എലത്തൂർ എച്ച് പി സി എൽ സംഭരണ കേന്ദ്രത്തിലുണ്ടായ ചോർച്ചയെ തുടർന്ന് സമീപത്തെ ഓവുചാലിലേക്ക് ഡീസൽ ഒഴുകിയെത്തി
കോഴിക്കോട്: എലത്തൂർ എച്ച് പി സി എൽ സംഭരണ കേന്ദ്രത്തിൽ ഇന്ധന ചോർച്ച. വൈകീട്ട് 4 മണിയോടെയാണ് ഡീസൽ സമീപത്തെ ഓവ് ചാലിലേക്ക് കവിഞ്ഞു ഒഴുകിയത്. ജനങ്ങൾ തിങ്ങി പാർക്കുന്നിടത്തേക്ക് ഡീസൽ ഒഴുകി എത്തിയതോടെ നാട്ടുകാർ പ്രതിഷേധിച്ചു. 12 ഓളം ബാരലുകളിലാണ് ഒഴുകി എത്തിയ ഡീസൽ കോരിഎടുത്ത് മാറ്റിയത്. നിലവിൽ അപകട സാധ്യത ഇല്ലെന്നാണ് എച്ച് പി സി എൽ മാനേജർ വിശദീകരിച്ചത്.
എച്ച്പിസിഎൽ പ്ലാൻ്റിലെ ഇന്ധന സംഭരണിയിൽ സാധാരണ ഇന്ധനം നിറയാറാകുമ്പോൾ ഒരു സൈറൺ മുഴങ്ങാറുണ്ട്. ഇന്ന് ഈ സൈറൺ മുഴങ്ങിയില്ല. സംഭരണി നിറഞ്ഞ് ഡീസൽ ഇതേ തുടർന്ന് പുറത്തേക്കൊഴുകി. ഓടയിലും പുറത്തേക്കും ഡീസൽ ഒഴുകി. മണം തിരിച്ചറിഞ്ഞാണ് ആദ്യം നാട്ടുകാർ ചോർച്ച മനസിലാക്കിയത്. പിന്നാലെ വലിയ പ്രതിഷേധമുണ്ടായി. നാട്ടുകാർ സജീവമായി ഇറങ്ങിയാണ് ഓവുചാലിൽ നിന്ന് ഡീസൽ കോരിമാറ്റിയത്.
സംഭവം വാർത്തയായതിന് പിന്നാലെ മന്ത്രി എകെ ശശീന്ദ്രൻ വിഷയത്തിൽ ഇടപെട്ടു. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി അടിയന്തിര നടപടി സ്വീകരിക്കാൻ ജില്ല കലക്ടർക്ക് നിർദേശം നൽകി. ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് പിന്നീട് എഡിഎം മാധ്യമങ്ങളോട് പറഞ്ഞു.