ആവേശം വാനോളമുയർത്തി കൊട്ടിക്കലാശം അവസാനിച്ചു; ഇനി നിശബ്ദ പ്രചാരണം, പാലക്കാടൻ ജനത മറ്റന്നാൾ വിധിയെഴുതും

By Web Team  |  First Published Nov 18, 2024, 6:25 PM IST

സരിന് വേണ്ടി മന്ത്രി എംബി രാജേഷും ജില്ലാ സെക്രട്ടറിയും രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി നടൻ രമേശ് പിഷാരടി, മുനവ്വറലി തങ്ങൾ, ഷാഫി പറമ്പിലുൾപ്പെടെയുള്ളവരും സി കൃഷ്ണകുമാറിന് വേണ്ടി കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രനുമുൾപ്പെടെയുള്ള നേതാക്കളും കൊട്ടിക്കലാശത്തിന് എത്തിയിരുന്നു.


പാലക്കാട്: ആവേശം വാനോളമുയർത്തി പാലക്കാട് ഉപതെരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണം അവസാനിച്ചു. ഇനി നാളത്തെ നിശബ്ദ പ്രചാരണത്തിന് ശേഷം മറ്റന്നാൾ പാലക്കാടൻ ജനത തങ്ങളുടെ ജനപ്രതിനിധിക്കായി വിധിയെഴുതും. പരസ്യപ്രചാരണം അവസാനിച്ചതോടെ മുന്നണികളെല്ലാം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. വൈകിട്ട് നാലോടെയാണ് ബിജെപിയുടെയും യുഡിഎഫിന്‍റെയും എൽഡിഎഫിന്‍റെയും റോഡ് ഷോ ആരംഭിച്ചത്. സരിന് വേണ്ടി മന്ത്രി എംബി രാജേഷും ജില്ലാ സെക്രട്ടറിയും രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി നടൻ രമേശ് പിഷാരടി, മുനവ്വറലി തങ്ങൾ, ഷാഫി പറമ്പിലുൾപ്പെടെയുള്ളവരും സി കൃഷ്ണകുമാറിന് വേണ്ടി കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രനുമുൾപ്പെടെയുള്ള നേതാക്കളും കൊട്ടിക്കലാശത്തിൽ പങ്കെടുത്തു. പാലക്കാട് കോട്ടമൈതാനത്ത് നടന്ന കൊട്ടിക്കലാശത്തിൽ വൻജനാവലിയാണ് എത്തിയത്. 

യുഡിഎഫ് സ്ഥാനാ൪ത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്‍റെ റോഡ് ഷോ ഒലവക്കോട് നിന്നാണ് ആരംഭിച്ചത്. നീല ട്രോളി ബാഗുമായിട്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ കലാശക്കൊട്ടിനെത്തിയത്. എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.പി.സരിന്റെ റോഡ്ഷോ വൈകീട്ട് നാലോടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നുമാണ് ആരംഭിച്ചത്. പി സരിനൊപ്പം എംബി രാജേഷും റോഡ് ഷോയിൽ പങ്കെടുത്തു. ബിജെപി സ്ഥാനാർത്ഥി സി.കൃഷ്ണകുമാറിന്‍റെ റോഡ് ഷോ മേലാമുറി ജങ്ഷനിൽ നിന്നുമാണ് ആരംഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനൊപ്പം ശോഭ സുരേന്ദ്രൻ, തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവരും റോഡ്ഷോയിൽ പങ്കെടുത്തു.

Latest Videos

undefined

സന്ദീപ് വാര്യരുടെ വരവോടെ പാലക്കാട് ആവേശം ഇരട്ടിയായിട്ടുണ്ടെന്നും 15,000 ഭൂരിപക്ഷമുണ്ടാകുമെന്നുമാണ് യുഡിഎഫ് പ്രവര്‍ത്തകരും നേതാക്കളും അവകാശപ്പെടുന്നത്. അതേസമയം, യുഡിഎഫിനെ കടപുഴക്കി കടലിൽ തള്ളുമെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. അവസാന നിമിഷത്തെ കള്ളപ്രചാരണം തള്ളിക്കളയണം. കെ.മുരളീധരൻ ഞങ്ങൾക്ക് പ്രയോജനം ചെയ്തു. അദ്ദേഹത്തിന് ഇതിൽ കൂടുതൽ പാർട്ടിയിൽ നിന്ന് കൊണ്ട് പറയാനാകില്ലെന്നും എംബി രാജേഷ് പറഞ്ഞു. പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ വലിയ ഭൂരിപക്ഷത്തിൽ തന്നെ ജയിക്കുമെന്നും തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും മുതിര്‍ന്ന നേതാവ് ശോഭ സുരേന്ദ്രനും പ്രതികരിച്ചു.

വിവാദങ്ങൾക്കും അപ്രതീക്ഷിത ട്വിസ്റ്റുകൾക്കും പിന്നാലെയാണ് പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം  അവസാനിച്ചത്. ഒരു മാസത്തോളം നീണ്ടുനിന്ന പ്രചാരണമാണ് വൈകീട്ട് ആറിന് സമാപിച്ചത്.  പി.സരിൻ കോൺഗ്രസ് വിട്ട് ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായത് മുതൽ സന്ദീപ് വാര്യറുടെ കോൺഗ്രസ് പ്രവേശം വരെ ഒട്ടേറെ ട്വിസ്റ്റുകൾക്കാണ് ഈ കാലയളവിൽ പാലക്കാട് സാക്ഷിയായത്.
കഞ്ചാവ് വില്‍പനയെന്ന് രഹസ്യവിവരം, പരിശോധനയ്ക്കെത്തിയ പൊലീസിന് ലഹരിമാഫിയയുടെ ആക്രമണം; നാല് പേര്‍ക്ക് പരിക്ക്

https://www.youtube.com/watch?v=Ko18SgceYX8


 

click me!