ഇന്നലെ തലപ്പുഴയിലെ കാട്ടിൽ ഡിഫഒയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു.
കൽപറ്റ: വയനാട് തലപ്പുഴ വനമേഖലയിലെ വ്യാപക മരം മുറിയില്‍ അന്വേഷണത്തിന് നിര്‍ദേശം. സർക്കാരിന് നഷ്ടം വന്നോയെന്നത് പരിശോധിക്കാൻ ഡിഎഫ്ഒ ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കി. ലേലം ചെയ്യാൻ വിറക് ആക്കി വച്ചിരിക്കുന്ന തടി കഷ്ണങ്ങള്‍ അളന്ന് തിട്ടപ്പെടുത്തും. അനുമതി ഇല്ലാതെ മരം മുറിച്ചതിന് ഉദ്യോസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യാനും നീക്കമുണ്ട്
സോളാർ ഫെൻസിങ് സ്ഥാപിക്കാനെന്ന മറവില്‍ വനത്തിനുള്ലിലെ 73 മരങ്ങളാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ മുറിച്ച് മാറ്റിയത്. ആഞ്ഞിലിയും പ്ലാവും ഉള്‍പ്പെടെയുള്ള മുറിച്ച തടികള്‍ വിറകാക്കി വനം വകുപ്പ് ഓഫീസില്‍ തന്നെ വച്ചിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ അവകാശ വാദം. മുറിച്ച മരങ്ങള്‍ മുഴുവനായി ഓഫീസില്‍ ഉണ്ടോയെന്നത് പരിശോധിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ഓഫിസിലെ മൂന്ന് ഇടങ്ങളിലായി 3.5 മെട്രിക് ടണ്‍ വിറക് ഉണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിലുള്ളത്. സർക്കാരിന് എത്ര നഷ്ടം വന്നുവെന്നതും അന്വേഷണത്തിന്‍റെ ഭാഗമാകും. നഷ്ടം വന്നുവെന്ന് കണ്ടത്തിയാല്‍ ഉദ്യോസ്ഥരില്‍ നിന്ന് തന്നെ ഈടാക്കും. അതോടൊപ്പം അനുമതിയില്ലാതെയാണ് ഉദ്യോഗസ്ഥർ ഇത്രയും മരങ്ങള്‍ മുറിച്ചതെന്ന് ഡിഎഫ്ഒ മാർട്ടിൻ ലോവല്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യാനും നീക്കമുണ്ട്. സോളാർ ഫെൻസിങ് മരം മുറിക്കാതെ തന്നെ സ്ഥാപിക്കാമെന്നിരിക്കെയാണ് ഉദ്യോസ്ഥർ കാട് വെട്ടി വെളുപ്പിച്ചത്. തടിയായി ലേലം ചെയ്യാൻ കഴിയുന്ന മരങ്ങള്‍ പോലും വിറകാക്കി വെട്ടി മാറ്റിയതും ദുരൂഹതയാണ്.