പൗരന്മാരെ  സംരക്ഷിക്കാനുള്ള ബാധ്യത സർക്കാറിന്, തെരുവ് നായ്ക്കളെ അടിച്ച്കൊന്ന് നിയമം കൈയിലെടുക്കരുത്: ഹൈക്കോടതി

By Web Team  |  First Published Sep 14, 2022, 5:58 PM IST

പൊതുനിരത്തിലെ അക്രമകാരികളായ നായ്ക്കളെ കണ്ടെത്തി മാറ്റിപ്പാർപ്പിക്കണം. ഇക്കാര്യത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ മറ്റന്നാൾ അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.


കൊച്ചി: സംസ്ഥാനത്തെ തെരുവ് നായകളുടെ ആക്രമണത്തില്‍നിന്ന്  പൗരന്മാരെ  സംരക്ഷിക്കാനുള്ള ബാധ്യത സർക്കാറിനുണ്ടെന്ന് ഹൈക്കോടതി. പൊതുനിരത്തിലെ അക്രമകാരികളായ നായ്ക്കളെ കണ്ടെത്തി മാറ്റിപ്പാർപ്പിക്കണം. ഇക്കാര്യത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ മറ്റന്നാൾ അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.  തെരുവ് നായ്ക്കളെ അടിച്ചുകൊന്ന് ജനം നിയമം കൈയിലെടുക്കരുതെന്നും കോടതി പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി സർക്കാർ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണം. പൊതു അവബോധത്തിനായി പൊലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാനത്തെ തെരുവുനായ ആക്രമങ്ങളുടെ പശ്ചാത്തലത്തിൽ പ്രത്യേക സിറ്റിങ് നടത്തിയാണ് ഹൈക്കോടതി ഉത്തരവ്. 

എറണാകുളം തൃപ്പൂണിത്തുറയില്‍ എരൂരിൽ തെരുവ് നായകളെ വിഷം കൊടുത്ത് കൊന്ന സംഭവത്തിൽ കേസെടുത്ത് റിപ്പോർട്ട്‌ നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്കാണ് ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകിയത്. ഇന്നലെയാണ് അഞ്ച് തെരുവുനായകളെ തൃപ്പൂണിത്തുറ എരൂരിൽ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയത്. നായ്ക്കളുടെ ആന്തരികാവയവങ്ങൾ മൃഗസംരക്ഷണ വകുപ്പ് പരിശോധനയ്ക്ക് വേണ്ടി കാക്കനാട്ടെ റീജിയണൽ ലാബിലേക്ക് കൈമാറിയിട്ടുണ്ട്. പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ സ്വീകരിക്കുക. ശല്യം രൂക്ഷമായതോടെ നായ്ക്കളെ വിഷം കൊടുത്ത് കൊന്നതാണെന്നാണ് പൊലീസ് നിഗമനം. ഏത് വിഷമാണ് നൽകിയതെന്ന് തിരിച്ചറി‍യുന്നതോടെയാണ് ഉദ്യോഗസ്ഥർ മറ്റ് നടപടികളിലേക്ക് കടക്കുക. 

Latest Videos

 സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമാണ്. ഇടുക്കിയിൽ രണ്ട് പേർക്ക് ഇന്ന് കടിയേറ്റു. ഇടുക്കിയിലും എറണാകുളത്തുമായി വളർത്ത് ആടുകളേയും കോഴികളേയും നായകൾ കടിച്ചു കൊന്നു. ഇടുക്കിയിൽ നിർമല സിറ്റി സ്വദേശി ലളിതാ സോമനാണ് കടിയേറ്റത്. രാവിലെ കടയിൽ പോകുന്നതിനിടെ പിറകെ എത്തിയ നായ മുതികിന് കടിച്ച് വീഴ്ത്തുകയായിരുന്നു. കരച്ചിൽ കേട്ട് ഓടിയെത്തിയ മകനാണ് നായയെ തുരത്തിയത്. പരിക്കേറ്റ ലളിത കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. നിർമ്മല സിറ്റിയിൽ തന്നെയുള്ള പ്ലാത്തോട്ടത്തിൽ അരുൺ മോഹനും ഇന്നലെ പട്ടി കടിയേറ്റിരുന്നു. രാത്രി വീടിനു മുന്നിൽ നിൽക്കുമ്പോഴാണ് അരുണിനെ തെരുവുനായ കടിച്ചത്. എറണാകുളം കോതമംഗലം വാരപ്പെട്ടിയിൽ മൂന്ന് ആടുകളെ നായകൾ കടിച്ചു കൊന്നു. ഒരാടിനെ കടിച്ച്  ഗുരുതരമായി പരിക്കേല്‍പ്പിച്ചു. കക്കാട്ടൂരിലെ പ്ലാക്കോട്ട് ശിവശങ്കരൻ നായരുടെ ആടുകളെയാണ് തെരുവുനായ്ക്കൾ ആക്രമിച്ചത്.

തലസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം; വൃദ്ധയുടെ മുഖത്തും കാലിനും കടിയേറ്റു

click me!