സാദിഖലി തങ്ങളെ മുഖ്യമന്ത്രി വിമർശിച്ചത് രാഷ്ട്രീയ പാർട്ടി നേതാവെന്ന നിലയിൽ, പിണറായിയെ ന്യായീകരിച്ച് ജയരാജന്‍

By Web Team  |  First Published Nov 19, 2024, 10:37 AM IST

ജമാഅത്തെ ഇസ്ലാമിയെ മുസ്ലിം ലീഗ് പ്രസിഡന്‍റുമാര്‍  മുൻകാലത്ത് എതിർത്തിട്ടുണ്ട്. ആ നിലപാടിൽ നിന്ന് എന്താണ് ഇപ്പോൾ മുസ്ലീംലീഗിന് സംഭവിച്ചതെന്ന് ജയരാജൻ ചോദിക്കുന്നു.


കാസര്‍കോട് : മുസ്ലീം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ വിമർശനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ ന്യായീകരിച്ച് ഇ പി ജയരാജൻ. സാദിഖലി തങ്ങളെ മുഖ്യമന്ത്രി  വിമർശിച്ചത് രാഷ്ട്രീയ പാർട്ടി നേതാവ് എന്ന നിലയിലാണ്. എസ്ഡിപിഐയുമായും ജമാഅത്തെ ഇസ്ലാമിയുമായും യുഡിഎഫ്  സഖ്യമുണ്ടാക്കുന്നത് അവരെ എതിർക്കാൻ കഴിയാത്തതുകൊണ്ടാണ്. ജമാഅത്തെ ഇസ്ലാമിയെ മുസ്ലിം ലീഗ് പ്രസിഡറുമാര്‍  മുൻകാലത്ത് എതിർത്തിട്ടുണ്ട്. ആ നിലപാടിൽ നിന്ന് എന്താണ് ഇപ്പോൾ മുസ്ലീംലീഗിന് സംഭവിച്ചത്. ജമാഅത്തെ ഇസ്ലാമിയെ പിന്തുണയ്ക്കുന്നത് ആർഎസ്എസിന് കരുത്തേകും പോലെയാണെന്നും ഇപി പറ‍ഞ്ഞു.

സാദിഖലി തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ വിമർശനത്തിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസും രംഗത്തെത്തി. ഒരു രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനെ വിമർശിക്കാൻ പാടില്ല എന്ന നിലപാട് ഒരിക്കലും ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ല. കെപിസിസി പ്രസിഡന്റിനെ വിമർശിക്കുമ്പോൾ ഇല്ലാത്ത ബേജാറാണ് തങ്ങളെ വിമർശിക്കുന്പോൾ പ്രതിപക്ഷ നേതാവിന് ഉണ്ടാകുന്നതെന്നും ഇത് രാഷ്ട്രീയത്തിൽ മത വർഗീയത കലർത്താനുള്ള ശ്രമമാണെന്നും മുഹമ്മദ് റിയാസ് കൊച്ചിയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 
 
click me!