'സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പൊതുജനത്തിന്‍റെ മടിക്കുത്തിന് പിടിക്കുകയല്ല ചെയ്യേണ്ടത്'
തിരുവനന്തപുരം: ജനങ്ങള്‍ക്ക് ഇരട്ടി പ്രഹരം നല്‍കി സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഉയര്‍ന്ന ഫീസ് ഈടാക്കാനുള്ള നീക്കം പിണറായി മന്ത്രിസഭ ഉപേക്ഷിക്കണമെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ എം പി ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പൊതുജനത്തിന്‍റെ മടിക്കുത്തിന് പിടിക്കുകയല്ല ചെയ്യേണ്ടത്. അഞ്ചുമാസത്തെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഇപ്പോഴും കുടിശ്ശികയാണ്. അത് കൃത്യമായി വിതരണം ചെയ്യാന്‍ കഴിയാത്ത പിണറായി സര്‍ക്കാര്‍ കേരളീയം നടത്താന്‍ കാട്ടുന്ന ആത്മാര്‍ത്ഥതയ്ക്ക് പിന്നില്‍ സാമ്പത്തിക താല്‍പ്പര്യമാണ്. പൊതുജനത്തെ പിഴിഞ്ഞായാലും പണം കൊള്ളയടിക്കണം എന്ന ചിന്തയാണ് പിണറായി സര്‍ക്കാരിനെ നയിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.
വര്‍ധിച്ച ജീവിതച്ചെലവ് കാരണം ജനം ശ്വാസം മുട്ടുമ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കാനുള്ള വഴികൾ തേടുകയാണ്. സംസ്ഥാനത്ത് പകര്‍ച്ചാവ്യാധിയും മറ്റും പടര്‍ന്ന് പിടിക്കുകയാണ്. ആരോഗ്യവകുപ്പ് കുത്തഴിഞ്ഞു. ചികിത്സാപ്പിഴവും കുറ്റകരമായ അനാസ്ഥയും വെളിവാക്കുന്ന നിരവധി സംഭവങ്ങളാണ് ഓരോ ദിവസവും സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും പുറത്തുവരുന്നത്. കെടുകാര്യസ്ഥത മുഖമുദ്രയാക്കിയ ആഭ്യന്തരം ഉള്‍പ്പെടെയുള്ള മറ്റുവകുപ്പുകളുടെ പ്രവര്‍ത്തനക്ഷമത പറയാതിരിക്കുകയാണ് ഭേദം. അതിനിടെയാണ് സംസ്ഥാനത്തിന്റെ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെന്നും സുധാകരന്‍ പറഞ്ഞു.
വീണ്ടും കേരളീയം നടത്താന്‍ സര്‍ക്കാര്‍ തുനിയുമ്പോള്‍ മുന്‍വര്‍ഷത്തെ കേരളീയത്തിന് എത്ര തുക ചെലവാക്കിയെന്നോ, എത്ര രൂപ പിരിച്ചെന്നോ, അതില്‍ ആരൊക്കെയാണ് സ്പോണ്‍സര്‍മാര്‍, അവര്‍ എത്ര തുക നല്‍കി എന്നോ ഒന്നിനും കണക്കില്ല. കോടികള്‍ പിരിച്ച് പുട്ടടിക്കുന്ന പദ്ധതിക്ക് പിണറായി സര്‍ക്കാര്‍ കേരളീയം എന്ന് പേര് നല്‍കുക മാത്രമാണ് ചെയ്തത്. ഇവന്‍മാനേജ്മെന്റ് കൊള്ളയാണിത്. അതിനുള്ള മറയാണ് സ്പോണ്‍സര്‍ഷിപ്പ്. നികുതിവെട്ടിച്ച നിയമലംഘകരും മാഫിയാ സംഘങ്ങളും ചെറിയ തുക ഇതില്‍ നിക്ഷേപിച്ച് വലിയ അനൂകൂല്യം പിണറായി സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റുകയാണ്. മദ്യനയത്തിലെ മാറ്റവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കോഴ ആരോപണം ഈ ഇടപാടിലെ ഒരേടാണോയെന്ന് അന്വേഷിക്കണ്ടതാണ്. അതുകൊണ്ടാണോ സ്പോണ്‍സര്‍ഷിപ്പിന്റെ വിവരങ്ങള്‍ക്ക് ഇരുമ്പ് ചട്ടക്കൂട് സര്‍ക്കാര്‍ തീര്‍ത്തതെന്നും സുധാകരന്‍ ചോദിച്ചു.
ബജറ്റ് വിഹിതവും വികസന ഫണ്ടുകള്‍ നല്‍കാതെയും തളച്ചിട്ടിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ കേരളീയത്തിന് വേണ്ടി ഇത്തവണയും സര്‍ക്കാര്‍ കറവപ്പശുവാക്കുകയാണ്. സര്‍ക്കാരിന് ജനക്ഷേമത്തേക്കാള്‍ ധൂര്‍ത്തിന് മാത്രമാണ് മുന്‍ഗണന. കേരളീയം കൊണ്ട് ജനത്തിന് ഒരു പ്രയോജനവുമില്ലെന്നും അതുപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സുധാകരന്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം