പെട്ടെന്നുള്ള ആവശ്യങ്ങൾക്ക് ഹ്രസ്വകാല ചിട്ടിയും കുറച്ചു വർഷങ്ങൾക്കു ശേഷം വേണ്ടിവരുന്ന സാമ്പത്തിക ആവശ്യങ്ങൾക്ക് ദീർഘകാല ചിട്ടിയും ചേരണം. കൂടാതെ സാധാരണയിലും അധികം ലാഭം നേടിത്തരുന്ന ഡിവിഷൻ ചിട്ടികളും സബ്സ്‌റ്റിറ്റ്യൂഷനായി ചിട്ടി ചേരുന്ന രീതിയും ലഭ്യമാണ്.
1000 രൂപ മുതൽ 5,00,000 രൂപ വരെ പ്രതിമാസത്തവണകളായി 30 മാസം, 40 മാസം, 50 മാസം, 60 മാസം, 100 മാസം, 120 മാസം കാലാവധികളിലുള്ള ചിട്ടികളാണ് സാധാരണയായി കെ.എസ്.എഫ്.ഇ. നടത്തി വരുന്നത്.
ചെറിയ കാലയളവിലെ ആവശ്യങ്ങൾക്ക് ഹ്രസ്വകാല ചിട്ടികളും കുറച്ച് വർഷങ്ങൾക്ക് ശേഷം വരുന്ന ആവശ്യങ്ങൾക്ക് കൂടിയ കാലാവധിയുള്ള ചിട്ടികളും തിരഞ്ഞെടുക്കാവുന്നതാണ്. വാഹനം വാങ്ങുന്നതിന് 30 മുതൽ 50 മാസം വരെയുള്ള ചിട്ടി ചേരാമെങ്കിൽ വീട് നിർമ്മിക്കുന്നതിനും കുട്ടികളുടെ വിദ്യാഭ്യാസം പോലുള്ള ഭാവിയിലെ ആവശ്യങ്ങൾക്കും 100 മുതൽ 120 മാസം വരെ ദൈർഘ്യമുള്ള ചിട്ടിയാകും ഉത്തമം. ബിസിനസ്സ് ചെയ്യുന്നവർക്ക് ഏറെ ഉപകാരപ്രദമാകുന്നവയാണ് വലിയ തുകയ്ക്കുള്ള കെ.എസ്.എഫ്.ഇ. ചിട്ടികൾ.
ഇത് കൂടാതെ ഒരേ തുകയ്ക്കുള്ള ചിട്ടി വിവിധ ഡിവിഷനുകളായി നടത്തുന്ന സംവിധാനവും കെ.എസ്.എഫ്.ഇയിലുണ്ട്. ചിട്ടിയിൽ ചേർന്നവർ തവണകൾ മുടക്കിയാൽ അതുവരെയുള്ള തവണകൾ ഒരുമിച്ച് അടച്ച് ആ ചിട്ടിയിൽ ചേരാവുന്ന സബ്സ്റ്റിറ്റ്യൂഷൻ സംവിധാനവുമുണ്ട്. സാധാരണ ചിട്ടികളേക്കാളും ലാഭം നേടാവുന്നവയാണ് ഡിവിഷൻ ചിട്ടികളും ചിട്ടി സബ്സ്റ്റിറ്റ്യൂഷനും. ചിട്ടി ചേരാനായി കെ.എസ്.എഫ്.ഇ.യിൽ എത്തിയാൽ നമുക്കനുയോജ്യമായ പദ്ധതി തിരഞ്ഞെടുക്കുന്നതിന് ജീവനക്കാർ ആവശ്യമായ സഹായവും മാർഗ്ഗനിർദ്ദേശവും നൽകും.
undefined
കെ.എസ്.എഫ്.ഇ.യുടെ ഏതു ശാഖയിലും ഒരാൾക്ക് ചിട്ടി ചേരാനാകും. ആധാർ, പാൻകാർഡ് എന്നീ തിരിച്ചറിയൽ രേഖകളുമായി എത്തിയാൽ മതി. ഏതു ചിട്ടി വേണമെന്നു തീരുമാനിച്ച ശേഷം ചിട്ടി ചേരുന്നതിന് കെ.എസ്.എഫ്.ഇ.യുമായി ഒരു എഗ്രിമെന്റ് (വരിയോല) ഒപ്പിടേണ്ടതുണ്ട്. ഫോൺ നമ്പർ കൂടി നൽകിയാൽ നടപടിക്രമങ്ങൾ പൂർത്തിയാകും.
രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായ ശേഷം ചിട്ടി എന്നാണ് ആരംഭിക്കുക എന്ന് നിങ്ങളെ അറിയിക്കും. ആദ്യപ്രാവശ്യം തവണസംഖ്യ മുഴുവനായും അടയ്ക്കേണ്ടതുണ്ട്. രണ്ടാമത്തെ തവണ മുതൽ ചിട്ടി ലേലവും നറുക്കെടുപ്പും അനുസരിച്ച് തവണസംഖ്യയിൽ കുറവു ലഭിക്കും.
ചിട്ടി ലേലത്തിൽ നേരിട്ടു പങ്കെടുക്കാൻ സാധിക്കാത്തവർക്ക് അതിനായി കെ.എസ്.എഫ്.ഇ. ജീവനക്കാരെ ചുമതലപ്പെടുത്തുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. പ്രോക്സി എന്ന സംവിധാനമാണിത്. ഇതിനുള്ള അപേക്ഷ ചിട്ടി വിളിക്കുന്ന തീയതിക്കുമുൻപേ കെ.എസ്.എഫ്.ഇ.യിൽ നൽകിയിട്ടുണ്ടാകണം എന്നു മാത്രം.
ചിട്ടി വിളിച്ചെടുക്കുകയോ നറുക്ക് കിട്ടുകയോ ചെയ്താൽ തുക ലഭിക്കുന്നതിനായി ജാമ്യവ്യവസ്ഥകളുണ്ട്. കിട്ടിയ തുക കെ.എസ്.എഫ്.ഇ.യിൽ തന്നെ സ്ഥിരനിക്ഷേമാക്കുന്നതിനുള്ള സൗകര്യവുമുണ്ട്. ഇങ്ങിനെ നിക്ഷേപിക്കുന്ന തുകയ്ക്ക് സാധാരണ നിക്ഷേപങ്ങളെക്കാൾ കൂടുതൽ പലിശയും ലഭിക്കും.
ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് ചിട്ടിയുടെ തവണകൾ പൂർണ്ണമായും ഓൺലൈൻ ആയി അടയ്ക്കുന്നതിനുള്ള സൗകര്യവും കെ.എസ്.എഫ്.ഇ. ഒരുക്കിയിട്ടുണ്ട്. കൂടാതെ ലോകത്തിൻ്റെ ഏതു കോണിൽ ഇരുന്നും ചിട്ടിയിൽ ചേരുന്നതിനും നടപടി ക്രമങ്ങളിൽ പങ്കുചേരുന്നതിനുമുള്ള സൗകര്യങ്ങളുമായി പൂർണ്ണമായും ഡിജിറ്റലൈസ്‌ഡ് ആയ പ്രവാസി ചിട്ടിയും കെ.എസ്.എഫ്.ഇ.യുടേതായുണ്ട്.