ഇരട്ട വോട്ടുകാരെ പാലക്കാട് നിലനിർത്തുമെന്ന് കളക്ട‍ർ; കോടതിയിലേക്കെന്ന് സിപിഎം, ചലഞ്ച് ചെയ്യുമെന്ന് ബിജെപി

By Web Team  |  First Published Nov 18, 2024, 10:17 AM IST

ഇരട്ട വോട്ട് വിവാദത്തിൽ നിയമ നടപടിയിലേക്കെന്ന് സിപിഎം. ഇപ്പോൾ വിലപിച്ചിട്ട് എന്ത് കാര്യമെന്ന് ബിജെപി. നിയമപരമായും രാഷ്ട്രീയമായും പ്രതിരോധിക്കുമെന്ന് യുഡിഎഫ്


പാലക്കാട്: ഉപതെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിക്കാനിരിക്കെ പാലക്കാട് ഇരട്ട വോട്ട് വിവാദം ശക്തമാകുന്നു. ഇരട്ട വോട്ടുള്ളവരുടെ പാലക്കാട് മണ്ഡലത്തിലെ വോട്ട് നിലനിർത്തുമെന്ന് ജില്ലാ കളക്ട‍ർ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഇരട്ട വോട്ടിൽ നിയമ പോരാട്ടം നടത്തുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. ബിഎൽഒമാരുടെ ഭാഗത്താണ് പിഴവുണ്ടായതെന്ന് കുറ്റപ്പെടുത്തിയ കെ സുരേന്ദ്രൻ സിപിഎം ഇപ്പോൾ വിലപിച്ചിട്ട് എന്താണ് കാര്യമെന്നും ചോദിച്ചു. ഇരട്ട വോട്ടിൽ ആദ്യം പരാതി ഉന്നയിച്ചത് തങ്ങളാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും പ്രതികരിച്ചു.

ഇരട്ടവോട്ടുള്ളവർ വോട്ട് ചെയ്യാനെത്തുമ്പോൾ ഫോട്ടോ പകർത്തുമെന്ന് ജില്ലാ കളക്ടർ ഡോ.എസ്.ചിത്ര പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മൊബൈൽ ആപ്പിൽ ഈ ചിത്രം അപ്‌ലോഡ് ചെയ്യും. സത്യവാങ്മൂലം എഴുതിവാങ്ങും. മറ്റേതെങ്കിലും ബൂത്തിൽ വീണ്ടും വോട്ട് ചെയ്യാൻ ശ്രമിച്ചാൽ നിയമ നടപടി സ്വീകരിക്കും. പാലക്കാടിനു പുറമേ മറ്റേതെങ്കിലും നിയോജക മണ്ഡലത്തിൽ വോട്ടുള്ളവരുടെ പേര് പാലക്കാട്ടെ പട്ടികയിൽ നിലനിർത്തും. ഇവരുടെ മറ്റു മണ്ഡലത്തിലെ വോട്ട് ഒഴിവാക്കുമെന്നും കളക്ടർ വ്യക്തമാക്കി.

Latest Videos

undefined

സിപിഎം കോടതിയെ സമീപിക്കുന്നതിൽ ആത്മാർത്ഥത ഇല്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ഇരട്ടവോട്ടുകൾ യുഡിഎഫ് ചേർത്തത് സർക്കാർ സഹായത്തോടെയാണ്. അത് അടിത്തറ തകർത്തെന്ന് സിപിഎം തിരിച്ചറിയാൻ വൈകി. സിപിഎം ഇപ്പോൾ വിലപിച്ചിട്ട് എന്ത് കാര്യം? ഇരട്ട വോട്ടുകൾ പോളിങ് ദിനം ചലഞ്ച് ചെയ്യും. ചലഞ്ചിംഗ് വോട്ടുകൾക്ക് അപ്പുറത്തുള്ള ഭൂരിപക്ഷം ബിജെപിക്ക് കിട്ടുമെന്നും സുരേന്ദ്രൻ

ഇരട്ട വോട്ടിൽ ഇടതുമുന്നണി കോടതിയിൽ പോകുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ആദ്യം പരാതി ഉന്നയിച്ചത് യുഡിഎഫാണ്. തെരഞ്ഞെടുപ്പ് സമയത്ത് ആളുകളെ കളിയാക്കുന്ന പ്രസ്താവനയാണിത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഞങ്ങൾ ഇത് വിടില്ല. ഇരട്ട വോട്ടിന്റെ പിന്നാലെ പോകും. നിയമപരമായും രാഷ്ട്രീയമായും നേരിടും. നടപടിയെടുക്കേണ്ട ആളുകളാണ് പരാതി നൽകുന്നത്. കളവ് നടന്നിട്ട് പൊലിസിൽ പോയി പരാതി പറഞ്ഞിട്ട് കാര്യമുണ്ടോ? പൊലീസാണ് കളവിനെ പ്രതിരോധിക്കേണ്ടത്. സിപിഎം ആത്മ പരിശോധന നടത്തണമെന്നും രാഹുൽ പറഞ്ഞു.

click me!