തെറ്റിദ്ധാരണയിൽ മാപ്പു ചോദിക്കുന്നുവെന്ന് മനാഫ്; 'സെൻറ് ഓഫ് നൽകിയിട്ടില്ല, അർജുന്‍റെ കുടുംബത്തെ വേട്ടയാടരുത്'

By Web TeamFirst Published Oct 3, 2024, 1:51 PM IST
Highlights

അര്‍ജുന്‍റെ കുടുംബത്തിന്‍റെ പ്രതികരണത്തിൽ തന്‍റെ കുടുംബവുമായി ആലോചിച്ച് കൂടുതൽ പ്രതികരിക്കുമെന്ന് മനാഫ് പറഞ്ഞു

കോഴിക്കോട്: നന്ദി പ്രതീക്ഷിച്ചല്ല ഒന്നും ചെയ്തതെന്നും എത്ര അപമാനിതനായാലും ആരോടും ശത്രുതയില്ലെന്നും ഷിരൂരില്‍ മണ്ണിടിച്ചിലിൽ മരിച്ച അര്‍ജുന്‍റെ ലോറി ഉടമകളിലൊരാളായ മനാഫ് പറഞ്ഞു. കോഴിക്കോട് മുക്കം സ്കൂളിലെ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മനാഫ്. അര്‍ജുന്‍റെ കുടുംബം ഇന്നലെ മനാഫിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു.

അര്‍ജുന്‍റെ കുടുംബത്തിന്‍റെ പ്രതികരണത്തിൽ തന്‍റെ കുടുംബവുമായി ആലോചിച്ച് കൂടുതൽ പ്രതികരിക്കുമെന്ന് മനാഫ് പറഞ്ഞു. അര്‍ജുന്‍റെ കുടുംബത്തെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. സെന്‍റ് ഓഫ് നടത്തിയിട്ടില്ല. അത്രയും ദിവസം കൂടെ ഉണ്ടായിരുന്ന ആളുകള്‍ക്ക് ഭക്ഷണം വാങ്ങി കൊടുത്ത് യാത്ര ആക്കുകയാണ് ചെയ്തത്.

Latest Videos

അതാണ് സെന്‍റ് ഓഫ് എന്ന രീതിയിൽ വ്യാഖ്യാനിച്ചത്. തെറ്റിദ്ധാരണ ഉണ്ടായതിൽ മാപ്പ് ചോദിക്കുകയാണ്. അര്‍ജുന്‍റെ  കുടുംബത്തെ ഇതിന്‍റെ പേരിൽ ആരും വേട്ടയാടരുത്. സമൂഹ മാധ്യമത്തിലും മോശമായി സംസാരിക്കരുത്. തനിക്ക് ചേരി തിരിഞ്ഞ് നില്‍ക്കാൻ താല്‍പ്പര്യമില്ലെന്നും മനാഫ് പറഞ്ഞു.

'താൻ ചെയ്തത് ദൈവത്തിനറിയാം, കണ്ട് നിന്നവർക്കുമറിയാം'; ഇനി ഒരു തരത്തിലും വിവാദത്തിനില്ലെന്ന് ഈശ്വർ മാൽപെ

അർജുന്‍റെ പേരിൽ മനാഫ് പണം സ്വീകരിച്ചെന്നും യുട്യൂബ് ചാനലിലൂടെ വ്യൂവേഴ്സിനെ കൂട്ടാനാണ് ശ്രമിച്ചെന്നുമാണ് അര്‍ജുന്‍റെ കുടുംബത്തിന്‍റെ പ്രധാന ആരോപണം. കുടുംബത്തിന്‍റെ വൈകാരികത ചൂഷണം ചെയ്യുന്നത് നിർത്തണമെന്ന് കാലുപിടിച്ച് പറഞ്ഞിരുന്നതായും ഇനിയും നിർത്തിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അർജുന്‍റെ കുടുംബം ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇമോഷനെ വിറ്റ് എല്ലാം ഒരാൾ ആണ് നടത്തിയത് എന്ന് സ്ഥാപിക്കുകയാണ്.  

നിർത്തിയില്ലെങ്കിൽ മനാഫിനെതിരെ നിയമ നടപടി സ്വീകരിക്കും. പല ഫണ്ടുകളും അയാൾക്ക് ലഭിച്ചിട്ടുണ്ട്. ഞങ്ങൾക്ക് പൈസ വേണ്ട. ഞങ്ങൾ ആരോടും പണം ആവശ്യപ്പെട്ടില്ല. ആരും പണം കൊടുക്കരുത്. മനാഫ് ഫണ്ട് പിരിവ് നടത്തിയെന്നല്ല പറയുന്നത്. പലരും അദ്ദേഹത്തിന്റെ കയ്യിൽ പണം നൽകുന്നതായി അറിഞ്ഞിട്ടുണ്ട്. അങ്ങനെ ആരും പണം കൊടുക്കരുതെന്നാണ് പറയുന്നത്. പല കാര്യങ്ങൾ പറഞ്ഞ് കുടുംബത്തെ വ്യക്തിഹത്യ ചെയ്യുകയാണ് അദ്ദേഹം.

മുബീൻ ആത്മാർമായ സ്നേഹത്തോടെ കൂടെ നിന്നു. അദ്ദേഹത്തോട് മാനസികമായി അടുപ്പം ഉള്ളത് കൊണ്ടാണ് ഇതു വരെ മനാഫിനെ തള്ളിപ്പറയാതിരുന്നത്. തെരച്ചിൽ ഫലം കണ്ട വിവരം ഔദ്യോഗികമായി ഞങ്ങൾക്ക് കിട്ടിയിരുന്നു. വൈകാരികമായ അവസ്ഥയിൽ ആയിരുന്നു ഞങ്ങൾ. ഈ സമയത്താണ്  ഗംഗവാലി പുഴയിൽ അർജുനെ ഇട്ടു പോകാൻ പറ്റില്ല എന്ന ഡയലോഗ് മനാഫ് നടത്തുന്നതെന്നും ജിതിൻ ആരോപിച്ചിരുന്നു.അർജുൻറെ  ബൈക്ക് നേരത്തെ നന്നാക്കാൻ കൊടുത്തിരുന്നു.

അത് നന്നാക്കിയത് മനാഫ് ആണെന്ന് പ്രചരിപ്പിക്കുകയാണ്. അത് യൂട്യൂബിലൂടെ പ്രചരിക്കുകയാണ്. ഞങ്ങളുടെ വൈകാരികത ചൂഷണം ചെയ്യരുത്. ഇനിയും ഇത് തുടർന്നാൽ പ്രതികരിക്കും. തെരച്ചിൽ ഘട്ടത്തിൽ അമ്മയുടെ വൈകാരികത ചൂഷണം ചെയ്തു. അമ്മയുടെ പ്രതികരണം ലൈവ് കൊടുത്തു. അമ്മക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് അവരോട് പറഞ്ഞിരുന്നു. ഒരു തുള്ളി കളങ്കം ഇല്ലാതെയാണ് ഞങ്ങൾ അവിടെ നിന്നത്. മാൽപെയും മനാഫും നാടകം കളിച്ചു. തുടർന്ന് ആദ്യ രണ്ടു ദിവസം നഷ്ടം ആയി. എംഎൽഎ ക്കും എസ്പിക്കും കാര്യം മനസിലായി മനാഫിന് യുട്യൂബ് ചാനൽ ഉണ്ട്. പ്രേക്ഷകരുടെ എണ്ണം ആയിരുന്നു അവരുടെ ചർച്ച. ഇതെല്ലാം ഈശ്വര മൽപെയും നടത്തിയ നാടകമാണെന്നും ജിതിൻ ആരോപിച്ചിരുന്നു.

അതേസമയം, ആരോപണങ്ങളിൽ ഇന്നലെ തന്നെ മറുപടിയുമായി മനാഫ് രംഗത്തെത്തിയിരുന്നു. എത്ര ക്രൂശിച്ചാലും താൻ ചെയ്തതെല്ലാം നിലനിൽക്കുമെന്നാണ് മനാഫ് പറഞ്ഞത്. തെറ്റ് ചെയ്തെങ്കിൽ കല്ലെറിഞ്ഞ് കൊന്നോട്ടെ. തന്‍റെ യൂട്യൂബ് ചാനലിൽ ഇഷ്ടമുള്ളത് ഇടുമെന്നും മനാഫ് പറഞ്ഞു. കൂടാതെ ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്നും മനാഫ് വിശദമാക്കി. യൂട്യൂബ് ചാനൽ തുടങ്ങുന്നതില്‍ എന്താണ് തെറ്റെന്നും മനാഫ് ചോദിച്ചു.  ഷിരൂരിൽ എത്തിയ ശേഷമാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. യൂട്യൂബ് ചാനലിൽ  ഇഷ്ടമുള്ളത് ഇടും. അത് ചോദ്യം ചെയ്യാൻ ആർക്കാണ് അവകാശമെന്ന് ചോദിച്ച മനാഫ് അർജുന്റെ ചിത അണയും മുമ്പ്  ക്രൂശിക്കുന്നത് എന്തിനാണെന്നും ചോദിച്ചു.

മനാഫിനും മൽപേക്കും പിന്നാലെ പ്രതികരിച്ച് ആക്ഷൻ കമ്മിറ്റിയും; എല്ലാം കുടുംബത്തെ അറിയിച്ചാണ് ചെയ്തതെന്ന് നൗഷാദ്

താൻ കുടുംബത്തിന് പണം കൊടുത്തിട്ടില്ലെന്നും മനാഫ് ആവര്‍ത്തിച്ചു പറഞ്ഞു. ഒരിക്കല്‍ ഉസ്താദിനു ഒപ്പം കുടുംബത്തെ കാണാന്‍ പോയപ്പോൾ അദ്ദേഹം പണം കൊടുത്തിരുന്നു. അതാകും കുടുംബം ഉദ്ദേശിച്ചത്. തനിക്ക് ആരോടെങ്കിലും സംസാരിക്കണം എന്ന് കരുതിയാണ് യൂട്യൂബ് ചാനൽ തുടങ്ങിയതെന്നായിരുന്നു മനാഫിന്‍റെ വിശദീകരണം. അർജുനെ കിട്ടും വരെ ഉപയോഗിക്കാനാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്.

ഇനി യൂട്യൂബ് ചാനൽ  ഉഷാറാക്കും. അർജുന്‍റെ അമ്മ എന്‍റെയും അമ്മയാണ്. അമ്മയെ അഭിമുഖം ചെയ്തിട്ടില്ല. യൂട്യൂബ് ചാനൽ നോക്കിയാൽ അത് മനസ്സിലാകും. എന്നെ തള്ളി പറഞ്ഞാലും കുഴപ്പമില്ല. അർജുന്റെ കുടുംബത്തിന് ആവശ്യം വന്നാൽ ഇനിയും കൂടെ ഉണ്ടാകുമെന്നും മനാഫ് പറഞ്ഞു. എന്‍റെ ലോറിക്ക് അർജുന്‍റെ പേരിടുമെന്നും കാര്യമായ തർക്കം കുടുംബവുമായി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതൊന്നും തന്നെ ബാധിക്കില്ലെന്നും മനാഫ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ശ്രുതിക്ക് സർക്കാർ ജോലി, അർജുന്‍റെ കുടുംബത്തിന് 7 ലക്ഷം, വയനാട് പുനരധിവാസത്തിന് മാതൃക ടൗൺഷിപ്പ്: മുഖ്യമന്ത്രി

click me!