Latest Videos

ടിപി കേസ് പ്രതികൾക്ക് ശിക്ഷായിളവിന് നീക്കം;അടിയന്തരപ്രമേയ നോട്ടീസ് തള്ളിയതിനെ ന്യായീകരിച്ച് സ്പീക്കറുടെ ഓഫീസ്

By Web TeamFirst Published Jun 26, 2024, 10:32 PM IST
Highlights

പ്രതിപക്ഷ നേതാവ് കത്തു നൽകിയതിന്‍റെ അടിസ്ഥാനത്തിൽ ആണ്‌ സ്പീക്കറുടെ ഓഫീസ് വിശദീകരണവുമായി രംഗത്തെത്തിയത്.

തിരുവനന്തപുരം: ടിപി കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവിന് നീക്കമുണ്ടെന്നാരോപിച്ചുള്ള പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതിനെ ന്യായീകരിച്ച് വിശദീകരണവുമായി സ്പീക്കറുടെ ഓഫീസ്. അത്തരമൊരു നീക്കമില്ലെന്ന സര്‍ക്കാര്‍ വിശദീകരണമുള്ളതിനാലാണ് അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതെന്നും മുഖ്യമന്ത്രിക്ക് വേണ്ടിയല്ല നിയമസഭയില്‍ സ്പീക്കര്‍ മറുപടി നല്‍കിയതെന്നും സ്പീക്കറുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പ്രതിപക്ഷ നേതാവ് കത്തു നൽകിയതിന്‍റെ അടിസ്ഥാനത്തിൽ ആണ്‌ സ്പീക്കറുടെ ഓഫീസ് വിശദീകരണവുമായി രംഗത്തെത്തിയത്.


സ്പീക്കറുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിന്‍റെ പൂര്‍ണരൂപം:

2024 ജൂണ്‍ 25-ാം തീയതി സഭ മുമ്പാകെ വന്ന അടിയന്തര പ്രമേയ നോട്ടീസ് തള്ളിക്കൊണ്ട് സർക്കാരിനുവേണ്ടി മുഖ്യമന്ത്രി നിയമസഭയിൽ പറയേണ്ട മറുപടിയാണ്‌ സ്പീക്കർ പറഞ്ഞതെന്ന തരത്തിലുള്ള പ്രചാരണം വസ്തുതാപരമല്ല. ടി. പി. വധക്കേസിലെ പ്രതികൾക്ക്‌ ശിക്ഷാ ഇളവ്‌ നൽകാനുള്ള  നീക്കം അടിയന്തര പ്രമേയമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട്‌ കെ. കെ. രമ മറ്റ് അഞ്ചുപേരും ചേര്‍ന്ന് നൽകിയ നോട്ടീസ്‌ അടിയന്തര പ്രമേയമായി പരിഗണിക്കാൻ കഴിയില്ലെന്നും സബ്മിഷനായി പരിഗണിക്കാമെന്നുമാണ്‌ സ്പീക്കർ എ. എൻ. ഷംസീർ പറഞ്ഞത്‌. പ്രസ്തുത കേസിലെ പ്രതികള്‍ക്കു മാത്രമായി ശിക്ഷാ ഇളവ്‌ നൽകാനുള്ള നീക്കം ഉണ്ടായിട്ടില്ലെന്ന്‌ ബോധ്യപ്പെട്ടു കഴിഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. നോട്ടീസുകളിൽ   ഉന്നയിക്കുന്ന വിഷയത്തിന്റെ നിജസ്ഥിതിയും  പ്രാധാന്യവും വിശദമായി പരിശോധിക്കുകയും ബന്ധപ്പെട്ട രേഖകള്‍ കൂടി പരിഗണിക്കുകയും ചെയ്യുന്നതിന്‍റെ അടിസ്ഥാനത്തിലാണ്‌ അടിയന്തര പ്രമേയമായി ഉന്നയിക്കുന്നതിന് ചട്ടം 50 പ്രകാരം അനുമതി നല്‍കി വരുന്നത്.

ടി.പി. ചന്ദ്രശേഖരന്‍ കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ നിലവില്‍ നീക്കമൊന്നുമില്ലെന്ന സര്‍ക്കാര്‍ വിശദീകരണം പുറത്തുവന്നതിനാല്‍ അതിന്‍റെ പിന്‍ബലത്തിലാണ് ചട്ടം 52 (5) പ്രകാരം  അഭ്യൂഹങ്ങളോ ആരോപണങ്ങളോ എന്ന വിഭാഗത്തില്‍പ്പെടുത്തി അടിയന്തര പ്രമേയമായി പരിഗണിക്കാതിരുന്നത്.  കെ കെ രമ നൽകിയ നോട്ടീസിലെ വിഷയം  നിലവിൽ ചർച്ച ചെയ്യപ്പെടുന്നതോ അത്തരമൊരു നീക്കം നടക്കുന്നതോ അല്ല, മറിച്ച് അതൊരു അഭ്യൂഹം മാത്രമാണ്‌.

 അതുകൊണ്ട്‌ അടിയന്തര പ്രമേയമായി പരിഗണിക്കാൻ കഴിയില്ലെന്ന്‌ സ്പീക്കർ വ്യക്തമാക്കുകയായിരുന്നു. അപ്രകാരം തന്നെയാണ് മുന്‍കാലങ്ങളിലും ഇത്തരത്തിലുള്ള നോട്ടീസുകളിന്മേല്‍ തീരുമാനമെടുത്തിരുന്നത്. ഏതെങ്കിലും തരത്തിലുള്ള ആശങ്ക നിലനില്‍ക്കുന്നതായി ബോധ്യപ്പെടുന്ന സാഹചര്യങ്ങളില്‍ പ്രസ്തുത വിഷയം സബ്മിഷനായി അവതരിപ്പിക്കുന്നതിനും അനുമതി നല്‍കാറുണ്ട്. അതുകൊണ്ട് ഇക്കാര്യത്തില്‍ സ്പീക്കറുടെ തീരുമാനത്തില്‍ ഒരു അപാകതയും ചൂണ്ടിക്കാട്ടാനാവില്ലെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

ടിപികേസ് പ്രതികൾക്ക് ശിക്ഷഇളവിന് നീക്കമില്ലെന്ന് സ്പീക്കര്‍ , കെ കെ രമയുടെ അടിയന്തരപ്രമേയ നോട്ടീസ് തള്ളി

 

click me!