'അമ്മുവിനെ സഹപാഠികൾ നിരന്തരം മാനസികമായി പീഡിപ്പിച്ചു'; നഴ്സിങ് വിദ്യാർത്ഥിയുടെ മരണത്തിൽ ആരോപണവുമായി കുടുംബം

By Web Team  |  First Published Nov 19, 2024, 10:49 AM IST

പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിയുടെ മരണത്തിൽ കോളേജ് അധികൃതരുടെ വാദം തള്ളി കുടുംബം. സഹപാഠികൾ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും അമ്മുവിന്‍റെ കുടുംബം ആരോപിച്ചു.


തിരുവനന്തപുരം: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിയുടെ മരണത്തിൽ കോളേജ് അധികൃതരുടെ വാദം തള്ളി കുടുംബം. വിദ്യാർത്ഥികൾക്കിടയിലെ പ്രശ്നങ്ങൾ കോളേജിൽ വച്ചു തന്നെ പൂർണ്ണമായും പരിഹരിക്കപ്പെട്ടുവെന്ന പ്രിൻസിപ്പലിന്‍റെയും ക്ലാസ് ടീച്ചറിന്‍റെയും ന്യായീകരണം കള്ളമാണെന്നും കോളേജിലും ഹോസ്റ്റലിലും അമ്മുവിനെ സഹപാഠികൾ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും അമ്മുവിൻറ കുടുംബം ആരോപിച്ചു. ജീവിതത്തിൽ ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്ന മകൾ ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിക്കില്ലെന്ന് മരിച്ച അമ്മുവിന്‍റെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അമ്മുവിന്‍റെ അച്ഛന്‍റെ പരാതി പരിഗണിച്ച് പ്രശ്ന പരിഹാരത്തിനായി, കോളേജിന്‍റെ ഭാഗത്ത് നിന്നുള്ള നടപടികളെല്ലാം പൂർത്തിയാക്കിയിരുന്നുവെന്നാണ് ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളേജ് പ്രിൻസിപ്പൽ മാധ്യമങ്ങളോട് പറഞ്ഞത്. കുട്ടികൾ തമ്മിലുള്ള പ്രശ്നം ക്ലാസിൽ തന്നെ പറഞ്ഞു തീർത്തുവെന്ന് ക്ലാസ് ടീച്ചറും പറയുന്നു. എന്നാൽ, ഈ ന്യായീകരണങ്ങളെ പൂർണ്ണമായും തള്ളുകയാണ് അമ്മുവിന്‍റെ കടുംബം. പരാതി പൂർണമായും പരിഹരിക്കുന്നതിൽ കോളേജ് അധികൃതർ പരാജയപ്പെട്ടുവെന്ന് അമ്മുവിന്‍റെ സഹോദരൻ അഖിൽ പറഞ്ഞു. പ്രശ്നങ്ങൾ ഒന്നും പരിഹരിച്ചിരുന്നില്ല. അവരുടെ കാര്യങ്ങൾ പുറത്തുവരും എന്ന് പേടിച്ച് അവളെ കൊന്നതാണെന്നും അഖില്‍ ആരോപിച്ചു.

Latest Videos

undefined

ഹോസ്റ്റലിന്‍റെ മുകളിലെ നിലയിൽ നിന്ന് വീണ നിലയിൽ കണ്ടെത്തിയ അമ്മുവിനെ ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് എത്തിച്ചത്. ഇവിടെ നിന്ന് താരതമ്യേന അടുത്തുള്ള കോട്ടയം മെഡിക്കൽ കോളേജിലേക്കോ സമീപത്തുള്ള മറ്റ് സ്വകാര്യ ആശുപത്രികളിലേക്കോ ആണ് സാധാരണയായി വിദഗ്ദ്ധ ചികിത്സയ്ക്കായി രോഗികളെ എത്തിക്കാറുള്ളത്.

എന്നാൽ, ഗുരുതരാവസ്ഥയിലുള്ള അമ്മുവിനെ കുടുംബത്തിന്‍റെ ആവശ്യപ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയതെന്ന് കോളേജിന്‍റെയും ഹോസ്റ്റലിന്‍റെ അധികൃതർ ന്യായീകരിച്ചതെങ്കിലും അതും കുടുംബം നിഷേധിക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അമ്മുവിനെ എത്തിച്ച ആംബുലൻസിൽ വേണ്ടത്ര സൗകര്യങ്ങളില്ലായിരുന്നുവെന്ന പരാതിയും കുടുംബം ആവർത്തിക്കുന്നു. ജീവിതത്തെ ഏറെ പ്രതീക്ഷയോടെ നോക്കി കണ്ടിരുന്ന മകൾ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്നും അമ്മ രാധാമണി പറഞ്ഞു.


പ്രത്യേക അന്വേഷണ സമിതി രൂപീകരിച്ചു

ഇതിനിടെ, വിദ്യാര്‍ത്ഥിയുടെ മരണത്തിൽ അന്വേഷണ സമിതി രൂപീകരിച്ചു. ആരോഗ്യ സര്‍വകലാശാല വി.സി ഡോ. മോഹൻ കുന്നുമ്മേലിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. നാലംഗ സമിതിയാണ് രൂപീകരിച്ചത്. ഡോ. വിവി ഉണ്ണികൃഷ്ണൻ, ഡോ.എസ്‍കെ ഹരികുമാര്‍, ഡോ. രാജി രഘുനാഥ്, ഡോ. എൽ സിന്ധു എന്നിവരടങ്ങുന്ന സമിതിയാണ് അന്വേഷണം നടത്തുക, ആരോഗ്യ സര്‍വകലാശാല വിസി രാവിലെ അമ്മുവിന്‍റെ വീട്ടിലെത്തും.

അമ്മുവിന്‍റെ മരണം; മൂന്ന് സഹപാഠികളെ ചോദ്യം ചെയ്യാൻ രക്ഷിതാക്കളുടെ അനുമതി തേടി, ഫോൺ ഫോറൻസിക് പരിശോധനക്ക് നൽകും

നഴ്സിങ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; സഹപാഠികൾ തമ്മിൽ തര്‍ക്കം നടന്നതായി പൊലീസ്, അസ്വഭാവിക മരണത്തിന് കേസെടുത്തു

 

click me!