വടക്കൻ പറവൂർ മാഞ്ഞാലി എസ്എൻ ട്രസ്റ്റ് കോളേജിലാണ് കോടതി ഉത്തരവുമായി കൊട്ടക് മഹീന്ദ്ര ബാങ്ക് ഉദ്യോഗസ്ഥർ ജപ്തി നടപടികൾക്കായി എത്തിയത്
കൊച്ചി: പഠിക്കുന്ന കോളേജ് നേരിടുന്ന ജപ്തി ഭീഷണി കാരണം ആശങ്കയൊഴിയാതെ വിദ്യാർത്ഥികൾ. വടക്കൻ പറവൂർ മാഞ്ഞാലി എസ് എൻ ട്രസ്റ്റ് കോളേജിലെ വിദ്യാർത്ഥികൾക്കാണ് ഈ ദുരവസ്ഥ. രണ്ടാം വട്ടവും ജപ്തി ഉത്തരവുമായി സ്വകാര്യ ബാങ്ക് അധികൃതരെത്തിയപ്പോൾ കോളേജിൽ ഉണ്ടായത് നാടകീയ രംഗങ്ങളാണ്.
പറവൂർ ഗുരുദേവ ട്രസ്റ്റിന് കീഴിലാണ് വടക്കൻ പറവൂരിലെ മാഞ്ഞാലിയിലുള്ള എസ്എൻ ട്രസ്റ്റ് കോളേജ്. വായ്പാ തിരിച്ചടവ് മുടങ്ങിയപ്പോഴാണ് കോടതി ഉത്തരവുമായി കൊട്ടക് മഹീന്ദ്ര ബാങ്ക് ഉദ്യോഗസ്ഥർ രണ്ടാമതും ജപ്തി നടപടികൾക്കായി എത്തിയത്. വൻ പൊലീസ് സന്നാഹവുമുണ്ടായിരുന്നു. പഠനം മുടങ്ങുമോയെന്ന ആധിയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രതിഷേധവുമായെത്തി. കോളേജ് കവാടം പൂട്ടി പ്രതിഷേധക്കാർ പ്രതിരോധം തീർത്തു. പൊലീസ് കർശന നിലപാടെടുത്തതിന് പിന്നാലെ സംഘർഷം ഒഴിവാക്കാൻ പ്രതിഷേധക്കാർ ഗേറ്റ് തുറന്നു.
ബാങ്കുദ്യോഗസ്ഥർ ഓഫീസ് റൂമും കോളേജ് മാനേജരുടെയും ചെയർമാന്റേയും മുറികളും പൂട്ടി സീൽ വെച്ചു. ക്ലാസ് മുറികളും പൂട്ടാൻ തുടങ്ങിയതോടെ കോളേജ് അധികൃതരെത്തി. പണം അടയ്ക്കാമെന്ന് ഉറപ്പു നൽകി. പിന്നാലെ പൂട്ട് തുറന്നു കൊടുത്ത് ബാങ്കുദ്യോഗസ്ഥർ മടങ്ങി. ശമനമില്ലാത്ത ആശങ്കയുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും.
2014ലാണ് കൊട്ടക് മഹീന്ദ്ര ബാങ്കിൽ നിന്ന് കോളജ് നാല് കോടി രൂപ വായ്പയെടുത്തത്. തുടക്കത്തിൽ പലിശയടവ് കൃത്യമായിരുന്നു. പക്ഷേ പോകപ്പോകെ മുടങ്ങി. ഇപ്പോൾ പലിശയുൾപ്പെടെ അടക്കാനുള്ളത് 19 കോടിയോളം രൂപയാണ്. ഈ മാസം 30നകം ഒരു കോടിയും വർഷാവസാനത്തോടെ രണ്ട് കോടിയും നൽകാമെന്നാണ് കോളേജ് ബാങ്കിന് നൽകിയിരിക്കുന്ന ഉറപ്പ്.
undefined
പാസ്പോർട്ടുമായി വന്ന പോസ്റ്റുമാൻ ചോദിച്ചത് 500 രൂപ, നൽകാത്തതിനാൽ പേജ് കീറിയെന്ന് പരാതി