'പുതിയ വെള്ളം വരുമ്പോൾ നിന്ന വെള്ള൦ ഒഴുക്കി കളയുന്ന അവസ്ഥയാണ് ബിജെപിയിൽ. പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടിട്ടും അർഹിക്കുന്ന സ്ഥാനം നൽകിയില്ല'.
കൊച്ചി: സംസ്ഥാന ബിജെപിയിലെ പൊട്ടിത്തെറി മറനീക്കി പുറത്ത് വരുന്നു. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പരാതിയുമായി പാർട്ടിക്കുള്ളിൽ നിന്നും കൂടുതൽ നേതാക്കൾ രംഗത്തെത്തി. ശോഭാ സുരേന്ദ്രന് പിന്നാലെ ബിജെപി ദേശീയ കൌൺസിൽ അംഗം പി എം വേലായുധനാണ് കെ സുരേന്ദ്രൻ വഞ്ചിച്ചെന്നാരോപിച്ച് പരസ്യപ്രതികരണം നടത്തിയത്.. പ്രസിഡണ്ടിനെ കണ്ടെത്താൻ നേതാക്കൾക്കിടയിൽ നടന്ന വോട്ടെടുപ്പിൽ സ്ഥാനം ഉറപ്പിക്കാൻ സുരേന്ദ്രൻ പദവികൾ വാഗ്ദാനം ചെയ്തുവെന്നാണ് വേലായുധന്റെ വെളിപ്പെടുത്തൽ.
'പുതിയ വെള്ളം വരുമ്പോൾ നിന്ന വെള്ള൦ ഒഴുക്കി കളയുന്ന അവസ്ഥയാണ് ബിജെപിയിൽ. പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടിട്ടും അർഹിക്കുന്ന സ്ഥാനം നൽകിയില്ല. സുരേന്ദ്രൻ നേതൃത്വത്തിലേക്ക് ഉയർന്നതിനെ പിന്തുണച്ചയാളാണ് താൻ'. തന്നെയും ശ്രീശനെയും തൽസ്ഥാനത്ത് നില നിർത്താം എന്ന് വാക്ക് തന്ന സുരേന്ദ്രൻ വാക്ക് പാലിക്കാതെ വഞ്ചിച്ചെന്നും വേലായുധൻ ആരോപിച്ചു.
'ശോഭ സുരേന്ദ്രന്റെ പരാതി ശരിയാണ്. പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടിട്ടും അർഹിക്കുന്ന സ്ഥാനം നൽകിയില്ല. മറ്റു പാർട്ടികളിൽ സുഖലോലുപ ജീവിത സാഹചര്യങ്ങൾ അനുഭവിച്ച് വന്നവരാണ് ഈയിടെ ബിജെപിയിൽ എത്തിയത്. പുതിയ ആളുകൾ വരുമ്പോൾ പ്രസ്ഥാനത്തിന് വേണ്ടി കഷ്ടപ്പെട്ടവരെ അർഹിക്കുന്ന പ്രാധാന്യത്തോടെ പാർട്ടി പരിഗണിച്ചില്ല'. സംഘടനാ സെക്രട്ടറിമാരും പക്ഷപാതമായി പെരുമാറുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാന സർക്കാരിനെതിരായ സമരം ശക്തമാക്കുന്നതിനിടെയാണ് ബിജെപിയിലെ ഗ്രൂപ്പ് പോര് പാർട്ടിക്ക് വലിയ തലവേദനയുണ്ടാക്കുന്നത്. കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായതിന് ശേഷം പാർട്ടിയുടെ ഔദ്യോഗിക പരിപാടികളിൽ നിന്നും യോഗങ്ങളിൽ നിന്നുമൊക്കെ ശോഭ വിട്ടുനിൽക്കുകയാണ്. വ്യക്തിവിരോധം മൂലം കെ.സുരേന്ദ്രൻ തന്നെ ഒതുക്കിയെന്ന് ആരോപിച്ച് കേന്ദ്രനേതൃത്വത്തിന് കത്തെഴുതിയ ശോഭ സുരേന്ദ്രൻ പ്രശ്നപരിഹാരത്തിന് ഉടൻ കേന്ദ്ര ഇടപെൽ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്. എന്നാൽ വിഷയത്തിൽ പരസ്യപ്രതികരണത്തിന് സുരേന്ദ്രൻ ഇനിയും തയ്യാറായിട്ടില്ല.