ബംഗാൾ ഉൾകടലിൽ തെക്കു ആൻഡമാൻ കടലിൽ തായ്‌ലൻഡ് തീരത്തിനോട് ചേർന്ന് ഇന്ന് (13 നവംബർ 2021) രാവിലെ 8.30 നാണ് ന്യുനമർദ്ദം രൂപപ്പെട്ടത്. നവംബർ പതിനഞ്ചോടെ ഇത് അതി തീവ്ര ന്യൂനമർദ്ദമാകും.
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ( Bay of Bengal) പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് . ഇത് ശക്തിപ്രാപിച്ച് അറബിക്കടലിലേക്ക് (Arabian Sea) നീങ്ങുമെന്നാണ് പ്രവചനം. സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ശക്തമായ മഴക്ക് (heavy rain) സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. തെക്കൻ കേരളത്തിലാകും കൂടുതൽ മഴ. തെക്ക് കിഴക്കൻ അറബിക്കടലിലും വടക്കൻ തമിഴ്നാടിനും മുകളിലും ചക്രവാതച്ചുഴി നിലനിൽക്കുന്നതാണ് കാരണം.
ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ തീരത്ത് രാവിലെ ന്യൂനമർദ്ദം രൂപപ്പെട്ടതും മഴക്കുള്ള മറ്റൊരു കാരണമാണ്. ആൻഡമാൻ തീരത്തെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി രൂപപ്പെട്ട് ആന്ധ്രാ തീരത്ത് പ്രവേശിക്കാനാണ് സാധ്യത. മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ മലയോരമേഖലയിലും തീരപ്രദേശത്തുമുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
തെക്ക് കിഴക്കൻ അറബികടലിലും വടക്കൻ തമിഴ്നാടിനു മുകളിലും ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ഇതിനാൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചിരിക്കുകയാണ്. ഇതിന്റെ സ്വാധീനത്താൽ കേരളത്തിൽ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. പ്രത്യേകിച്ച് തെക്കൻ കേരളത്തിൽ അതിശക്ത മഴ സാധ്യതയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.
ബംഗാൾ ഉൾകടലിൽ തെക്കു ആൻഡമാൻ കടലിൽ തായ്‌ലൻഡ് തീരത്തിനോട് ചേർന്ന് ഇന്ന് (13 നവംബർ 2021) രാവിലെ 8.30 നാണ് ന്യുനമർദ്ദം രൂപപ്പെട്ടത്. ന്യൂനമർദ്ദം പടിഞ്ഞാറ് - വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിച്ചു നവംബർ 15 ഓടെ വടക്കു ആൻഡമാൻ കടലിലും തെക്കു - കിഴക്കു ബംഗാൾ ഉൾക്കടലിലുമായി തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിച്ചു അടുത്ത 48 മണിക്കൂറിനുള്ളിൽ ആന്ധ്രാ തീരത്തു പ്രവേശിക്കാനാണ് സാധ്യത.