പാകിസ്ഥാനിലേക്ക് ബ്രഹ്മോസ് മിസൈൽ വിട്ട സംഭവം: മൂന്ന് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

By Web Team  |  First Published Aug 23, 2022, 8:04 PM IST

ഒരു ഗ്രൂപ്പ് ക്യാപ്റ്റനും രണ്ട് വിങ് കമാൻഡർമാർക്കുമെതിരായാണ് നടപടി. 2022 മാർച്ച് ഒമ്പതിനാണ് ബ്രഹ്മോസ് മിസൈൽ അബദ്ധത്തിൽ പാകിസ്താനിലേക്ക് പതിച്ചത്.


ദില്ലി: ബ്രഹ്മോസ് മിസൈൽ അബദ്ധത്തിൽ പാകിസ്താനിലേക്ക് തൊടുത്ത സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി. സംഭവത്തിൽ ഉത്തരവാദികളെന്ന് കണ്ടെത്തിയ മൂന്ന് വ്യോമസേന  ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. 

ഒരു ഗ്രൂപ്പ് ക്യാപ്റ്റനും രണ്ട് വിങ് കമാൻഡർമാർക്കുമെതിരായാണ് നടപടി. 2022 മാർച്ച് ഒമ്പതിനാണ് ബ്രഹ്മോസ് മിസൈൽ അബദ്ധത്തിൽ പാകിസ്താനിലേക്ക് പതിച്ചത്. സംഭവത്തിൽ എസ്ഒപി  ലംഘനമാണ് ഉണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി. ഈ മൂന്ന് ഉദ്യോഗസ്ഥരാണ് സംഭവത്തിന് ഉത്തരവാദികളെന്നും അന്വേഷണത്തിൽ തെളിഞ്ഞു. തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ അടിയന്തരമായി നടപടിയെടുക്കാൻ നിർദേശിക്കുകയായിരുന്നു.

Latest Videos

undefined

ഈ വർഷം മാർച്ച് ഒന്‍പതിന്  വൈകിട്ട് ഏഴ് മണിയോടെയാണ് ഇന്ത്യൻ മിസൈൽ അബദ്ധത്തിൽ പാകിസ്ഥാനിൽ പോയി വീണത്. രാജസ്ഥാനിലെ സിർസയിൽ നിന്ന് പറന്നുയർന്ന് സൂപ്പർസോണിക് മിസൈൽ  പാക് അതിർത്തിയിൽ നിന്ന് 124 കിലോമീറ്റർ അകലെ ഖനേവാൾ ജില്ലയിലെ മിയാൻ ചന്നുവിനു സമീപമാണ് പതിച്ചത്.  പതിവ് സാങ്കേതിക പരിശോധനകൾക്കിടെയാണ് അബദ്ധത്തിൽ മിസൈൽ വിക്ഷേപിക്കപ്പെടുകയായിരുന്നുവെന്ന് തുടക്കത്തിൽ സംശയമുണ്ടായിരുന്നു. പിന്നീട് പ്രതിരോധമന്ത്രി തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു. സ്ഫോടകവസ്തു ഘടിപ്പിക്കാത്ത മിസൈലാണ് അബദ്ധത്തിൽ വിക്ഷേപിക്കപ്പെട്ടത്. അത് കൊണ്ട് തന്നെ വലിയ അപകടം ഒഴിവായി. 

സംഭവം വലിയ വാർത്തയായതോടെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പാർലമെൻ്റിൽ പ്രസ്താവന നടത്തിയിരുന്നു. അബദ്ധത്തിലാണ് മിസൈൽ പതിച്ചതെന്നും രാജ്യത്തിൻ്റെ ആയുധ സംവിധാനങ്ങളുടെ സുരക്ഷയ്ക്ക്  മുൻ‌ഗണന നൽകുന്നുണ്ടെന്നും എന്തെങ്കിലും പോരായ്മ കണ്ടെത്തിയാൽ അത് പരിഹരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി പാർലമെൻ്റിൽ വ്യക്തമാക്കിയിരുന്നു. മാത്രമല്ല സംവിധാനങ്ങളിൽ പിഴവുണ്ടായാൽ അത് പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാറുണ്ടെന്നും രാജ്നാഥ് സിങ്ങ് വ്യക്തമാക്കി. 

തന്ത്രപ്രധാനമായ ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യ ഗുരുതരമായ വീഴ്ച വരുത്തിയെന്നായിരുന്നു സംഭവത്തിൽ പാക്കിസ്ഥാന്റെ ആക്ഷേപം. വസ്തുതകള്‍ കൃത്യമായി പുറത്തുവരാന്‍ സംയുക്ത അന്വേഷണം വേണമെന്നും പാക്കിസ്ഥാൻ ആവശ്യപ്പെട്ടിരുന്നു. സമാന ആവശ്യമുന്നയിച്ച് ചൈനയും പാകിസ്ഥാനെ പിന്തുണച്ചു. എന്നാൽ ഈ ആവശ്യം ഇന്ത്യ തള്ളിയിരുന്നു. 

സാങ്കേതിക പിഴവാണെന്നും സംഭവത്തിൽ ഇന്ത്യൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ സംയുക്ത അന്വേഷണത്തിനില്ലെന്നും സർക്കാർ വൃത്തങ്ങൾ നിലപാട് എടുത്തിരുന്നു.  പിഴവ് സംഭവിച്ചതാണെന്ന് അയൽക്കാർ എന്ന നിലയിൽ   അംഗീകരിച്ച് മുന്നോട്ട് പോകണമെന്നും ഇന്ത്യ വ്യക്തമാക്കി. 

click me!