കോഴിക്കോട് എച്ച്പിസിഎൽ പ്ലാൻ്റിലെ ചോർച്ചയ്ക്ക് കാരണം മോണിറ്ററിങ് സംവിധാനത്തിലെ തകരാർ; നാളെ സംയുക്ത പരിശോധന

By Web Team  |  First Published Dec 4, 2024, 10:54 PM IST

എലത്തൂർ എച്ച് പി സി എൽ സംഭരണ കേന്ദ്രത്തിലെ ഡീസൽ ചോർച്ചയുടെ പശ്ചാത്തലത്തിൽ പ്ലാൻ്റിൽ നാളെ സംയുക്ത പരിശോധനയ്ക്ക് തീരുമാനം


കോഴിക്കോട്: എലത്തൂർ എച്ച് പി സി എൽ സംഭരണ കേന്ദ്രത്തിൽ ഇന്ധന ചോർച്ചയ്ക്ക് കാരണം ഓവർ ഫ്ലോ മോണിറ്ററിങ് സംവിധാനം പരാജയപ്പെട്ടതാണെന്ന് എഡിഎം. വൈകീട്ട് 4 മണിയോടെയാണ് സംഭരണ കേന്ദ്രത്തിൽ നിന്ന് ഡീസൽ സമീപത്തെ ഓവുചാലിലേക്കടക്കം ഒഴുകിയെത്തിയത്. നാട്ടുകാർ ഗന്ധം കൊണ്ട് ഡീസലാണെന്ന് തിരിച്ചറിഞ്ഞ ശേഷമാണ് എച്ച്പിസിഎൽ അധികൃതർ പോലും വിവരമറിഞ്ഞത്. സംഭരണ ശാലയിലെ സംഭരണിയിൽ ഡീസൽ നിറയാറാകുമ്പോൾ മുഴങ്ങുന്ന സൈറൺ ഇന്ന് പ്രവ‍ർത്തിക്കാതിരുന്നതാണ് ഡീസൽ പുറത്തേക്ക് ഒഴുകാൻ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.

ഓവുചാലിൽ നിന്ന് ഒഴുകി എത്തിയ ഡീസൽ 12 ഓളം ബാരലുകളിലാണ് കോരിഎടുത്ത് മാറ്റിയത്. നിലവിൽ അപകട സാധ്യത ഇല്ലെന്നാണ് എച്ച് പി സി എൽ മാനേജർ വിശദീകരിച്ചത്. നാളെ പ്ലാൻ്റിൽ സംയുക്ത പരിശോധനയ്ക്ക് തീരുമാനമായിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡ്, ദുരന്ത നിവാരണം, ആരോഗ്യ വകുപ്പുകൾ സംയുക്ത പരിശോധന നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം സംഭരണ കേന്ദ്രത്തിലെ സുരക്ഷാ പരിശോധന പുരോഗമിക്കുന്നതിനിടെയാണ് ചോർച്ചയെന്നും ഇത് പൂർണമായും നിർത്തിയെന്നും ഫാക്ടറീസ് ആന്റ് ബോയ്‌ലേർസ് റീജ്യണൽ ജോയിൻ്റ് ഡയറക്ട‍ർ എൻ ജെ മുനീർ പറഞ്ഞു. 

click me!