Latest Videos

സർക്കാർ ആശുപത്രികൾ ഇനി 'ആയുഷ്മാൻ ആരോ​ഗ്യ മന്ദിർ'; പേരുമാറ്റത്തില്‍ കേന്ദ്രത്തിന് വഴങ്ങി ആരോ​ഗ്യ വകുപ്പ്

By Web TeamFirst Published Jun 28, 2024, 6:05 PM IST
Highlights

 എൻഎച്ച്എം ഫണ്ടുകൾ കിട്ടാൻ തടസ്സമായതോടെയാണ് ആരോ​ഗ്യവകുപ്പ് വഴങ്ങിയത്.

തിരുവനന്തപുരം: പേര് മാറ്റത്തിൽ കേന്ദ്രത്തിന് വഴങ്ങി ആരോ​ഗ്യവകുപ്പ്. സർക്കാർ ആശുപത്രികൾ ഇനി ആയുഷ്മാൻ ആരോ​ഗ്യമന്ദിർ എന്ന് പേര് മാറ്റും. പ്രാഥമിക, ജനകീയ, കുടുംബ ആരോ​ഗ്യകേന്ദ്രങ്ങളുടെ പേരിനൊപ്പം ഇതും ചേർക്കും. പേര് മാറ്റാനാകില്ലെന്ന നിലപാട് തിരുത്തിയിരിക്കുകയാണ് ആരോ​ഗ്യവകുപ്പ്. എൻഎച്ച്എം ഫണ്ടുകൾ കിട്ടാൻ തടസ്സമായതോടെയാണ് ആരോ​ഗ്യവകുപ്പ് വഴങ്ങിയത്.

ഈ പേരിനൊപ്പം ആരോഗ്യ പരമം ധനം എന്ന ടാ​ഗ്‍ലൈനും ചേർക്കും.  പേര് മാറ്റാനാകില്ലെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ മുൻനിലപാട്. എന്നാൽ പേര് മാറ്റാത്തതിനാൽ എൻഎച്ച്എം ഫണ്ട് അനുവദിച്ചില്ല. ഇതോടെയാണ് ആരോഗ്യവകുപ്പ് അയഞ്ഞത്. പേര് മാറ്റം നിർദ്ദേശിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയിട്ടുണ്ട്. എത്രയും വേഗം ഉത്തരവ് നടപ്പിലാക്കാനാണ് നിർദേശം.

നാഷണൽ ഹെൽത്ത് മിഷന്റെ ഫണ്ടിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ കുടുംബ, ജനകീയ, പ്രാഥമിക ആരോ​ഗ്യകേന്ദ്രങ്ങളുടെ പേരിനൊപ്പം ആയുഷ്മാൻ ആരോ​ഗ്യമന്ദിർ എന്ന് പേര് ചേർക്കണമെന്ന നിബന്ധന നേരത്തെ തന്നെ കേന്ദ്രസർക്കാർ നൽകിയിരുന്നു. കഴിഞ്ഞ ഡിസംബറിനുള്ളിൽ ഈ തീരുമാനം നടപ്പിലാക്കണമെന്നായിരുന്നു കേന്ദ്ര ആരോ​ഗ്യ മന്ത്രാലയത്തിന്റെ നിർദേശം. എന്നാൽ കേന്ദ്രത്തിന്റെ ബ്രാൻഡിം​ഗ് നിബന്ധനകൾക്ക് വഴങ്ങില്ല എന്നായിരുന്നു സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട്.

 

click me!