'മുഖ്യമന്ത്രി വരെ പ്രയാസത്തിൽ, സന്ദീപ് വാര്യർ ബിജെപി വിട്ടപ്പോൾ സിപിഎമ്മിൽ കൂട്ടക്കരച്ചിൽ': കുഞ്ഞാലിക്കുട്ടി

By Web Team  |  First Published Nov 17, 2024, 5:12 PM IST

'അധികാരമുള്ള മുഖ്യമന്ത്രിക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ അധികാരമില്ലാത്ത പാണക്കാട് തങ്ങൾ ചെയ്യുന്നുണ്ട്'


മലപ്പുറം: സന്ദീപ് വാര്യറുടെ കോൺഗ്രസ് പ്രവേശനവുമായി ബന്ധപ്പെട്ട വാഗ്വാദങ്ങൾ തുടരുന്നു. പാണക്കാടെത്തിയ സന്ദീപിനെതിരെ പരസ്യ വിമ‍ർശനം ഉന്നയിച്ച മുഖ്യമന്ത്രിക്കും സി പി എം നേതാക്കൾക്കും മറുപടിയുമായി പി കെ കുഞ്ഞാലിക്കുട്ടിയടക്കം രംഗത്തെത്തി. സന്ദീപ് വാര്യർ ബി ജെ പി വിട്ടപ്പോൾ സി പി എമ്മിൽ കൂട്ടക്കരച്ചിലെന്നാണ് 
കുഞ്ഞാലിക്കുട്ടി പരിഹസിച്ചത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വരെ പ്രയാസത്തിലാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

പാണക്കാട് തങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഗുഡ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മണിപ്പൂർ കത്തുന്നത് കാണുന്നില്ലേയെന്നും അതുപോലെയുള്ള സംഭവങ്ങൾ കേരളത്തിൽ ഇല്ലാതിരിക്കാൻ മുന്നിൽ നിൽക്കുന്ന ഒന്നാമത്തെയാൾ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആണെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. സാദിഖലി തങ്ങൾക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ പരമാർശം ജനങ്ങൾ തള്ളും. ജനങ്ങളുടെ മനസിലാണ് പാണക്കാട് തങ്ങൾ മാരുടെ സ്ഥാനം. അധികാരമുള്ള മുഖ്യമന്ത്രിക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ അധികാരമില്ലാത്ത പാണക്കാട് തങ്ങൾ ചെയ്യുന്നുണ്ട്. അതിൽ മുഖ്യമന്ത്രിക്കും സി പി എമ്മിനും അമ്പരപ്പാണ് ഉള്ളത്. മുഖ്യമന്ത്രിയുടെ വിമർശനം അദ്ദേഹത്തിന്‍റെ ഗതികേടിന്‍റെ ഉദാഹരണമെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

Latest Videos

undefined

സന്ദീപ് വാര്യർ പാണക്കാട് പോകുന്നു എന്ന് വാർത്ത കണ്ടു, ഒറ്റപ്പാലത്തെ തെരഞ്ഞെടുപ്പ് ആണ് ഓർമ വന്നത്; മുഖ്യമന്ത്രി

മുനമ്പം വിഷയത്തിൽ ബി ജെ പി എടുക്കുന്ന അതേ നിലപാട് തന്നെയാണ് സി പി എമ്മും എടുക്കുന്നത്. വിഷയം കൂടുതൽ രൂക്ഷമാക്കാനാണ് ഇരു കൂട്ടരും ശ്രമിക്കുന്നത്. ഉപതെരെഞ്ഞെടുപ്പിൽ പറ്റെ തറപറ്റുമെന്ന് മനസിലാക്കിയ ബേജാറിലാണ് മുഖ്യമന്ത്രിയും സി പി എമ്മുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

നേരത്തെ സന്ദീപ് വാര്യരുടെ കോൺ​ഗ്രസ് പ്രവേശനം മാധ്യമങ്ങൾ മഹത്വവത്കരിക്കുകയാണെന്നതടക്കമുള്ള വിമർശനങ്ങളാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. സന്ദീപ് പാണക്കാട് പോകുന്നു എന്ന് വാർത്ത കണ്ടെന്നും ഒറ്റപ്പാലത്തെ തെരഞ്ഞെടുപ്പ് ആണ് ഓർമ വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. 1991 ൽ ഒറ്റപ്പാലത്ത് കോൺഗ്രസും ലീഗും ബി ജെ പിയും ചേർന്ന് കോ ലീ ബി സഖ്യമായി മത്സരിച്ചു എന്ന ആക്ഷേപമാണ് മുഖ്യമന്ത്രിയും ഇന്ന് ഉയർത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!