വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉരുൾപൊട്ടലിൻ്റെ പുനരധിവാസ പ്രശ്നം ചർച്ചയാക്കി യുഡിഎഫ്. പ്രിയങ്ക ഗാന്ധിക്ക് സംഘപരിവാറിനെതിരെ മത്സരിക്കാൻ ധൈര്യമില്ലെന്ന് സത്യൻ മൊകേരി
കൽപ്പറ്റ: വയനാട്ടിൽ ഉരുൾപൊട്ടൽ ബാധിതർക്കുള്ള പുനരധിവാസം വൈകുന്നത് ചർച്ചയാക്കാൻ യുഡിഎഫ്. ഇനിയും മന്ദഗതിയിലാണ് കാര്യങ്ങൾ പോകുന്നതെങ്കിൽ പ്രതിപക്ഷം സർക്കാറിനോടുള്ള സഹകരണ നിലപാട് മറ്റുമെന്ന് വിഡി സതീശൻ പറഞ്ഞു. ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിലും യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഒറ്റ ദിവസംകൊണ്ട് പൂർത്തിയാക്കി. സംസ്ഥാന സർക്കാറിനുള്ള താക്കീതായി ഉപതെരഞ്ഞെടുപ്പ് ഫലം മാറുമെന്നാണ് പ്രതിപക്ഷം പറയുന്നത്. മൂന്നിടങ്ങളിലും യുഡിഎഫ് വിജയിക്കുമെന്നും കാലിയായ ഖജനാവും കൊണ്ട് നടക്കുന്ന മുഖ്യമന്ത്രിയുടെ കയ്യിൽ ആകെയുള്ളത് അഹങ്കാരം മാത്രമാണെന്നും കൽപ്പറ്റയിലെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
വടക്കേ ഇന്ത്യയിൽ സംഘപരിവാറിനെതിരെ മത്സരിക്കാൻ കഴിയാത്തവരാണ് വയനാട്ടിൽ എൽഡിഎഫിനെതിരെ മത്സരിക്കുന്നതെന്ന് ഇടത് സ്ഥാനാർത്ഥി സത്യൻ മൊകേരി പരിഹസിച്ചു. ഇന്ത്യ സഖ്യത്തിൽ ആയതിനാൽ എൽഡിഎഫ് മാറിനിൽക്കണമെന്ന വാദത്തിന് ഒരടിസ്ഥാനവുമില്ലെന്നും അദ്ദേഹം വയനാട്ടിൽ പ്രതികരിച്ചു. രാജ്യത്ത് ബിജെപിക്ക് എതിരായ വലിയ പോരാട്ടത്തിന് പ്രിയങ്ക ഗാന്ധി ഇറങ്ങുമ്പോൾ ഇടതുപക്ഷം പിന്തുണകുകയാണ് വേണ്ടതെന്ന് ഡീൻ കുര്യക്കോസ് എം.പിയും പറഞ്ഞു. ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്നുണ്ടെങ്കിൽ പിന്തുണ നൽകേണ്ട ബാധ്യത ഇടതുപക്ഷത്തിനുണ്ടെന്നും ഡീൻ കുര്യാക്കോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വയനാട്ടിൽ യുഡിഎഫിന്റെ കോട്ടയിൽ ആരെങ്കിലും ജയിക്കാമെന്ന് കരുതിയാൽ അവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണെന്ന് ബത്തേരിയിലെ കൺവെൻഷനിൽ കെപിസിസി പ്രസിഡണ്ട് പറഞ്ഞു. നിലമ്പൂർ, വണ്ടൂർ, തിരുവമ്പാടി മണ്ഡലങ്ങളിലും മുൻനിര നേതാക്കൾ തന്നെ കൺവെൻഷന് എത്തി. മാനന്തവാടിയിൽ ഇടി മുഹമ്മദ് ബഷീർ ഉദ്ഘാടകനായി. യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി 23 ന് ഉച്ചയ്ക്ക് നാമനിർദ്ദേശപത്രിക സമർപ്പിക്കും. രാഹുൽ ഗാന്ധിയും പ്രിയങ്കയ്ക്കൊപ്പം എത്തുമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.