കോഴിക്കോട് ബീച്ച് ആശുപത്രിയിൽ കാത്ത് ലാബ് നിലച്ചിട്ട് 6 മാസം; ദുരിതത്തിലായി നൂറിലധികം നിർധന രോ​ഗികൾ

By Web TeamFirst Published Sep 7, 2024, 7:00 AM IST
Highlights

സ്റ്റെന്‍റും ഉപകരണങ്ങളും നല്‍കിയ കമ്പനികള്‍ക്ക് കൊടുക്കാനുള്ള രണ്ടരകോടിയോളം രൂപ കുടിശ്ശികയായതോടെയാണ് കാത്ത് ലാബിന്‍റെ പ്രവര്‍ത്തനം നിലച്ചത്.
 

കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിലെ കാത്ത് ലാബിന്‍റെ പ്രവര്‍ത്തനം നിലച്ചതോടെ ആന്‍ജിയോ പ്ലാസ്റ്റിയുള്‍പ്പെടെ നിര്‍ത്തി വെച്ചിട്ട് ആറു മാസം. നൂറിലധികം നിര്‍ധന രോഗികളാണ് ബീച്ച് ആശുപത്രിയില്‍ ആന്‍ജിയോ പ്ലാസ്റ്റി ചെയ്യാനായി പേര് നല്‍കി കാത്തിരിക്കുന്നത്. സ്റ്റെന്‍റും ഉപകരണങ്ങളും നല്‍കിയ കമ്പനികള്‍ക്ക് കൊടുക്കാനുള്ള രണ്ടരകോടിയോളം രൂപ കുടിശ്ശികയായതോടെയാണ് കാത്ത് ലാബിന്‍റെ പ്രവര്‍ത്തനം നിലച്ചത്.

ചേളന്നൂര്‍ സ്വദേശിയായ ഇന്ദിരക്ക് കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മാസങ്ങള്‍ക്ക് മുമ്പാണ് ആന്‍ജിയോപ്ലാസ്റ്റി ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്. സ്വകാര്യ ആശുപത്രിയില്‍ പോകാന്‍ പണമില്ലാത്തതിനാല്‍ ബീച്ച് ആശുപത്രിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയാണ് ഇപ്പോഴും. അതു വരേയും കഴിക്കേണ്ട മരുന്നിന് പണം കണ്ടെത്താന്‍ പോലും ബുദ്ധിമുട്ടാണ്.

Latest Videos

ഇന്ദിരയപ്പോലെ നൂറിലധികം ഹൃദ്രോഗികളാണ് ആന്‍ജിയോ പ്ലാസ്റ്റിക്കായി ബീച് ആശുപത്രിയില്‍ പേര്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്. രണ്ടര കോടി രൂപയോളം കുടിശ്ശികയായതോടെയാണ് ആന്‍ജിയോ പ്ലാസ്റ്റിക്കുപയോഗിക്കുന്ന സ്റ്റെന്‍റും മറ്റ് ഉപകരണങ്ങളും വിതരണം ചെയ്യുന്നത് ഏപ്രില്‍ ഒന്നു മുതല്‍ കമ്പനികള്‍ നിര്‍ത്തിയത്.

നേരത്തെയുണ്ടായിരുന്ന സ്റ്റോക്ക് ഉപയോഗിച്ച് ആന്‍ജിയോഗ്രാം നടത്തിയിരുന്നെങ്കിലും വൈകാതെ അതും നിര്‍ത്തേണ്ടി വന്നു. അതോടെ കാത്ത് ലാബിന്‍റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. 11 കോടി രൂപയോളം മുടക്കിയാണ് ബീച്ച് ആശുപത്രിയില്‍ കാത്ത് ലാബ് പ്രവര്‍ത്തനം തുടങ്ങിയത്. പ്രവര്‍ത്തിക്കാതെ കിടന്നാല്‍ ലാബിലെ ഉപകരണങ്ങള്‍ കേടു വരുമെന്ന ആശങ്കയുമുണ്ട്. കാരുണ്യ പദ്ധതി പ്രകാരം സര്‍ക്കാരില്‍ നിന്നും പണം ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.

click me!