ഇ.പി.ജയരാജൻ വധശ്രമക്കേസില്‍ കെ.സുധാകരന്‍റെ പാപ്പർ ഹർജി തളളി,മാനനഷ്ടക്കേസിൽ 3.43 ലക്ഷം കെട്ടിവെക്കണമെന്ന് കോടതി

By Web TeamFirst Published Dec 7, 2023, 3:50 PM IST
Highlights

യുഡിഎഫ് സർക്കാരിന്‍റെ  കാലത്ത് ഹർജി കോടതി അംഗീകരിച്ചിരുന്നു.ഇതിനെതിരെ കഴിഞ്ഞ വർഷം സർക്കാർ നൽകിയ കണക്കുകൾ അംഗീകരിച്ചാണ് തലശ്ശേരി അഡീ.സബ് കോടതി ഉത്തരവ് .

കണ്ണൂര്‍: കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പാപ്പരല്ലെന്ന് തലശ്ശേരി കോടതി. 1998ലെ അപകീർത്തിക്കേസിനൊപ്പം നൽകിയ പാപ്പർ ഹർജി തളളിയാണ് ഉത്തരവ്. അപകീർത്തിക്കേസിനൊപ്പം കെട്ടിവെക്കാനുളള 3.43 ലക്ഷം രൂപ 15 ദിവസത്തിനകം അടയ്ക്കാനും ഉത്തരവുണ്ട്.

പാപ്പരായി പ്രഖ്യാപിക്കണമെന്ന് കെ.സുധാകരൻ ആവശ്യപ്പെട്ടതിന്‍റെ നാൾവഴിയിങ്ങനെ..

Latest Videos

 1995ലെ ഇ.പി.ജയരാജൻ വധശ്രമക്കേസ്.  കണ്ണൂർ എംഎൽഎ ആയിരിക്കെ, ഗൂഢാലോചനക്കുറ്റത്തിന് 1997ൽ കെ.സുധാകരൻ അറസ്റ്റിലായി. അറസ്റ്റ് അന്യായമെന്ന് കാട്ടി 50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് അടുത്ത വർഷം സുധാകരൻ മാനനഷ്ടക്കേസ് നൽകി.കൂടെ 3.43 ലക്ഷം രൂപ  കെട്ടിവെക്കാൻ വകുപ്പില്ലെന്ന് കാട്ടി പാപ്പർ ഹർജിയും . പിന്നീട് വന്ന യുഡിഎഫ് സർക്കാർ അനുകൂല നിലപാടെടുത്തതോടെ സുധാകരന്‍റെ ഹർജി കോടതി അംഗീകരിച്ചു. അനങ്ങാതെ കിടന്ന കേസ് വീണ്ടും സജീവമാകുന്നത് കഴിഞ്ഞ വർഷം. സുധാകരന് ഒരു കോടിയിലധികം രൂപയുടെ  ആസ്തിയുണ്ടെന്നും എംപി ശമ്പളമുൾപ്പെടെ ലഭിക്കുന്നെന്നും വാദിച്ച് സർക്കാർ കോടതിയിലെത്തി. ഇത് അംഗീകരിച്ചാണ് സുധാകരൻ പാപ്പരല്ലെന്ന തലശ്ശേരി അഡീഷണൽ സബ് കോടതി ഉത്തരവ്.

അപകീർത്തിക്കേസിനൊപ്പം കെട്ടിവെക്കേണ്ട 3.43 ലക്ഷം രൂപ 15 ദിവസത്തിനുളളിൽ അടയ്ക്കണം. ഇപി വധശ്രമക്കേസിൽ കുറ്റവിമുക്തനാക്കണമെന്ന സുധാകരന്‍റെ ഹർജിയിൽ ഉടൻ വാദം കേൾക്കണമെന്ന് ഹൈക്കോടതിയിൽ സർക്കാ‍ർ കഴിഞ്ഞ വർഷം ആവശ്യപ്പെട്ടിരുന്നു. ഇതേ സമയത്ത് തന്നെയാണ് പാപ്പർ ഹർജിക്കെതിരെയും കോടതിയിൽ പോയത്. പഴയ കേസുകൾ പൊടിതട്ടിയെടുത്ത് സുധാകരനെ ഉന്നം വയ്ക്കുന്നുവെന്നായിരുന്നു കോൺഗ്രസ് വിമർശനം. ഈയിടെ അനധികൃത സ്വത്ത് സമ്പാദനക്കേസ് സജീവമായപ്പോഴും സുധാകരന്‍റെ പഴയ പാപ്പർ ഹർജി ചർച്ചയായിരുന്നു.

' മോന്തായം വളഞ്ഞാല്‍ 64 കഴുക്കോലും വളയും,40 കേസുകളിലെ പ്രതി എസ്എഫ്ഐയെ  നയിച്ചാല്‍  ഇതിനപ്പുറം സംഭവിക്കും'

click me!