വയനാട്ടിൽ പ്രിയങ്ക ഗാന്ധിയെ നേരിടാൻ സിപിഐ സ്ഥാനാര്‍ത്ഥിയായി സത്യൻ മൊകേരി; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

By Web Team  |  First Published Oct 17, 2024, 4:05 PM IST

സത്യൻ മോകേരിയെ സ്ഥാനാര്‍ത്ഥിയാക്കാൻ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനമെടുത്തത്. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും ഉടനുണ്ടാകും.


തിരുവനന്തപുരം:വയനാട് ലോക്സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്‍റെ പ്രിയങ്ക ഗാന്ധിയെ നേരിടാൻ സത്യൻ മൊകേരി. മുതിര്‍ന്ന സിപിഐ നേതാവായ സത്യൻ മൊകേരിയെ എൽഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥിയാക്കാൻ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് തീരുമാനമെടുത്തത്. സംസ്ഥാന എക്സിക്യൂട്ടീവിന്‍റെ നിര്‍ദേശം  സംസ്ഥാന കൗണ്‍സിൽ യോഗത്തിൽ ചര്‍ച്ച ചെയ്യും.വൈകിട്ട് ചേരുന്ന സംസ്ഥാന കൗണ്‍സിൽ യോഗത്തിനുശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.

പ്രിയങ്ക ഗാന്ധിയെ നേരിടാൻ വനിത സ്ഥാനാര്‍ത്ഥി തന്നെ എത്തുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നെങ്കിലും വയനാട്ടിൽ മുമ്പ് മത്സരിച്ചിട്ടുള്ള സത്യൻ മൊകേരിയെ തന്നെ നിയോഗിക്കാൻ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. വയനാട്ടിലെ സത്യൻ മൊകേരിയുടെ ബന്ധങ്ങളും പ്രവര്‍ത്തനങ്ങളും തെരഞ്ഞെടുപ്പിൽ നേട്ടമാകുമെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി നേതൃത്വം. 

Latest Videos

സത്യൻ മൊകേരിയുടെയും ബിജിമോളുടെയും പേരുകളായിരുന്നു യോഗത്തിൽ ഉയര്‍ന്നുവന്നത്. സീനിയോറിറ്റിയും വയനാട്ടിലെ മുൻ സ്ഥാനാര്‍ഥിയായിരുന്നു എന്നുമാണ് സത്യൻ മൊകേരിക്ക് അനുകൂലമായത്. 2014ൽ വയനാട്ടിൽ മത്സരിച്ച സത്യൻ  മൊകേരി ഇരുപതിനായിരം വോട്ടിനാണ് പരാജയപ്പെട്ടത്. മൂന്നു തവണ എംഎല്‍എയുമായിരുന്നു. നിലവിൽ സിപിഐ ദേശീയ കൗണ്‍സിൽ അംഗമാണ്. 

വയനാട്ടില്‍ ബിജെപി ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ തവണ ബിഡിജെഎസിൽ നിന്ന് സീറ്റ് വാങ്ങിയ ബിജെപി കെ സുരേന്ദ്രനെയാണ് മത്സരത്തിനിറങ്ങിയത്.ഇന്ന് വയനാട്ടിൽ ബിജെപിയുടെ യോഗം ചേരുന്നുണ്ട്. വയനാട്ടിലെ സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്നതിൽ അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന്‍റേതായിരിക്കുമെന്നാണ് കെ സുരേന്ദ്രൻ പ്രതികരിച്ചത്. വയനാട്ടിലും പാലക്കാടും ചേലക്കരയിലുമായി മൂന്നു വീതം പേരുകളാണ് ബിജെപി പരിഗണിക്കുന്നതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു.

undefined

വയനാട്ടിൽ പ്രിയങ്ക ഗാന്ധി അഞ്ച് ലക്ഷം വോട്ട് ഭൂരിപക്ഷം നേടുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ; പി സരിന് വിമർശനം

click me!