സംസ്ഥാനത്ത് കൊവിഡ് ബാധിതരായ രണ്ട് പേര്‍ കൂടി മരണത്തിന് കീഴടങ്ങി, ഇന്ന് ആറ് മരണം

By Web Team  |  First Published Aug 8, 2020, 3:20 PM IST

കൊവിഡ് ആശങ്ക അകലുന്നില്ല. സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരായി ചികിത്സയിലായിരുന്ന രണ്ട് പേര്‍കൂടി മരിച്ചു. 


തിരുവനന്തപുരം/ മഞ്ചേരി: സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരായി ചികിത്സയിലായിരുന്ന രണ്ട് പേര്‍കൂടി മരിച്ചു. തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മാറനല്ലൂർ സ്വദേശി ജമാ ആണ് മരിച്ചത്. ന്യുമോണിയ, പ്രമേഹവും ഉണ്ടായിരുന്ന ഇവര്‍ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അന്തിമ ഫലം വരാത്തതിനാൽ  ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. അതേ സമയം പാലക്കാട് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു. വിളയൂർ സ്വദേശി പാത്തുമ്മ 76) ആണ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. 

സംസ്ഥാനത്ത് ഇന്ന് ആറ് പേരാണ് കൊവിഡ് ചികിത്സയിലിരിക്കെ മരിച്ചത്.  മലപ്പുറം,എറണാകുളം, കണ്ണൂർ, കോഴിക്കോട് സ്വദേശികളും കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്. എന്നാൽ ഇവരുടെ മരണവും കൊവിഡ് മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 

Latest Videos

undefined

കൂത്തുപറമ്പ് സ്വദേശി സി.സി.രാഘവനാണ് കൊവിഡ് ബാധിച്ച് കണ്ണൂരിൽ മരിച്ചത്. 71 വയസായിരുന്നു. വൃക്ക സംബന്ധമായ രോഗവും അലട്ടിയിരുന്നു.  പരിയാരത്ത് ചികിത്സയിലിരിക്കെയാണ് മരണം . ഇദ്ദേഹത്തിന്‍റെ ഭാര്യക്കും മകനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പള്ളിക്കൽ സ്വദേശിനി നഫീസയാണ് മലപ്പുറത്ത് കൊവിഡ് ബാധിതയായി മരിച്ചത്. 52 വയസായിരുന്നു. ഇന്ന് രാവിലെ മഞ്ചേരി മെഡിക്കൽ കോളേജിൽ വച്ചാണ് മരണം. കോഴിക്കോട് ജില്ലയിലും ഇന്നൊരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കൊയിലാണ്ടി സ്വദേശി അബൂബക്കറാണ് മരിച്ചത്.

കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന മറ്റൊരു കൊവിഡ് രോഗിയും ഇന്ന് മരണത്തിന് കീഴടങ്ങി. കൊവിഡ് പൊസീറ്റീവായി ചികിത്സയിലായിരുന്ന പള്ളുരുത്തി വെളി ചെറുപറമ്പ് സ്വദേശി ഗോപിയാണ് മരിച്ചത്. 68 വയസായിരുന്നു. മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴയിലെ എൻഐവി ലാബിലേക്ക് അയച്ചിട്ടുണ്ട്. 

 

click me!