നാപ്‌കിൻ പാഡുകൾക്ക് പകരമുള്ള മെൻഡ്ട്രൽ കപ്പുകൾക്ക് പ്രിയമേറുന്നു

By Web Desk  |  First Published Nov 22, 2017, 8:54 AM IST

ആർത്തവ ദിനങ്ങൾ സ്‌ത്രീകളെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടേറിയവയാണ്. ദീ‌ർഘദൂരയാത്രകളോ മറ്റോ ആണെങ്കിൽ പറയുകയും വേണ്ട. നമ്മുടെ നാട്ടിൽ സ്‌ത്രീകൾ നാപ്‌കിൻ പാഡുകളാണ് ഈ ദിവസങ്ങളിൽ ഉപയോഗിക്കാറുള്ളത്. എന്നാൽ നാപ്‌കിൻ പാഡുകൾക്ക് വളരെയേറെ ന്യൂനതകളുണ്ട്. പലതവണ അത് മാറ്റണം, ദീർഘനേരമുള്ള ഉപയോഗം അണുബാധയുണ്ടാക്കും, പരിസ്ഥിതിക്കുണ്ടാക്കുന്ന ദോഷമാണെങ്കിൽ പറയുകയും വേണ്ട. പാശ്ചാത്യനാടുകളിൽ ഉൾപ്പടെ നാപ്‌കിൻ പാഡുകൾക്ക് പകരം മറ്റുചില കാര്യങ്ങൾക്കാണ് ഇപ്പോൾ പ്രചാരം. യോനിയിലേക്ക് കടത്തിവെക്കാവുന്ന സാനിറ്ററി ടാംപൂൺ, മെൻസ്ട്രൽ കപ്പ് എന്നിവ പോലെയുള്ള നാപ്‌കിൻ ഉൽപന്നങ്ങൾ ഇപ്പോൾ നമ്മുടെ നാട്ടിലും ലഭ്യമാണ്. അവയുടെ ഗുണങ്ങളും പ്രവ‍ർത്തനരീതികളും നോക്കാം...

മെൻസ്‌ട്രൽ കപ്പ്

Latest Videos

undefined

അമിതമായ രക്തസ്രാവമുള്ള ദിവസങ്ങളിൽ ദീർഘദൂരയാത്ര ചെയ്യേണ്ടിവരുന്നവ‍ർക്ക് പാഡു മാറ്റുന്നത് ശരിക്കും ദുഷ്‌ക്കരമായ കാര്യമാണ്. അത്തരക്കാർക്ക് ഏറെ ഗുണകരമായ ഒന്നാണ് മെൻസ്ട്രൽ കപ്പുകൾ. ഇത് ഒരിക്കൽ ഉപയോഗിച്ച് കളയേണ്ടിവരില്ല. അഞ്ചു വർഷം വരെ ഒരു കപ്പ് ഉപയോഗിക്കാനാകും. പാഡുകൾ വലിച്ചെടുക്കുന്നതിന്റെ ഇരട്ടിയോളം രക്തം മെൻസ്ട്രൽ കപ്പ് ശേഖരിക്കും. തുടർച്ചയായി 12 മണിക്കൂർ വരെ ഉപയോഗിക്കാനാകുമെന്നതാണ് മറ്റൊരു സവിശേഷത. അമിതരക്തസ്രാവമുള്ളപ്പോഴും യാത്രകളിലും പാഡുകളേക്കാൾ ഗുണകരം കപ്പുകളാണ്. പാഡുകൾ വെക്കുമ്പോഴുള്ള ദു‍ർഗന്ധവും ഇതിനില്ല. കൂടാതെ പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്നുമില്ല. പാശ്ചാത്യനാടുകളിൽ പതിറ്റാണ്ടുകളായി പ്രചാരത്തിലുണ്ടായിരുന്നെങ്കിലും നമ്മുടെ നാട്ടിൽ ഈ അടുത്ത കാലം മുതലാണ് കപ്പുകൾ ലഭ്യമായി തുടങ്ങിയത്. പ്രധാനമായും മെഡിക്കൽ ഗ്രേഡ് സിലിക്കണിൽ നിർമ്മിക്കുന്ന മെൻസ്‌ട്രൽ കപ്പുകൾക്ക് നിർമ്മാണസാമഗ്രിയുടെ നിലവാരത്തിന് അനുസരിച്ച് 400 രൂപ മുതലാണ് വില. പ്രധാനമായും കേരളത്തിലെ പ്രമുഖ നഗരങ്ങളിലും ബംഗളുരുവിലുമൊക്കെ ഇതിന് ആവശ്യക്കാർ കൂടുതലാണ്. നിലവിൽ എല്ലാ മെഡിക്കൽ ഷോപ്പുകളിലും ലഭ്യമല്ലെങ്കിലും, ഓൺലൈൻ വഴി മെൻസ്ട്രൽ കപ്പുകൾ വാങ്ങുന്നവരുടെ എണ്ണം കൂടുതലാണ്. മുഖ്യമായും പുതുതലമുറ പാഡ് ഉപേക്ഷിച്ച് മെൻസ്‌ട്രൽ കപ്പുകളിലേക്ക് മാറുന്നുണ്ട്. ഒരു ആർത്തവകാലം പിന്നിടുമ്പോൾ ഇത് നല്ലരീതിയിൽ അണുവിമുക്തമാക്കി സൂക്ഷിച്ചുവേണം അടുത്ത ആർത്തവകാലത്ത് ഉപയോഗിക്കേണ്ടത്.

സാനിട്ടറി ടാംപൂൺ

സാനിട്ടറി പാഡും മെൻസ്ട്രൽ കപ്പുമല്ലാതെ പൊതുവെ സ്‌ത്രീകൾ ഉപയോഗിച്ചുവരുന്ന ഒന്നാണിത്. യോനിയ്ക്ക് ഉള്ളിലേക്ക് കടത്തിവെക്കാവുന്ന രീതിയിലാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്. ആ‍ർത്തവരക്തം ഒഴിവാക്കുകയും നനവ് ഇല്ലാതാക്കുകയും ചെയ്യുമെന്നതാണ് ഇതിന്റെ മുഖ്യ സവിശേഷത. പാഡുകളെ അപേക്ഷിച്ച് കൂടുതൽ സമയം ഉപയോഗിക്കാനാകും. അതേസമയം ചിലരിലെങ്കിലും ഇത് അണുബാധയ്‌ക്ക് കാരണമാകുമെന്ന് അനുഭവസ്ഥ‍ർ പറയുന്നുണ്ട്. പ്രധാന നഗരങ്ങളിലെ മെഡിക്കൽ ഷോപ്പുകളിൽ ലഭ്യമാകുന്ന സാനിട്ടറി ടാംപൂണിന് 150 രൂപ മുതലാണ് വില.

click me!