ഏതു പ്രായത്തിൽ ഉള്ളവർക്കും സാമ്പത്തിക ആസൂത്രണത്തിന് ഏറ്റവും യോജിച്ച ഒരു മാർഗം കൂടിയാണ് ചിട്ടി. ജോലിയിൽ കയറുന്ന ഒരാൾക്ക് ഭാവിയിലെ ഓരോ ആവശ്യങ്ങളും മുന്നിൽ കണ്ടു ചിട്ടി ചേരാവുന്നതാണ്. വാഹനം വാങ്ങുന്നതിനു മുതൽ, വിവാഹത്തിനും, വീട് നിർമ്മിക്കുന്നതിനും തുടങ്ങി ഭാവിയിലെ എല്ലാ ആവശ്യങ്ങൾക്കും ഉപകരിക്കുന്ന രീതിയിൽ ചിട്ടിയിൽ നിക്ഷേപം നടത്തുവാൻ സൗകര്യമുണ്ട്.
കുറിയെന്നും ചിട്ടിയെന്നും പേരുള്ള ഈ നിക്ഷേപപദ്ധതി പഴയകാലം മുതൽക്കേ വിവിധ നാടുകളിൽ വ്യാപാരികളുടേയും സാമൂഹികകൂട്ടായ്മകളുടേയും ഇടയിൽ നിലനിന്നിരുന്ന ഒരു സമ്പാദ്യ പദ്ധതിയാണ്. വായ്പയുടേയും നിക്ഷേപത്തിൻ്റേയും സ്വഭാവങ്ങൾ ഈ പദ്ധതിക്കുണ്ട്. വലിയ സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാനുള്ള സുഗമമായ ഒരു മാർഗ്ഗം എന്നതിനാലാണ് ചെറിയ കുടുംബകൂട്ടായ്മകൾ തൊട്ട് വലിയ കമ്പനികൾ വരെ ഈ രംഗത്തുള്ളത്.
കാലഘട്ടം മാറിയതോടെ ഈ രംഗത്ത് തട്ടിപ്പുകളും കൂടിത്തുടങ്ങി. അങ്ങനെ ചിട്ടി നടത്തിപ്പിന് നിയമങ്ങൾ വരികയും പൊതുമേഖലാസ്ഥാപനങ്ങൾ ഉപഭോക്താക്കളുടെ സുരക്ഷക്കായി രംഗത്തെത്തുകയും ചെയ്തു. അങ്ങനെ നൂറുശതമാനം നിയമവിധേയവും സുരക്ഷിതവുമായി ചിട്ടി നടത്തുന്ന ഏറ്റവും ശക്തമായ പൊതുമേഖലാസ്ഥാപനമാണ് കേരള സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള കെ.എസ്.എഫ്.ഇ.
undefined
1982 ലെ ചിട്ട്ഫണ്ട് ആക്റ്റ് അനുസരിച്ച് കേന്ദ്രസർക്കാർ ചിട്ടിയെ ഇങ്ങനെ നിർവ്വചിക്കുന്നു: 'ചിട്ട്, ചിറ്റ്ഫണ്ട്, ചിട്ടി,കുറി എന്ന പേരുകളിൽ അറിയപ്പെടുന്ന പണമിടപാടിൽ ഒരാൾ ഒരു കൂട്ടം ആളുകളുമായി കരാറിൽ ഏർപ്പെടുകയാണ്. ആ കരാർ പ്രകാരം എല്ലാവരും ഒരു പ്രത്യേക സംഖ്യ ആവർത്തന സ്വഭാവമുള്ള തവണകളായി ഒരു പ്രത്യേക കാലയളവിൽ അടയ്ക്കേണ്ടതാണ്. ഓരോ ഇടപാടുകാരനും ലേലം വഴിയോ നറുക്കു വഴിയോ ചിട്ടി എഗ്രിമെന്റിൽ പറഞ്ഞിട്ടുള്ള മറ്റേതെങ്കിലും രീതി വഴിയോ ചിട്ടിപ്പണം കൈപ്പറ്റാനുള്ള അവസരം ഊഴമനുസരിച്ച് ലഭ്യമാകും'.
ചിട്ടി ചേർക്കുന്നയാളെ 'മുമ്പൻ' എന്നോ 'തലയാൾ' എന്നോ വിശേഷിപ്പിക്കുമ്പോൾ ചിട്ടിയിൽ ചേരുന്നയാൾ 'ചിറ്റാളൻ' ആണ്. കുറിപ്പ് എന്ന അർത്ഥമുള്ള ചിറ്റ് എന്ന വാക്കിൽ നിന്നാണ് ചിട്ടി അഥവാ കുറി എന്ന പ്രയോഗം ഉണ്ടായത്. പങ്കാളികളുടെയെല്ലാം പേര് ഒരോ കുറിപ്പായി/ചിറ്റായി എഴുതി ചുരുട്ടിയിട്ട് നറുക്കെടുത്താണ് ഓരോ തവണയും കുറിപ്പണം ലഭിക്കാൻ അർഹതയുള്ളയാളെ കണ്ടെത്തുന്നത്. അങ്ങനെ കുറിക്ക്/ചിറ്റിന് പ്രാധാന്യമുള്ള നിക്ഷേപപദ്ധതി കുറിയും ചിട്ടിയുമായി.
ഭാവിയിലെ സാമ്പത്തികാവശ്യങ്ങൾ മുന്നിൽ കണ്ട് നന്നായി പ്ലാൻ ചെയ്ത് വേണം നമുക്ക് യോജിക്കുന്ന ചിട്ടി തിരഞ്ഞെടുക്കാൻ. പെട്ടെന്നുള്ള ആവശ്യങ്ങൾക്ക് ഹ്രസ്വകാല ചിട്ടിയും കുറച്ചു വർഷങ്ങൾക്കു ശേഷം വേണ്ടിവരുന്ന സാമ്പത്തിക ആവശ്യങ്ങൾക്ക് ദീർഘകാല ചിട്ടിയും ചേരണം. ഏതു പ്രായത്തിൽ ഉള്ളവർക്കും സാമ്പത്തിക ആസൂത്രണത്തിന് ഏറ്റവും യോജിച്ച ഒരു മാർഗം കൂടിയാണ് ചിട്ടി. ജോലിയിൽ കയറുന്ന ഒരാൾക്ക് ഭാവിയിലെ ഓരോ ആവശ്യങ്ങളും മുന്നിൽ കണ്ടു ചിട്ടി ചേരാവുന്നതാണ്. വാഹനം വാങ്ങുന്നതിനു മുതൽ, വിവാഹത്തിനും, വീട് നിർമ്മിക്കുന്നതിനും കുട്ടികളുടെ പഠനം, വിവാഹം തുടങ്ങി ഭാവിയിലെ എല്ലാ ആവശ്യങ്ങൾക്കും ഉപകരിക്കുന്ന രീതിയിൽ ചിട്ടിയിൽ നിക്ഷേപം നടത്തുവാൻ സൗകര്യമുണ്ട്. വ്യാപാര/വ്യവസായ മേഖലകളിലുള്ളവർക്ക് പെട്ടെന്ന് കിട്ടുന്ന ഒരു വായ്പ എന്ന നിലയിൽ ഏറെ ഉപകാരപ്രദമാണ് ചിട്ടി.
1000 രൂപയുടെ 100 പേർ ചേർന്നുള്ള 100 തവണ ചിട്ടി എന്നാൽ 1 ലക്ഷം രൂപയുടെ ചിട്ടിയാണ്. പെട്ടെന്ന് പണം ആവശ്യമുള്ളവർ വിളിച്ചെടുക്കുമ്പോൾ വരുന്ന കുറവാണ് ചിട്ടിയുടെ ലാഭം. ഉദാഹരണമായി ആദ്യത്തെ തവണ വിളിച്ചെടുക്കുന്നയാൾ 75,000 രൂപയ്കാണ് ചിട്ടി വിളിച്ചെടുത്തതെങ്കിൽ അവിടെ ലാഭമായി വന്ന 25,000 രൂപ 100 ചിറ്റാളന്മാർക്കുമായി തുല്യമായി വീതിച്ച്, ആ തുക, 250 രൂപ, കുറച്ച് അടുത്ത തവണ അടച്ചാൽ മതിയാകും. ഇങ്ങനെ മുഴുവൻ തവണകളും അടച്ചു കഴിഞ്ഞ് മാത്രം പണമെടുക്കുന്നയാൾക്ക് ചിട്ടി എഗ്രിമെൻ്റ് പ്രകാരമുള്ള മുഴുവൻ തുകയും കിട്ടുമ്പോൾ അത് അന്ന് വരെ മൊത്തം അടച്ച തുകയിലും കൂടുതൽ വരും. സാമ്പത്തിക അത്യാവശ്യങ്ങൾ മൂലം വിളിച്ചെടുക്കുന്നവർക്കും ഒരു വായ്പയെടുക്കുന്നതിൻ്റെ പലിശയുമായി താരതമ്യം ചെയ്യുമ്പോൾ കുറവുവന്ന തുക ലാഭമായിതന്നെ കാണാം.
മാസം തോറും ചെറിയ തുക മാറ്റിവയ്കുന്നതിലൂടെ ഭാവിയിൽ വലിയ ഒരു തുക സ്വന്തമാക്കാം എന്നതാണ് ദീർഘകാല ചിട്ടികളുടെ ഗുണം. കൂടാതെ വിളിച്ചെടുക്കാൻ ആളില്ലാതെ വന്നാൽ നറുക്കെടുത്ത് കിട്ടുന്ന ആൾക്ക് ചിട്ടി എഗ്രിമെൻ്റ് അനുസരിച്ചുള്ള മുഴുവൻ പണവും ലഭിക്കും. ചിട്ടി തുക ലഭിക്കുന്ന മുറയ്ക്ക് സ്ഥിര നിക്ഷേപമാക്കുകയാണെങ്കിൽ ചിട്ടി കാലാവധി തീരുന്നതുവരെ നിങ്ങൾക്ക് ലഭിച്ച തുകയ്ക്ക് പലിശയും ലഭിക്കും. ചിട്ടി വിളിച്ചെടുക്കലും നറുക്കും കൂടാതെ ചിട്ടിയുടെ മേൽ വായ്പയെടുക്കാനുള്ള സൗകര്യവും കെ.എസ്.എഫ്.ഇ. ഒരുക്കുന്നുണ്ട്.