ വൈറസ് തീമിലാണ് ഈ ഗൗണ്‍ ചെയ്തിരിക്കുന്നത്. 750 മീറ്ററോളം ടേപ്പ് ഇതിനായി വേണ്ടിവന്നു.  400 മണിക്കൂര്‍ സമയം എടുത്താണ് ഇത് ചെയ്തത് എന്നും പെയ്തണ്‍ പറയുന്നു. അതായത് ഏകദേശം പതിനേഴ് ദിവസം. 

10,000 ഡോളറിന്റെ സ്‌കോളര്‍ഷിപ്പിനുള്ള 'സ്റ്റക് അറ്റ് പ്രോം' എന്ന മത്സരത്തിന് വേണ്ടിയാണ് പെയ്തണ്‍ ഈ പരീക്ഷണം നടത്തിയത്. 'ഡക്ക് ബ്രാന്‍ഡ്' എന്ന അമേരിക്കന്‍ കമ്പനിയാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്.  

 

ചിത്രം വരയ്ക്കാനും വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യാനും മുന്‍പേ പെയ്തണിന് ഇഷ്ടമാണ്. ആദ്യം ലിയനാര്‍ഡോ ഡാവിഞ്ചിയുടെ ചിത്രങ്ങളുള്ള വസ്ത്രം ചെയ്യാനായിരുന്നു തീരുമാനം. പിന്നീട് കൊറോണ തീമിലേക്ക് എത്തുകയായിരുന്നു. 

 

പല നിറത്തിലും വലിപ്പത്തിലുമുള്ള ടേപ്പുകള്‍ കൊണ്ടാണ് ഗൗണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. നീല നിറമാണ് കൂടുതലായി ഉപയോഗിച്ചിരിക്കുന്നത്.  മാസ്‌ക് ധരിച്ച ആളുകള്‍, ഡോക്ടര്‍മാര്‍,  നഴ്സുമാര്‍, മാസ്‌കിനരികിലേക്ക് വരുന്ന കൊറോണ വൈറസുകള്‍... അങ്ങനെ കൊറോണക്കാലം മുഴുവനും ഈ ഗൗണില്‍ കാണാം.  

 

ഒപ്പം കൊറോണ വൈറസിന്റെ ആകൃതിയിലുള്ള ഹാന്‍ഡ് ബാഗ്, ഹെയര്‍ ക്ലിപ്പ്, കമ്മലുകള്‍, റിസ്റ്റ്ബാന്‍ഡ് , മാസ്ക് എന്നിവയും പെയ്തണ്‍ ഡിസൈന്‍ ചെയ്തു. 

 

ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. ' ലോകം മുഴുവന്‍ ഈ വസ്ത്രം വൈറലായതില്‍ അതിയായ സന്തോഷമുണ്ട്. ഇത് ഒരിക്കലും പ്രതീക്ഷിച്ചതല്ല. ധാരാളം സന്ദേശങ്ങള്‍ വരുന്നുണ്ട്. സന്തോഷം '- എന്നാണ് പെയ്തണിന്‍റെ പ്രതികരണം. 

 

Also Read: 'ഇത് ലോക്ക്ഡൗണ്‍ കാലത്ത് കിട്ടിയ ഐഡിയ'; പത്രകടലാസ് കൊണ്ട് സാരി ഉടുത്ത് ടെക്കി...

 

click me!