തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് വീഴ്ച സംഭവിച്ചത്. ജില്ലയിലെ കരിച്ചാറ സ്വദേശിയായ വിജയമ്മയാണ് ആഗസ്റ്റ് അഞ്ചിന് മരിച്ചത്. മരിക്കുന്നതിന്റെ തലേന്നാൾ ഇവരുടെ സ്രവം കൊവിഡ് പരിശോധനയ്ക്ക് അയച്ചിരുന്നു
തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചു. മരിച്ചയാളുടെ കൊവിഡ് പരിശോധനാ ഫലം വിട്ടുനൽകിയതിലാണ് വീഴ്ച. സംസ്കാരം കഴിഞ്ഞ ശേഷം വന്ന പരിശോധനാ ഫലത്തിൽ മരിച്ചയാൾക്ക് രോഗം ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചത് കടുത്ത ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് വീഴ്ച സംഭവിച്ചത്. ജില്ലയിലെ കരിച്ചാറ സ്വദേശിയായ വിജയമ്മയാണ് ആഗസ്റ്റ് അഞ്ചിന് മരിച്ചത്. മരിക്കുന്നതിന്റെ തലേന്നാൾ ഇവരുടെ സ്രവം കൊവിഡ് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇന്നാണ് പരിശോധനാ ഫലം വന്നത്. ഇതിൽ ഇവർ രോഗബാധിതയായിരുന്നുവെന്ന് കണ്ടെത്തി.
എന്നാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മൃതദേഹം കൊവിഡ് ഫലം വരുന്നതിന് മുൻപ് തന്നെ ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. ഇതേ തുടർന്ന് വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ടായിരുന്നില്ല സംസ്കാര ചടങ്ങ്. ബന്ധുക്കളും സുഹൃത്തുക്കളുമായി 40 ലേറെ ചടങ്ങിൽ പങ്കെടുത്തിരുന്നു. ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി.