കേരള ഗാനത്തിനുള്ള സർക്കാർ നീക്കം ബോധേശ്വരന്റെ കേരള ഗാനം മറന്ന്; സാംസ്കാരിക വകുപ്പ് അംഗീകരിച്ചത് 10 വർഷം മുൻപ്

By Web TeamFirst Published Feb 5, 2024, 10:28 AM IST
Highlights

അഖണ്ഡ കേരളം സ്വപ്നം കണ്ടാണ് കവി ബോധേശ്വരന്‍ "ജയജയ കോമള കേരള ധരണി" എന്ന ഗാനം രചിച്ചത്

തിരുവനന്തപുരം: പുതിയ ഔദ്യോഗിക ഗാനത്തിനുള്ള സർക്കാർ നീക്കം ബോധേശ്വരന്റെ കേരള ഗാനം മറന്ന്‌. സാംസ്കാരിക വകുപ്പ് ബോധേശ്വരന്റെ പാട്ട് അംഗീകരിച്ചത് 10 വർഷം മുൻപ്. പ്രമുഖർ വരെ ഏറ്റെടുത്ത പാട്ട് തഴഞ്ഞാണ് സര്‍ക്കാര്‍ പുതിയ ഗാനത്തിനുള്ള നീക്കവുമായി മുന്നോട്ട് പോകുന്നത്. അഖണ്ഡ കേരളം സ്വപ്നം കണ്ടാണ് കവി ബോധേശ്വരന്‍ "ജയജയ കോമള കേരള ധരണി" എന്ന ഗാനം രചിച്ചത്. ഇതാണ് കേരളഗാനമായി കണക്കാക്കുന്നത്. 10 വര്‍ഷം മുമ്പ് അന്ന് അധികാരത്തിലായിരുന്ന ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ ഈ ഗാനം കേരളത്തിന്‍റെ സാംസ്കാരിക ഗാനമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെ മറ്റൊരു ഗാനത്തെ കേരളഗാനമായി അവതരിപ്പിക്കാനുള്ള സർക്കാർ നീക്കമാണ് ഇപ്പോൾ വിവാദത്തിലായത്.

കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു ബോധേശ്വരൻ. 1938 ലാണ് അദ്ദേഹം അഖണ്ഡ കേരളം എന്ന ലക്ഷ്യത്തോടെ ഈ ഗാനം രചിച്ചത്. ഐക്യകേരള പിറവിക്ക് ശേഷമുള്ള ആദ്യ കേരള നിയമസഭാ യോഗത്തിൽ ഈ ഗാനം ആലപിച്ചിരുന്നു. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി വാജ്പേയി അടക്കം ആലപിച്ചതായിരുന്നു ഈ ഗാനം. വന്ദേ ഭാരത് എക്സ്പ്രസിന്റെ തിരുവനന്തപുരത്തെ ഉദ്ഘാടന ചടങ്ങിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനുമടക്കം ഇരിക്കുന്ന വേദിയിലാണ് ഈ ഗാനം ഒടുവിൽ ആലപിച്ച് കേട്ടത്.

Latest Videos

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി 2014 ലാണ് ഈ ഗാനത്തെ കേരളത്തിന്റെ ഔദ്യോഗിക സാംസ്കാരിക ഗാനമായി പ്രഖ്യാപിച്ചത്. സ്കൂളുകളിൽ ഈ ഗാനം ആലപിക്കാൻ അന്ന് സര്‍ക്കുലറും ഇറക്കിയിരുന്നു. സാംസ്കാരിക വകുപ്പിന്റെ ഔദ്യോഗിക ഗാനമായാണ് ഈ കേരള ഗാനത്തെ അംഗീകരിച്ചത്. ദേശീയ ഗാനം ഉണ്ടായിരിക്കെ കേരള ഗാനം വേണ്ടെന്ന ചര്‍ച്ചകൾക്ക് ഒടുവിലായിരുന്നു അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്റെ ഈ തീരുമാനം. ഈ ഗാനം അംഗീകൃതമായിരിക്കെയാണ് പുതിയൊരു കേരള ഗാനം എന്ന ആശയവുമായി സംസ്ഥാനത്ത് ഇടത് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. എന്നാൽ കേരള ഗാനം ഒന്നേയുള്ളൂവെന്നും അത് ബോധേശ്വരൻ രചിച്ചതാണെന്നും ഒരു വിഭാഗം സാംസ്കാരിക പ്രവര്‍ത്തകര്‍ പറഞ്ഞ് വെക്കുന്നു. 

ജയ ജയ കോമള കേരള ധരണി

click me!