കൊല്ലത്ത് കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി. കൊല്ലം താന്നി ബിഎസ്‍എൻഎൽ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (36), ഇവരുടെ രണ്ടര വയസുള്ള ആണ്‍ കുട്ടി ആദി എന്നിവരാണ് മരിച്ചത്
കൊല്ലം: കൊല്ലത്ത് കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി. കൊല്ലം താന്നി ബിഎസ്‍എൻഎൽ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (36), ഇവരുടെ രണ്ടര വയസുള്ള ആണ്‍ കുട്ടി ആദി എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ഇരുവരും തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇരുവരെയും വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കട്ടിലിന് മുകളിൽ മരിച്ച നിലയിൽ കിടക്കുന്ന കുഞ്ഞിനെ ആണ് കണ്ടെത്തിയത്. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികളാരംഭിച്ചു. അജീഷ് നേരത്തെ ഗള്‍ഫിലായിരുന്നുവെന്നും എന്താണ് സംഭവത്തിന് കാരണമെന്ന് അറിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. നടുക്കുന്ന കൊലപാതകത്തിന്‍റെയും ആത്മഹത്യയുടെയും ഞെട്ടലിലാണ് നാട്ടുകാര്‍.
എല്ലാവരുമായി വളരെ സ്നേഹത്തിൽ നല്ലരീതിൽ ജീവിച്ച സാധാരണ കുടുംബമായിരുന്നുവെന്ന് അയൽക്കാര്‍ പറഞ്ഞു. ചെറിയ സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നാണ് സംശയിക്കുന്നതെങ്കിലും ഇത്തരത്തിൽ ജീവനൊടുക്കുന്നതിലേക്ക് പോകാനുണ്ടായ കാരണം എന്താണെന്ന് അറിയില്ലെന്നും അയൽക്കാര്‍ പറഞ്ഞു. അജീഷിന്‍റെ അച്ഛനും അമ്മയും വീട്ടിൽ ഉണ്ടായിരുന്നു. രാവിലെ അജീഷും ഭാര്യയും മുറിയിൽ നിന്ന് പുറത്തുവരാതായതോടെ മാതാപിതാക്കള്‍ അയൽക്കാരെ ഉള്‍പ്പെടെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അജീഷിന് അടുത്തകാലത്തായി അര്‍ബുദം സ്ഥിരീകരിച്ചിരുന്നുവെന്നും സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നുവെന്നും ഇതേ തുടര്‍ന്നുള്ള മാനസിക പ്രയാസമായിരിക്കാം ജീവനൊടുക്കുന്നതിന് കാരണമായതെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. ചെറിയ ജോലി ചെയ്താണ് അജീഷ് കുടുംബം പുലര്‍ത്തിയിരുന്നത്. മരണത്തിന്‍റെ യഥാര്‍ത്ഥ കാരണം കൂടുതൽ അന്വേഷണത്തിലെ വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)