പി വി അന്‍വറുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്; പിന്നാലെ അവധിയിൽ പ്രവേശിച്ച് പത്തനംതിട്ട എസ്പി സുജിത്

By Web Team  |  First Published Aug 31, 2024, 12:32 PM IST

പി വി അൻവർ എംഎൽഎയുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തായതിന് പിന്നാലെയാണ് എസ്പി സുജിത് അവധിയിൽ പ്രവേശിച്ചത്. 


തിരുവനന്തപുരം: പത്തനംതിട്ട എസ്പി സുജിത് ദാസ് അവധിയിൽ പ്രവേശിച്ചു. പി വി അൻവർ എംഎൽഎയുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തായതിന് പിന്നാലെയാണ് എസ്പി സുജിത് അവധിയിൽ പ്രവേശിച്ചത്. മൂന്ന് ദിവസത്തേക്കാണ് അവധി. എഡിജിപി എം ആർ അജിത് കുമാറിനെതിരെ പി വി അൻവർ എംഎല്‍എയോട് എസ്‍പി ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ കാര്യങ്ങളെല്ലാം നടത്തിക്കൊടുക്കുന്നതിനാൽ അജിത് കുമാർ പൊലീസിൽ സർവശക്തനാണ് എന്ന് സുജിത് ദാസ് അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണത്തിൽ പറയുന്നു. എല്ലാ ബിസിനസുകാരും അജിത്കുമാറിന്റെ സുഹൃദ്‌ വലയത്തിലാണെന്ന് അൻവർ പറയുമ്പോൾ സുജിത് ദാസ് അത് ശരിവയ്ക്കുന്നുമുണ്ട് ഓഡിയോയിൽ.

Latest Videos

അതേസമയം, പി വി അൻവർ എംഎൽഎ നടത്തിയ അഴിമതി ആരോപണത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഇന്ന് വകുപ്പുതല അന്വേഷണവും നടപടിയും ഉണ്ടായേക്കും എന്നാണ് സൂചന. എഡിജിപിഎം ആർ അജിത്ത് കുമാർ, പത്തനംതിട്ട എസ്.പി സുജിത്ത് ദാസ് എന്നിവർക്കെതിരെ വലിയ സാമ്പത്തിക ആരോപണമാണ് പി വി അൻവർ ഉയർത്തിയത്. അതേസമയം, പിവി അന്‍വര്‍ എംഎല്‍എയുമായുള്ള ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെ എഡിജിപിക്കും സുജിത്തിനുമെതിരെ ഡിജിപിക്ക് പരാതികള്‍ ലഭിച്ചിട്ടുണ്ട്.  വിവാദങ്ങള്‍ക്ക് പിന്നാലെ എഡിജിപിയെ കാണാൻ ശ്രമിച്ച എസ്‍പി സുജിത്തിന് അനുമതി നല്‍കിയിട്ടില്ല. എഡിജിപി എംആര്‍ അജിത്ത് കുമാറിന്‍റെ ഓഫീസില്‍ ഇന്നലെ സുജിത് ദാസ് എത്തിയെങ്കിലും അനുവാദം നല്‍കിയില്ല. 

ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഭരണ പക്ഷ എംഎൽഎയുടെ പരസ്യമായ അഴിമതി ആരോപണം സർക്കാരിനെ പ്രത്യേകിച്ച് ആഭ്യന്തര വകുപ്പിനെ വല്ലാതെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സിപിഎം ജില്ലാ നേതൃത്വം പി വി അൻവറിനെ വിളിച്ചുവരുത്തി സംസാരിച്ചെങ്കിലും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ ആരോപണങ്ങൾ ഉന്നയിക്കുകയാണ് അദ്ദേഹം ചെയ്തത്. എഡിജിപി എം ആർ അജിത്ത് കുമാറിനെതിരെ രണ്ട് കോടിയുടെ അഴിമതിയും സുജിത്ത് ദാസ് ഐപിഎസിനെതിരെ പൊലീസ് ക്യാമ്പ് ഓഫീസിലെ മരം മുറിച്ചുകടത്തിയെന്ന ആരോപണവുമാണ് പി വി അൻവർ എംഎൽഎ ഉന്നയിക്കുന്നത്.

click me!