സർക്കാരിന്റെ പ്രവർത്തനങ്ങളെ താഴ്ത്തി കാട്ടാൻ ചിലർ ശ്രമിക്കുന്നുണ്ട്. കുബുദ്ധികൾ തയ്യാറാക്കുന്ന ഗൂഢപദ്ധതികളിൽ നമ്മുടെ പ്രവർത്തനങ്ങൾ അട്ടിമറിക്കപ്പെടരുതെന്നും മുഖ്യമന്ത്രി.
തിരുവനന്തപുരം: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ചുക്കാൻ പൊലീസിനെ ഏൽപിച്ചതിൽ വിമർശനം ഉയർന്നതിന് പിന്നാലെ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രത്യേക ദശാസന്ധിയിലാണ് പൊലീസിനെ കൊവിഡ് പ്രതിരോധം ഏല്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന്‍റെ പേരിൽ വാർഡ് തല സമിതിയുടെ പ്രവർത്തനത്തിൽ കുറവ് വരരുതെന്നും വാർഡ് തല സമിതി കൂടുതൽ സജീവം ആവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊലീസിനെയും ഉൾപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമ്പർക്കം കണ്ടെത്താൻ പൊലീസിന്‍റെ വൈദഗ്ധ്യം ഉപയോഗിക്കാനാവും എന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. സർക്കാരിന്‍റെ പ്രവർത്തനങ്ങളെ താഴ്ത്തി കാട്ടാൻ ചിലർ ശ്രമിക്കുന്നുണ്ട്. കുബുദ്ധികൾ തയ്യാറാക്കുന്ന ഗൂഢ പദ്ധതികളിൽ നമ്മുടെ പ്രവർത്തനങ്ങൾ അട്ടിമറിക്കപ്പെടരുത്. നമ്മുടെ യശസിൽ അലോസരപെടുന്നവരുണ്ട് അവരെ അവഗണിക്കണമെന്നും പിണറായി വിജയന് പറഞ്ഞു.
undefined
കണ്ടെയിന്‍മെന്‍റ് സോണിലെ നിയന്ത്രണങ്ങളും സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കലും അടക്കം ചുമതലകള്‍ ഇന്ന് മുതൽ പൊലീസ് വഹിക്കും. കൊവിഡ് ബാധിച്ചവരുടെ സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരു സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ മൂന്ന് പൊലീസുകാര്‍ അടങ്ങുന്ന പ്രത്യേക സംഘത്തിനായിരിക്കും ചുമതല. കണ്ടെയിന്‍മെന്‍റ് സോണിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്നും ഡിജിപി അറിയിച്ചു.
പുതിയ തീരുമാനത്തില്‍ വ്യാപക എതിർപ്പാണ് ആരോഗ്യപ്രവർത്തകർക്കിടയിൽ ഉള്ളത്. ഡോക്ടർമാരുടെ സംഘടനകളായ കെജിഎംഒഎയും ഐഎംഎയും കടുത്ത അതൃപ്തിയാണ് അറിയിക്കുന്നത്. തീരുമാനം ആരോഗ്യമേഖലയിലുള്ളവരുടെ മനോവീര്യം തകർക്കുമെന്നാണ് ഐഎംഎയുടെ വിമർശനം.