രണ്ട് പേരുടെ ജീവന് താങ്ങുനല്‍കി മരണത്തിലേക്കിറങ്ങിപ്പോയി ഒന്നര വയസുകാരി

By Web Team  |  First Published Nov 13, 2022, 11:44 AM IST

നവംബര്‍ ആറിനായിരുന്നു വീടിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് മാഹിറ വീണത്. നവംബര്‍ പതിനൊന്നോടെ ചികിത്സയിലിരിക്കെ എയിംസില്‍ വച്ച് മാഹിറയുടെ  മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. 


അപ്രതീക്ഷിതമായി സംഭവിക്കുന്ന മരണങ്ങള്‍ ഉണ്ടാക്കുന്ന ആഘാതവും വേദനയും വളരെ വലുതാണ്. എന്നാല്‍ ഇത് ഉള്‍ക്കൊള്ളുകയെന്നതല്ലാതെ നമുക്ക് മറ്റ് മാര്‍ഗങ്ങളില്ലല്ലോ. ഈ അവസ്ഥയിലും അവര്‍ക്ക് വേണ്ടി അവസാനമായി ചെയ്യാവുന്ന കാര്യങ്ങള്‍ പ്രിയപ്പെട്ടവര്‍ മറന്നുപോകരുത്. അത്തരത്തിലൊരു ഉദ്യമമാണ് അവയവദാനം.

ഇപ്പോഴിതാ ദില്ലിയില്‍ ഒന്നരവയസുള്ളൊരു കുഞ്ഞ് രണ്ട് ജീവനുകള്‍ക്കാണ് ഇതുപോലെ കാവലായി മാറിയിരിക്കുന്നത്. ബാല്‍ക്കണിയില്‍ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച പെണ്‍കുഞ്ഞിന്‍റെ രണ്ട് വൃക്കകളും കരളും രണ്ട് പേര്‍ക്കാണ് ജീവിതം മടക്കി നല്‍കിയിരിക്കുന്നത്. 

Latest Videos

undefined

അവയവദാനത്തിന്‍റെ പ്രാധാന്യവും അതിന്‍റെ മൂല്യവും അതുയര്‍ത്തുന്ന കരുണയുടെ സന്ദേശവുമെല്ലാം ഈ ഒരു സംഭവത്തിലൂടെ നമുക്ക് അനുഭവപ്പെടാം. ദില്ലി എയിംസിലായിരുന്നു ഹരിയാനയിലെ മേവത്ത് സ്വദേശിയായ മാഹിറ എന്ന ഒന്നര വയസുകാരിയെ തലയ്ക്ക് ഗുരുതര പരുക്കുകളോടെ എത്തിച്ചത്. നവംബര്‍ ആറിനായിരുന്നു വീടിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് മാഹിറ വീണത്. നവംബര്‍ പതിനൊന്നോടെ ചികിത്സയിലിരിക്കെ എയിംസില്‍ വച്ച് മാഹിറയുടെ  മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. 

ഇതോടെ മാഹിറയുടെ മാതാപിതാക്കളുമായി ഡോക്ടര്‍മാര്‍ സംസാരിക്കുകയായിരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ ഇത്തരത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച ഒരു വയസുള്ള കുഞ്ഞും, ആറ് വയസുള്ള കുഞ്ഞും മറ്റ് പല ജീവനുകള്‍ക്കും താങ്ങായി മാറിയ കഥ അവര്‍ മാഹിറയുടെ മാതാപിതാക്കളോട് പറഞ്ഞു. 

ഒടുവില്‍ എല്ലാ വേദനകള്‍ക്കുമിടയില്‍ അവയവദാനത്തിന് മാഹിറയുടെ മാതാപിതാക്കള്‍ സമ്മതിച്ചു. അങ്ങനെ മാഹിറയുടെ കരള്‍ ആറ് മാസം പ്രായമുള്ളൊരു കുഞ്ഞിനും വൃക്കകള്‍ ഇരുവൃക്കകളും തകരാറിലായി മരണത്തോളമെത്തി നിന്ന പതിനേഴുകാരനും നല്‍കുകയായിരുന്നു. മാഹിറയുടെ കോര്‍ണിയകളും ഹൃദയ വാല്‍വുകളും പിന്നീട് അനുയോജ്യരായ രോഗികളെ ലഭിക്കുമ്പോള്‍ അവര്‍ക്ക് നല്‍കാനായി മാറ്റിവച്ചിട്ടുണ്ട്. 

ദില്ലിയില്‍ ഇത്തരത്തില്‍ അവയവദാനം നടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞവരില്‍ രണ്ടാത്തെയാളെന്ന ബഹുമതിക്കാണ് ഇതോടെ മാഹിറ അര്‍ഹയായിരിക്കുന്നത്. അവയവദാനത്തിന്‍റെ പ്രാധാന്യം ഏവരിലേക്കുമെത്തിക്കുന്നതിനാണ് എയിംസ് അധികൃതര്‍ മാഹിറയെ കുറിച്ചും പരസ്യമായി പങ്കുവച്ചത്. എന്നാല്‍ ഉയരങ്ങളില്‍ നിന്ന് വീണ് പരുക്കേറ്റ് കുഞ്ഞുങ്ങള്‍ മരിക്കുന്ന കേസുകള്‍ കൂടിവരികയാണെന്നും ഇത്തരത്തിലുള്ള പല സംഭവങ്ങളും നമുക്ക് ഒഴിവാക്കാവുന്നതാണെന്നും ഡോക്ടര്‍മാര്‍ ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തുന്നു. കുട്ടികളുള്ള വീടുകളിലുള്ളവര്‍ ഇക്കാര്യങ്ങള്‍ എപ്പോഴും ശ്രദ്ധിക്കണമെന്നും ഇവര്‍ അഭ്യര്‍ത്ഥിക്കുന്നു. 

Also Read:- ജീവനും ജീവിതവും പങ്കിട്ടെടുത്തു; 'ഇതിലും മികച്ച പ്രണയകഥയുണ്ടോ?'

click me!